| Tuesday, 18th January 2022, 6:29 pm

മുഹമ്മദ് ബിന്‍ സല്‍മാനെ പഠിപ്പിച്ച പാഠം മുഹമ്മദ് ബിന്‍ സായിദിനെയും പഠിപ്പിക്കുകയാണ് ഹൂതികള്‍

നാസിറുദ്ദീന്‍

യെമന്‍ യുദ്ധത്തിന്റെ ഭീകരത ഏതെങ്കിലും കണക്കുകള്‍ വഴി പറയാന്‍ ശ്രമിക്കുന്നതിലെല്ലാം അര്‍ത്ഥമില്ലാതായി. നിരപരാധികളായ ലക്ഷക്കണക്കിന് യെമനികള്‍ അക്ഷരാര്‍ത്ഥത്തില്‍ നരകയാതന അനുഭവിക്കുന്നു എന്ന് മാത്രം പറയാം. യെമനിലെ ആശുപത്രികളും സ്‌കൂളുകളും വരെ പതിവായി സഖ്യകക്ഷികള്‍ എന്നറിയപ്പെടുന്ന സൗദി-യു.എ.ഇ സേനയുടെ ബോംബാക്രമണത്തിന് വിധേയമാവുന്നു.

ലോകത്ത് ജി.ഡി.പി തോതനുസരിച്ച് ഏറ്റവുമധികം പണം ചിലവഴിക്കുന്ന അഞ്ച് രാജ്യങ്ങളില്‍ പെടുന്ന രണ്ട് രാജ്യങ്ങളാണ് സൗദിയും യു.എ.യും. ഈ രണ്ട് രാജ്യങ്ങളുടെ നിരന്തര ബോംബാക്രമണങ്ങളാണ് ഒരു രാജ്യത്തെ തകര്‍ന്ന് തരിപ്പണമാക്കിയത്.

സൗദി, യു.എ.ഇ, ഖത്തര്‍ എന്നീ ഏറ്റവും നിര്‍ണായകവും സമ്പന്നവുമായ മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ഭരിക്കുന്നത് ചോരത്തിളപ്പ് മാറാത്ത യുവാക്കളാണ്. തങ്ങളുടെ ഇരുപതുകളിലാണ് അറ്റമില്ലാത്ത സമ്പത്തും അധികാരവും ഇവരുടെ കയ്യിലെത്തുന്നത്. പഴയ തലമുറയിലെ പടുകിഴവന്മാരായ രാജാക്കന്‍മാരില്‍ നിന്ന് വ്യത്യസ്തമായി ഇവര്‍ തങ്ങളുടെ സമ്പത്തും അധികാര ശേഷിയും രാജ്യാതിര്‍ത്തിക്ക് അപ്പുറത്തേക്ക് എത്തിക്കാന്‍ ശ്രമിച്ചു.

സിറിയയിലെ തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട ഖത്തര്‍ പിന്നീട് ഗിയറൊന്ന് മാറ്റിപ്പിടിച്ചു. പക്ഷേ സൗദിയിലെ മുഹമ്മദ് ബിന്‍ സല്‍മാനും യു.എ.ഇയിലെ മുഹമ്മദ് ബിന്‍ സായിദും പിന്‍മാറിയില്ല. യെമന്‍, ലബനന്‍, ലിബിയ, ഖത്തര്‍ എന്നിങ്ങനെ തിരിച്ചടികള്‍ ഒന്നൊന്നായി നേരിട്ടപ്പോഴും അഹങ്കാരവും ധാര്‍ഷ്ട്യവും ഒട്ടും കുറക്കാതെ ഇവര്‍ സൈനിക നീക്കങ്ങളുമായി മുന്നോട്ട് പോയി.

ഇവരുടെ ഭ്രാന്തും അഹങ്കാരവും ഏറ്റവും കൃത്യമായി പ്രതീകവല്‍ക്കരിക്കുന്നതാണ് യെമന്‍ യുദ്ധം. 200 മില്യന്‍ ഡോളര്‍ എന്ന അതിഭീകരമായ സംഖ്യയാണ് സൗദി ഓരോ ദിവസവും ഇവിടെ ചിലവഴിക്കുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അങ്ങനെ വര്‍ഷങ്ങളായി യുദ്ധം ചെയ്യുന്നു. ഈ സംഖ്യയുടെ ആയിരത്തിലൊന്ന് പോലും ചിലവഴിക്കാന്‍ സാധിക്കാത്ത ഹൂതികളോട് പക്ഷേ, ഒരു നിലക്കും സൈനികമായി ജയിക്കാന്‍ സാധ്യമല്ലെന്ന് മുഹമ്മദ് ബിന്‍ സല്‍മാന് ഏകദേശം ബോധ്യപ്പെട്ടിട്ടുണ്ട്.

പൂത്ത കാശും കൂലിപ്പട്ടാളവും മാത്രമുണ്ടായാല്‍ നിശ്ചയദാര്‍ഡ്യമുള്ള ഒരു എതിരാളിയെ നേരിടാന്‍ സാധിക്കണമെന്നില്ല. നിരന്തരമായി സൗദി മണ്ണില്‍ ഹൂതി റോക്കറ്റുകള്‍ പതിക്കുന്നത്, പ്രത്യേകിച്ചും ഏക വരുമാനമാര്‍ഗമായ എണ്ണ സംഭരണ ശാലകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, മുഹമ്മദ് ബിന്‍ സല്‍മാന്റെ കണ്ണ് തുറപ്പിച്ചു. ഏതെങ്കിലും രീതിയില്‍ മുഖം രക്ഷിക്കാന്‍ പറ്റുന്ന ഒരു ഫോര്‍മുല തരപ്പെട്ടാല്‍ തടിയൂരാനും തയ്യാറാണ്.

മുഹമ്മദ് ബിന്‍ സല്‍മാനെയും സൗദിയെയും പഠിപ്പിച്ച ഈ പാഠം മുഹമ്മദ് ബിന്‍ സായിദിനെയും പഠിപ്പിക്കുകയാണ് ഇന്നലെ നടന്ന ഹൂതി ആക്രമണങ്ങളുടെ ലക്ഷ്യം. യെമനിലെ യുദ്ധം അതിന്റെ നിര്‍ണായക ഘട്ടത്തിലാണ്. സൗദിക്കല്ല ഇപ്പോഴതിന്റെ നേതൃത്വം, യു.എ.ഇക്കാണ്. തന്ത്രപ്രധാനമായ മാരിബ് പോലുള്ള സ്ഥലങ്ങളുടെ നിയന്ത്രണത്തിനായി ഹൂതികള്‍ ജീവന്‍മരണ പോരാട്ടത്തിലാണ്. ഇതിനേറ്റവും വലിയ തടസം യു.എ.ഇ ആണ്. ഈയടുത്ത് യു.എ.ഇ കാര്‍ഗോ കപ്പല്‍ ഹൂതികള്‍ തട്ടിയെടുത്തെങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയില്ല.

അന്താരാഷ്ട്ര തലത്തില്‍ സൗദിക്കും യു.എ.ഇക്കുമെതിരായി വലിയ വികാരമുണ്ടെങ്കിലും അതൊന്നും സൈനിക നടപടികളില്‍ നിന്ന് സൗദിയെയും യു.എ.ഇയെയും പിന്തിരിപ്പിക്കാന്‍ പര്യാപ്തമല്ല. പോരെങ്കില്‍ മാഞ്ചസ്റ്റര്‍ തൊട്ട് ന്യൂകാസില്‍ വരെയുള്ള ക്ലബുകളും പാപ്പരാകാന്‍ നില്‍ക്കുന്ന പല പാശ്ചാത്യ ബിസിനസുകളുമൊക്കെ നിലനിര്‍ത്തണമെങ്കില്‍ ഈ പെട്രോ ഡോളര്‍ വേണം. അഥവാ ഇവരുടെ രാഷ്ട്രീയ, സൈനിക തോന്ന്യാസങ്ങള്‍ക്കെതിരായി ക്രിയാത്മക നടപടികള്‍ ഒഴിവാക്കാനുള്ള കൈക്കൂലിയാണ് ഈ വന്‍കിട നിക്ഷേപങ്ങള്‍. എല്ലാറ്റിനുമപ്പുറം, ഈ യുദ്ധങ്ങളുടെ ചിലവെന്ന് പറഞ്ഞാല്‍ പാശ്ചാത്യ ആയുധക്കമ്പനികള്‍ക്കും അതിനെ ആശ്രയിക്കുന്ന അവരുടെ സമ്പദ്‌വ്യവസ്ഥക്കും വരവാണ്.

ഹൂതികളെ സംബന്ധിച്ചിടത്തോളം വിലക്കെടുക്കാന്‍ കാശോ ലോബിയിംഗ് വര്‍ക്കിനുളള ഏജന്‍സികളോ ഒന്നുമില്ല. ഇറാന്‍ പിന്തുണ പോലും പുറമേക്ക് പറയുന്ന രീതിയിലൊന്നുമില്ല. കൂടുതലും നയതന്ത്ര തലത്തിലൊതുങ്ങുന്നു. സ്വാഭാവികമായും യു.എ.ഇ മണ്ണില്‍ ആക്രമണം നടത്താനായാല്‍ മാത്രമേ യെമനിലെ സൈനിക നീക്കങ്ങളില്‍ അവര്‍ ഒരു പുനര്‍വിചിന്തനം നടത്തൂ എന്ന് ഹൂതികള്‍ കരുതുന്നു.

മേഖലയിലെ ജനങ്ങള്‍ സ്വാതന്ത്ര്യവും അന്തസ്സും ആവശ്യപ്പെട്ട് തെരുവിലിറങ്ങിയതായിരുന്നു അറബ് വസന്തം. തെഹ്രീര്‍ സ്‌ക്വയറിലും ടുണീഷ്യയിലും യെമനിലും തെരുവിലിറങ്ങിയ ആരും ഷിയാ-സുന്നി മുദ്രാവാക്യങ്ങളോ ഇസ്‌ലാമിക ശരീഅത്തോ ഒന്നും മുഴക്കിയില്ലായിരുന്നു. അന്നതിനെ ക്രൂരമായി അടിച്ചമര്‍ത്താനും ജനാധിപത്യത്തെ അട്ടിമറിക്കാനുമായിരുന്നു അറബ് ഏകാധിപതികളുടെ ശ്രമം. ഈ കൊടും ഭീകര നീക്കങ്ങള്‍ക്ക് പിന്നിലെ ഏറ്റവും വലിയ ചാലകശക്തി മുഹമ്മദ് ബിന്‍ സല്‍മാന്റെ സൗദിയും മുഹമ്മദ് ബിന്‍ സായിദിന്റെ യു.എ.ഇയുമായിരുന്നു. ഇപ്പോഴും അത് തുടരുന്നു.

അപ്പുറത്ത് ഇറാനും ‘ഷിയാ’ ചേരി രൂപപ്പെടുത്തിയെടുത്തു. ഫലത്തില്‍ ജനാധിപത്യത്തെ അട്ടിമറിക്കുക, തങ്ങളുടെ അധികാര സംവിധാനങ്ങള്‍ സംരക്ഷിക്കുക എന്നതാണ് രണ്ട് ചേരിയുടേയും ലക്ഷ്യം. നടപ്പിലാക്കുന്നത് രണ്ട് വ്യത്യസ്ത രീതിയിലാണെന്ന് മാത്രം. അതിനവര്‍ ഏറ്റവും നീചവും ക്രൂരവുമായ മാര്‍ഗങ്ങള്‍ തേടിയപ്പോള്‍ പതിനായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, ലക്ഷങ്ങളുടെ ജീവിതം നരകതുല്യമായി. പക്ഷേ അപ്പോഴും സൗദിക്കകത്തും യു.എ.ഇക്കകത്തും കാര്യങ്ങള്‍ ‘സുരക്ഷിതമായിരുന്നു’, അതാണിപ്പോള്‍ മാറുന്നത്. സൗദിയില്‍ നിരന്തരമായി ആക്രമണമഴിച്ച് വിടുന്ന ഹൂതികള്‍ അതേ വിജയകരമായ തന്ത്രത്തിന്റെ സ്വാഭാവിക തുടര്‍ച്ചയാണ് യു.എ.ഇയില്‍ നടപ്പിലാക്കുന്നത്.

                        അബുദാബിയിലുണ്ടായ സ്‌ഫോടനത്തില്‍ നിന്നുള്ള ദൃശ്യം

യു.എ.ഇയോടോ സൗദിയോടോ ഒരു തുറന്ന യുദ്ധത്തിലേര്‍പ്പെടാനുള്ള വിഭവശേഷിയോ മനസോ ഹൂതികള്‍ക്കില്ല. പക്ഷേ തങ്ങളുടെ നിലനില്‍പിനായി ഈ രാജ്യങ്ങളിലടക്കം ഇതുപോലുള്ള ആക്രമണങ്ങള്‍ നടത്താനുള്ള ശേഷിയുണ്ട്. അതാകട്ടെ മേഖലയിലുടനീളം ഈ സഖ്യത്തെ നേരിടുന്ന മിലീഷ്യകള്‍ പയറ്റുന്ന തന്ത്രവുമാണ്.

വാള്‍ സ്ട്രീറ്റ് ജേണല്‍ ലേഖകരായിരുന്ന ബ്രാഡ്‌ലി ഹോപും ജസ്റ്റിന്‍ ഷെക്കും ചേര്‍ന്നെഴുതിയ Blood and Oil: Muhammed Bin Salman’s Ruthless Quest for Global Power എന്ന പുസ്തകത്തില്‍ രസകരമായ ഒരു നിരീക്ഷണമുണ്ട്. 2019ല്‍ ഇറാന്‍ മിലീഷ്യകളെന്ന് കരുതപ്പെടുന്നവര്‍ അബ്‌ഖൈക് അടക്കമുള്ള നിര്‍ണായ എണ്ണസംസ്‌കരണ ശാലകള്‍ ആക്രമിച്ച സംഭവം. വളരെ കൃത്യവും ആസൂത്രിതവുമായിരുന്നു ഈ ആക്രമണമെന്ന് പറയുന്ന പുസ്തകം ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

പ്ലാന്റിന്റെ എളുപ്പത്തില്‍ നന്നാക്കാവുന്ന ഭാഗങ്ങള്‍ (മാത്രം) ആണ് ആക്രമിക്കപ്പെട്ടത്. കൂടുതല്‍ അടിസ്ഥാനപരമായ ഭാഗങ്ങള്‍ (ബോധപൂര്‍വ്വം) ലക്ഷ്യത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. വലിയ തോതില്‍ സൗദിയെ നശിപ്പിക്കാനോ സമ്മര്‍ദ്ദത്തിലാക്കാനോ മുതിരാതെ തങ്ങളുടെ ആക്രമണശേഷി ബോധ്യപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യമെന്ന് ചുരുക്കം. ഇന്നലത്തെ ഹൂതികളുടെ യു.എ.ഇ ആക്രമണവും ഈയൊരച്ചിലാണെന്ന് മനസ്സിലാക്കാം.

സൗദിയും യു.എ.ഇയുമൊക്കെ സുരക്ഷിതമാവണമെങ്കില്‍ അവര്‍ രണ്ട് കാര്യങ്ങള്‍ ചെയ്‌തേ മതിയാവൂ. ഒന്നാമതായി തങ്ങളുടെ അതിര്‍ത്തിക്കപ്പുറത്തുള്ളവര്‍ക്കും സുരക്ഷിതമായി ജീവിക്കാന്‍ അര്‍ഹതയുണ്ടെന്ന് അംഗീകരിക്കുകയും അവരുടെ ജനാധിപത്യ ബോധത്തെ മനസ്സിലാക്കുകയും ചെയ്യുക. പിന്നെ, കാശ് കൊടുത്താല്‍ ജയിക്കാന്‍ പറ്റാവുന്ന കുട്ടിക്കളിയാണ് യുദ്ധമെന്ന മണ്ടന്‍ചിന്ത ഒഴിവാക്കുക.

ഇല്ലെങ്കില്‍ പി.ആര്‍ വര്‍ക്കിലൂടെ കെട്ടിപ്പടുത്ത ടൂറിസവും ഇമേജും മാത്രമല്ല, ബാക്കിയുള്ളതും പോവാന്‍ സാധ്യതയുണ്ട്. മുഹമ്മദ് ബിന്‍ സല്‍മാന്‍ പോലും മനസ്സിലാക്കി വരുന്ന ഈ ലളിത പാഠം മുഹമ്മദ് ബിന്‍ സായിദും മനസ്സിലാക്കിയാല്‍ യെമനിലും ലിബിയയിലുമടക്കം ഒരുപാടിടത്ത് നിരപരാധികളുടെ ജീവനും ബാക്കിയാവുകയും ചെയ്യും.

നാസിറുദ്ദീന്‍ എഴുതിയ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Nasirudheen writes about the Houthi attack in Adu Dhabi in the backdrop of UAE-Saudi war in Yemen

നാസിറുദ്ദീന്‍

We use cookies to give you the best possible experience. Learn more