സ്വവര്‍ഗാനുരാഗികളെ വേട്ടയാടാന്‍ പോവാതിരുന്ന പ്രവാചക മാതൃക ഉള്‍പ്പെടെ ഇസ്‌ലാമിക ചരിത്രത്തിലും അതിന് വ്യത്യസ്ത ഉദാഹരണങ്ങളും വീക്ഷണങ്ങളുമുണ്ട്. അതെന്തോ ആവട്ടെ, രണ്ടാമത്തെ പ്രശ്‌നം ഗൗരവമാണ്. സ്വവര്‍ഗാനുരാഗികളെ വേട്ടയാടണമെന്ന വാദം എല്ലാ അര്‍ത്ഥത്തിലും മുസ്‌ലിം ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ സംഘ് പരിവാര്‍ ഉപയോഗിക്കുന്ന രീതി ശാസ്ത്രവുമായി അത്ഭുതകരമായ സാമ്യമുള്ളതാണ്. അതേ രീതിയിലുള്ള അപരവല്‍കരണവും 'പ്രകൃതി വിരുദ്ധതയും' ഇവിടെയും ആവര്‍ത്തിക്കപ്പെടുന്നു.
ഫാസിസ്റ്റ് ശക്തികള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള തിരുത്തലുകളോ നവീകരണമോ ആവശ്യമില്ല. ഏറ്റവും അധമവും പിന്തിരിപ്പനുമായ ആശയങ്ങളുടെ പുറത്താണ് ഫാസിസം നിലകൊള്ളുന്നത്. എല്ലാ രീതിയിലുള്ള പുരോഗമന ചിന്തകളേയും തടയുന്നതും ഏറ്റവും പ്രാകൃതമായ ചിന്തകളെ പുല്‍കുന്നതുമാണ് അതിന്റെ മോഡസ് ഓപരാന്റി.
പക്ഷേ ഇതിന് നേര്‍ വിപരീതമാണ് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം, അഥവാ അങ്ങനെ ആയാല്‍ മാത്രമേ അതിന് പ്രസക്തിയുള്ളൂ. സ്വയം നവീകരിക്കാനും തിരുത്താനും തയ്യാറാവാത്ത ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ചാപിള്ളയാണ്. ഫാസിസത്തിന് ആശയപരമായ ബദല്‍ അവതരിപ്പിക്കാനും അത് തങ്ങള്‍ക്കിടയില്‍ പ്രയോഗവല്‍ക്കരിക്കാനും അതിന്റെ ഇരകള്‍ക്ക് സാധിക്കുന്നില്ല എന്നതാണ് ഇന്ത്യയില്‍ സംഘപരിവാറിന്റെ ഏറ്റവും വലിയ വിജയം.
പൗരോഹിത്യ അച്ചില്‍ വാര്‍ത്തെടുത്ത മുസ്‌ലിം സമുദായം സ്വാഭാവികമായും ഈ ദയനീയാവസ്ഥയുടെ പ്രതീകമായി നിലകൊള്ളുന്നു. LGBT വിഷയം, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങളില്‍ ഈ പ്രശ്‌നം എപ്പോഴും കാണാം. പെണ്‍കുട്ടികളെ വേദിയില്‍ നിന്ന് ആട്ടിയോടിക്കാന്‍ ഇക്കാലത്തും അവര്‍ക്കൊരു മടിയുമുണ്ടാവില്ല. ഇങ്ങനെ പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്നതിനും അപമാനിക്കുന്നതിനും ന്യായീകരണം തങ്ങളുടെ ‘മതവീക്ഷണം’ എന്നതായിരിക്കും. ഇതേ ആളുകള്‍ ലോകത്തെ ഏറ്റവും പുണ്യപളളിയായ മക്കയിലെ മസ്ജിദുല്‍ ഹറമിലും കഅബയിലും പോയി പെണ്ണുങ്ങളോട് തൊട്ടുരുമ്മി ഹജ്ജിന്റെ എല്ലാ കര്‍മങ്ങളും നമസ്‌കാരങ്ങളും നിര്‍വഹിക്കുന്നതിലെ ഇരട്ടത്താപ്പ് ചോദ്യം ചെയ്താല്‍ ‘വിശ്വാസത്തെ യുക്തി കൊണ്ട് അളക്കാന്‍ പറ്റില്ല ” എന്ന മറ്റൊരു പരിഹാസ്യ വാദമുയര്‍ത്തും.
LGBT വിഷയത്തില്‍ ഇതിനേക്കാള്‍ പരിഹാസ്യവും കപടവുമാണ് സമുദായത്തിന്റെ മുഖ്യധാരാ നിലപാട്, പ്രത്യേകിച്ചും ഇസ്‌ലാമിസ്റ്റുകളുടേത്. ശ്രദ്ധിക്കണം – ഒരു മുസ്‌ലിമിന് തന്റെ സ്വവര്‍ഗാനുരാഗം ഉള്‍ക്കൊണ്ട് ഇസ്‌ലാമിക ജീവിതം സാധ്യമാണോ അല്ലയോ എന്ന വിശ്വാസപരമായ ചോദ്യമല്ല ഇവിടെ പ്രശ്‌നം. മറിച്ച് സ്വവര്‍ഗാനുരാഗികളെ ഏറ്റവും ക്രൂരമായി വേട്ടയാടുന്ന നിയമങ്ങളും സാമൂഹിക സാഹചര്യങ്ങളും തുടരണോ എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. ആദ്യത്തേതില്‍ ഒരു മുസ്‌ലിം എന്ത് നിലപാടെടുക്കണം അല്ലെങ്കില്‍ എടുക്കരുത് എന്നതില്‍ ഇസ്‌ലാമിനകത്ത് തന്നെ നിരവധി വീക്ഷണങ്ങളും പുനര്‍ വായനകളും വരുന്നുണ്ട്.
സ്വവര്‍ഗാനുരാഗികളെ വേട്ടയാടാന്‍ പോവാതിരുന്ന പ്രവാചക മാതൃക ഉള്‍പ്പെടെ ഇസ്‌ലാമിക ചരിത്രത്തിലും അതിന് വ്യത്യസ്ത ഉദാഹരണങ്ങളും വീക്ഷണങ്ങളുമുണ്ട്. അതെന്തോ ആവട്ടെ, രണ്ടാമത്തെ പ്രശ്‌നം ഗൗരവമാണ്. സ്വവര്‍ഗാനുരാഗികളെ വേട്ടയാടണമെന്ന വാദം എല്ലാ അര്‍ത്ഥത്തിലും മുസ്‌ലിം ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ സംഘ് പരിവാര്‍ ഉപയോഗിക്കുന്ന രീതി ശാസ്ത്രവുമായി അത്ഭുതകരമായ സാമ്യമുള്ളതാണ്. അതേ രീതിയിലുള്ള അപരവല്‍കരണവും ‘പ്രകൃതി വിരുദ്ധതയും’ ഇവിടെയും ആവര്‍ത്തിക്കപ്പെടുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ സംഘപരിവാര്‍ ഐ.ടി സെല്ലിന്റെ പ്രചാരണങ്ങള്‍ ശ്രദ്ധിച്ചാലറിയാം മുസ്‌ലിങ്ങളെ പ്രാകൃതരും പ്രകൃതി വിരുദ്ധരുമാക്കി അവരുടെ മുസ്‌ലിം വേട്ടക്ക് പാകപ്പെട്ട മണ്ണൊരുക്കുകയായിരുന്നുവെന്ന്. തബ്ലീഗുകാരുടെ ‘തുപ്പലും’, ആനയുടെ വായില്‍ പടക്കം വെച്ച് നിഷ്ഠൂരമായി കൊന്ന മലപ്പുറത്ത്കാരും, ‘പ്രാകൃത വസ്ത്ര’ ധാരണ രീതിയുടെ ഭാഗമായ താടിയും ഹിജാബും, ഹലാല്‍ വിവാദങ്ങളുമെല്ലാം ഇതിനടിവരയിടുന്നു.
സ്വവര്‍ഗ ലൈംഗികതയില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കാനുള്ള നിയമം സുപ്രീം കോടതി വലിച്ചെറിഞ്ഞപ്പോള്‍ മുസ്‌ലിം നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണങ്ങളില്‍ മനുസ്മൃതിയും ഭാരതീയ പാരമ്പര്യവും നിറഞ്ഞൊഴുകിയത് സ്വാഭാവികമായിരുന്നു. ഏറ്റവും നീചമായ ഭാഷയും ശൈലിയും ഉപയോഗിച്ച് സ്വവര്‍ഗാനുരാഗത്തെ നേരിടുന്നതില്‍ മുന്‍പന്തിയിലുള്ളത് മുസ്‌ലിങ്ങള്‍, പ്രത്യേകിച്ചും ഇസ്‌ലാമിസ്റ്റുകളാണ്.
ഒരു വശത്ത് സംഘപരിവാറിനെതിരായി ജനാധിപത്യവും വ്യക്തി സ്വാതന്ത്രവും ആയുധമാക്കി പോരാടുമ്പോള്‍ അതേ ആയുധങ്ങളുപയോഗിച്ച് പോരാടുന്ന ക്വിയര്‍ മൂവ്‌മെന്റിനെതിരെ സംഘ് പരിവാര്‍ മാതൃകയില്‍ തന്നെയാണിവര്‍ പ്രതികരിക്കുന്നത്. അടിമുടി കാപട്യത്തില്‍ പൊതിഞ്ഞ ഈ നിലപാടിനെ തന്ത്രപരമായി അവതരിപ്പിക്കുന്നതിന്റെ ഭാഗമാണ് തങ്ങള്‍ സ്വവര്‍ഗാനുരാഗികളുടെ വ്യക്തി ജീവിതത്തിലല്ല, അതിന്റെ രാഷ്ട്രീയത്തോടാണ് പോരാടുന്നത് എന്ന് പറയുന്നത്.
യഥാര്‍ത്ഥത്തില്‍ ക്വിയറിന്റെ രാഷ്ട്രീയമെന്നത് അവരുടെ വ്യക്തി ജീവിതത്തില്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ട ഏറ്റവും അടിസ്ഥാന അവകാശങ്ങള്‍ കിട്ടാനുള്ള പോരാട്ടം മാത്രമാണ്. ക്വിയര്‍ വ്യക്തിത്വം അല്ലാത്തവര്‍ അങ്ങനെയാവണമെന്നോ ക്വിയര്‍ അല്ലാത്തവര്‍ ഏതെങ്കിലും രീതിയില്‍ മാറണമെന്നോ അവരാരും പറയുന്നില്ല. ഈ രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തിയാല്‍ പിന്നെ ബാക്കിയാവുന്നത് തങ്ങളുടെ ലൈംഗിക വ്യക്തിത്വം ആരെയും അറിയിക്കാതെ, സമാന മനസ്‌കരുമായി പോലും പങ്കുവെക്കാന്‍ സാധിക്കാതെ നിഗൂഢ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരാവുന്ന ഒരു വിഭാഗമാണ്. ഇതാണ് തികഞ്ഞ ഹോമോഫോബികുകളായ ഇസ്‌ലാമിസ്റ്റുകള്‍ ‘രാഷ്ട്രീയത്തോടാണ് വിയോജിക്കുന്നത്’ എന്ന് പറയുമ്പോള്‍ ആഗ്രഹിക്കുന്നതും.
തങ്ങളുടെ ശരികള്‍ക്കും ‘വിശ്വാസങ്ങള്‍ക്കും’ അപ്പുറത്തുള്ളവര്‍ അദൃശ്യരും അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന രണ്ടാം കിട പൗരന്മാരും ആയി ജീവിക്കണമെന്നാണ് അവര്‍ പറയാതെ പറയുന്നത്. ഈ ആഗ്രഹത്തിനും നിലപാടിനും സംഘ് പരിവാറിന്റെ അല്ലെങ്കില്‍ ഇസ്‌ലാമോഫോബികുകളായവരുടെ മുസ്‌ലിം വിരുദ്ധ നിലപാടിനോടുള്ള അല്‍ഭുതകരമായ സാമ്യം കാണാതിരുന്ന് കൂടാ. തങ്ങളുടെ വിശ്വാസത്തിന്റെയോ ശീലങ്ങളുടേയോ ഭാഗമായ വസ്ത്രങ്ങളും ആഹാര രീതികളും എല്ലാമുപേക്ഷിച്ച് അതൊന്നും പറയാനോ പ്രചരിപ്പിക്കാനോ അവകാശമില്ലാത്ത മുസ്‌ലിങ്ങളാണ് സംഘ് പരിവാര്‍ ലക്ഷ്യമിടുന്നത്. മുസ്‌ലിങ്ങളുടെ വിശ്വാസങ്ങളും രീതികളും അവരുടെ ‘സ്വകാര്യ ജീവിതത്തില്‍’ മാത്രമായി ഒതുങ്ങുമ്പോള്‍ തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും ‘മുസ്‌ലിം രാഷ്ട്രീയം’ ആണ് തങ്ങളുടെ പ്രശ്‌നമെന്നും സംഘപരിവാര്‍ പതിവായി പറയുന്നതാണ്. അലി അക്ബര്‍ തൊട്ട് അബ്ദുല്‍ കലാം വരെ സംഘികള്‍ക്ക് മാതൃകാ മുസ്‌ലിങ്ങളായി മാറുന്ന പശ്ചാത്തലവും ഇതാണ്.
ഭീകരമായ അധികാര ശേഷിയും മൂന്ന് സഹസ്രാബ്ദത്തിലധികത്തെ അതിജീവന ശേഷിയുമുള്ള ബ്രാഹ്മണിസത്തെ കടഞ്ഞെടുത്തതാണ് സംഘപരിവാറിന്റെ ആശയാടിത്തറ. അതിനെ മുസ്‌ലിങ്ങളിലെ ഏതെങ്കിലും വിഭാഗവുമായി ഏകീകരിക്കുന്നതും സമീകരിക്കുന്നതും ആശയ പരമായും ചരിത്രപരമായും രാഷ്ട്രീയപരമായും തെറ്റാണ്. രണ്ടും രണ്ട് രീതിയില്‍ കാണേണ്ടതും പ്രതികരിക്കേണ്ടതുമാണ്. പക്ഷേ സമുദായകത്തും പുറത്തുമുള്ള പെണ്ണുങ്ങളോടും ന്യൂനപക്ഷങ്ങളോടുമുള്ള സമീപനത്തില്‍ സംഘപരിവാറിന്റെ രീതി ശാസ്ത്രമാണ് സമുദായത്തിലെ ഒരു വിഭാഗം പിന്തുടരുന്നത് എന്നത് യാഥാര്‍ത്ഥ്യമാണ്.
പക്ഷേ LGBT വിഷയത്തോളം ഈ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന മറ്റൊന്നുണ്ടാവില്ല. അവര്‍ക്ക് സമുദായത്തില്‍ കിട്ടുന്ന സ്വീകാര്യത പ്രശ്‌നത്തിന്റെ ഗൗരവം കൂട്ടുന്നു. ആധുനിക കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമായ ഒരു വിമോചന പ്രത്യയ ശാസ്ത്രമായി മാറണമെങ്കില്‍ ഇസ്‌ലാമിക സമൂഹം സമൂലമായി മാറേണ്ടതുണ്ട് എന്നതിന് ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്ന വിവാദങ്ങള്‍ അടിവരയിടുന്നു.
ഒരു ചലനാത്മക പ്രത്യയശാസ്ത്രമായി അതിന്റെ എല്ലാ ബഹുസ്വരതകളോടെയും ഇസ്‌ലാമിനെയും അതിന്റെ വ്യത്യസ്ത വ്യാഖ്യാനങ്ങളേയും കാണാനും വിയോജിക്കുന്ന ആശയങ്ങളോട് തീര്‍ത്തും ജനാധിപത്യപരമായും മാന്യമായും സംവദിക്കാനും ഇടപഴകാനും കഴിയുകയും ചെയ്യുന്ന ഒരു സമുദായത്തിനേ ഫാസിസത്തെ നേരിടാന്‍ സാധിക്കൂ. നീതി നിഷേധത്തിന്റെ ഏറ്റവും വലിയ ഇരകളായ മുസ്‌ലിങ്ങള്‍ക്ക് സമുദായത്തിനകത്തും പുറത്തുമായി നടക്കുന്ന നീതി നിഷേധങ്ങള്‍ മനസ്സിലാക്കാന്‍ മാറ്റാരേക്കാളും വേഗത്തില്‍ സാധിക്കേണ്ടതുണ്ട്.
അതിന് സാധിക്കുന്നില്ലെങ്കില്‍ അവര്‍ പറയുന്ന ഫാസിസ്റ്റ് വിരുദ്ധതയുടെ അടിസ്ഥാനം അവസരത്തിന്റെ അഭാവം മാത്രമാണെന്ന് വിലയിരുത്തേണ്ടി വരും. സമുദായ സംരക്ഷകരായി ചമയുന്ന പൗരോഹിത്യ നേതൃത്വത്തിലും വ്യക്തികളിലും പെട്ട പലരും ഇപ്പോള്‍ തെളിയിക്കാന്‍ ശ്രമിക്കുന്നതും അതാണ്. സംഘപരിവാറിന്റെ നീതി നിഷേധത്തിനെതിരില്‍ ഏറ്റവും ശക്തമായി പ്രതികരിക്കുന്നവര്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും ക്വിയര്‍ രാഷ്ട്രീയത്തെ അധിക്ഷേപിക്കാനും തകര്‍ക്കാനും ശ്രമിക്കുമ്പോള്‍ അവര്‍ സാധൂകരിക്കുന്നത് അവസരത്തിന്റെ അഭാവം കൊണ്ട് മാത്രം പുറത്ത് വരാതിരിക്കുന്ന അവര്‍ക്കുള്ളിലെ ഫാസിസ്റ്റ് മനോഭാവവും ജനാധിപത്യ വിരുദ്ധതയുമാണ്.
Content Highlight: Nasirudheen writes about the need for Muslim community to accept the LGBTQIA+