ചരിത്രപരമായി സൗദി അറേബ്യയില്‍ മൂന്ന് അധികാര കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. 1932ല്‍ ഇബ്‌നു സൗദ് എന്നറിയപ്പെട്ടിരുന്ന അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ സഊദ് ആണ് ആധുനിക സൗദി രാജ്യം സ്ഥാപിക്കുന്നത്. അന്നുതൊട്ട് ഇന്നേവരെ ഭരണതലത്തിലെ പ്രധാന അധികാര സ്ഥാനങ്ങളില്‍ 99 ശതമാനവും കയ്യടക്കി വെച്ചിരുന്ന ‘അല്‍ സഊദ്’ രാജ കുടുംബമാണ് ഇതില്‍ ഒന്നാമത്തെ അധികാര കേന്ദ്രം.
കറ കളഞ്ഞ രാജഭരണമായതിനാല്‍ അധികാരം സമ്പൂര്‍ണമായും ഇവരില്‍ കേന്ദ്രീകരിച്ചിരിക്കും. അത്യപൂര്‍വമായാണ് ‘അല്‍ സഊദ്’ വാലില്ലാത്തവര്‍ താക്കോല്‍ സ്ഥാനത്ത് വരുന്നത്.
ഇങ്ങനെ സമഗ്രാധിപത്യം കയ്യടക്കാനും ജനങ്ങളെ അടിമകളാക്കി വെക്കാനുമുള്ള സൈദ്ധാന്തിക ന്യായീകരണവും അടിത്തറയും ഒരുക്കുക എന്നതായിരുന്നു രണ്ടാമത്തെ അധികാര കേന്ദ്രമായ വഹാബിസ്റ്റ് പൗരോഹിത്യ വിഭാഗത്തിന്റെ ചുമതല. പകരം മതസ്ഥാപനങ്ങളുടെ മേലുള്ള നിയന്ത്രണം അവര്‍ക്ക് നല്‍കി. പോരാത്തതിന് അവരുടെ ഏറ്റവും പിന്തിരിപ്പനും സ്ത്രീവിരുദ്ധവുമായ പ്രാകൃത രീതികളും സങ്കല്‍പങ്ങളും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കാനുള്ള അധികാരവും അവകാശവും നല്‍കി. ഇത് പ്രായോഗികമായി നടപ്പിലാക്കാന്‍ മതകാര്യ പൊലീസ് എന്നൊരു സേന ഈയടുത്ത് വരെ സജീവമായിരുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ചവറ്റുകൊട്ടയിലെത്തേണ്ടിയിരുന്ന ഈ പ്രാകൃത സമ്പ്രദായത്തിന് വേണ്ട സുരക്ഷയൊരുക്കുക എന്നതായിരുന്നു മൂന്നാമത്തെ അധികാര കേന്ദ്രമായി നിലകൊണ്ട അമേരിക്കയുടെ ചുമതല. പകരം എണ്ണയുടെ മേലുള്ള നിയന്ത്രണവും ആയുധക്കമ്പനികള്‍ അടക്കമുള്ള അമേരിക്കന്‍ കുത്തക കമ്പനികള്‍ക്ക് രാജ്യ സമ്പത്ത് ഊറ്റിയെടുക്കാനുള്ള അവസരവും നിര്‍ബാധം നല്‍കി. അമേരിക്ക പിന്തുണച്ചില്ലെങ്കില്‍ സൗദി ഭരണകൂടം ആഴ്ചകള്‍ക്കുള്ളില്‍ നിലം പൊത്തുമെന്ന് തുറന്നടിച്ച ട്രംപിന്റെ വാക്കുകള്‍ ഓര്‍ക്കാം.
പരസ്പര പൂരകങ്ങളായ ഈ മൂന്ന് വിഭാഗങ്ങളും കൈകോര്‍ത്താണ് ഇക്കാലമത്രയും നീങ്ങിയിരുന്നത്. മൂന്ന് കൂട്ടര്‍ക്കും ലാഭമേ ഉണ്ടായിരുന്നുള്ളൂ. നഷ്ടം ഈ കൂട്ടുകെട്ടിന്റെ ഭാഗമല്ലാത്ത ജനങ്ങള്‍ക്ക് മാത്രമായിരുന്നു.
സഖ്യത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം അഫ്ഗാനിലായിരിക്കും. അഫ്ഗാനിലെ സോവിയറ്റ് താല്‍പര്യങ്ങള്‍ക്കെതിരായി അമേരിക്ക സമര്‍ത്ഥമായി ഇതുപയോഗപ്പെടുത്തി.
വര്‍ഷങ്ങള്‍ നീണ്ട ഓപ്പറേഷന്റെ പണത്തില്‍ കൂടുതലും അല്‍ സഊദിന്റെ വക, പോരാട്ടത്തിന് മതപരമായ പിന്‍ബലവും സൈദ്ധാന്തിക അടിത്തറയും ഒരുക്കാന്‍ വഹാബി പൗരോഹിത്യ വിഭാഗത്തെ ഉപയോഗപ്പെടുത്തി. പാക്/ അഫ്ഗാന്‍ മേഖലകളിലെ മദ്രസകളും മറ്റും ഇതിനായി വ്യാപകമായി ഉപയോഗിക്കപ്പെട്ടു. സ്വതവേ പിന്തിരിപ്പനായ ദയൂബന്ദി ആശയധാരക്കപ്പുറം വഹാബി ആശയധാരക്ക് പ്രാമുഖ്യമുള്ള മതപഠനങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കി, ഇപ്പോഴും താലിബാന്റെയും മറ്റും രൂപത്തില്‍ തുടരുന്നു.
അഭയാര്‍ത്ഥി ക്യാമ്പുകളിലെ നരക ജീവിതത്തോടൊപ്പം ഈ വഹാബി ചേരുവയും കൂടി സേവിച്ച കുട്ടികളാണ് ഇന്ന് താലിബാനായി ഇസ്‌ലാമിന്റെ പേരില്‍ ഏറ്റവും സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമായ ആശയം ഹിംസാത്മകമായി അടിച്ചേല്‍പിക്കുന്നത്.
അല്‍ സഊദിന്റെ പണക്കൊഴുപ്പില്‍ വഹാബിസം മുസ്‌ലിം ലോകത്തുടനീളം നിര്‍ണായക സ്വാധീനം നേടി. പണം മാത്രമല്ല, മക്ക- മദീന, ഹജ്ജ്- ഉംറ എന്നിവയുടെ മേലുള്ള നിയന്ത്രണം, സൗദിയിലേക്കുള്ള പ്രവാസം എന്നിവയെല്ലാം വഹാബിസത്തിന്റെ പ്രചാരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇസ്‌ലാമിന്റെ ‘ഏറ്റവും ശരിയായ’ രൂപമായി വഹാബിസം അവതരിപ്പിക്കപ്പെട്ടു. കേരളത്തില്‍ പോലും ഇന്ന് എല്ലാ മുസ്‌ലിം സംഘടനകളിലും ഈ സ്വാധീനം വളരെ ശക്തമാണ്.
‘ഭീകരതക്കെതിരായ യുദ്ധം’, അറബ് വസന്തം, ഐസിസ് തൊട്ട് താലിബാന്‍ വരെയുള്ള വഹാബിസ്റ്റ് സ്വാധീനം പ്രകടമായ തീവ്രവാദ കൂട്ടങ്ങളുടെ ചെയ്തികള്‍, ഏകാധിപത്യത്തില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള ലോകത്തിന്റെ പൊതുവായ മാറ്റം തുടങ്ങി നിരവധി ഘടകങ്ങള്‍ കാര്യങ്ങളെ മാറ്റിമറിച്ചു.
ഈ നിര്‍ണായക ഘട്ടത്തിലാണ് എടുത്തുചാട്ടത്തിന്റെയും അപക്വമായ തീരുമാനങ്ങളുടെയും പേരില്‍ ശ്രദ്ധേയനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്റെ ഇരുപതുകളില്‍ സൗദിയുടെ അധികാരം കൈപ്പിടിയിലൊതുക്കുന്നത്. മുഹമ്മദ് ബിന്‍ സല്‍മാനെ സംബന്ധിച്ചിടത്തോളം നിരന്തര തിരിച്ചടികളോടെയായിരുന്നു തുടക്കം. ബുദ്ധിശൂന്യമായ തീരുമാനങ്ങളും എടുത്തുചാട്ടങ്ങളും ഒന്നിന് പിറകെ ഒന്നായി തിരിഞ്ഞുകൊത്തി. യമന്‍ യുദ്ധം, ഖത്തര്‍ ഉപരോധം, ഖഷോഗ്ജി വധം, ലബനനില്‍ ഹരീരിക്കെതിരായ നീക്കം എല്ലാം പാളി.
പക്ഷേ ഈ തിരിച്ചടികളിലും പിടിച്ചുനിന്നു. അധികാരം നിലനിര്‍ത്താനുള്ള വഴികള്‍ ആലോചിക്കുന്നുണ്ട്. ഉപദേശകര്‍ പഴയ ആളുകളല്ല, പുതിയവരാണ്. അവരുടെ ചിന്തകളും വേറിട്ടതാണ്. എന്നോ കാലഹരണപ്പെട്ട പരമ്പരാഗത അധികാര കേന്ദ്രങ്ങള്‍ മൂന്നും ഒഴിവാക്കാനായിരുന്നു ശ്രമം. അധികാരം ഒരു വ്യക്തിയില്‍ മാത്രം കേന്ദ്രീകരിക്കുന്ന കറകളഞ്ഞ സ്വേച്ചാധിപത്യ വ്യവസ്ഥിതിയോടുള്ള ഇഷ്ടം മാത്രമല്ല കാരണം, ജനങ്ങള്‍ക്ക് ഈ പരമ്പരാഗത അധികാര കേന്ദ്രങ്ങളോടുള്ള വെറുപ്പ് തന്റെ പിന്തുണ കൂട്ടുമെന്നും കൂടി കണക്കുകൂട്ടുന്നു.
മൂന്ന് അധികാര കേന്ദ്രങ്ങളില്‍ ആദ്യം വെട്ടിയത് ‘അല്‍ സഊദ്’ രാജകുടുംബത്തെ തന്നെയായിരുന്നു. തനിക്കെതിരായ ഏറ്റവും അടുത്തതും ശക്തവുമായ ഭീഷണി ഒഴിവാക്കുക എന്നതായിരുന്നു ലക്ഷ്യം. കുടുംബത്തിലെ പ്രമുഖരെ ഒന്നടങ്കം ‘റിറ്റ്‌സ് കാള്‍ട്ടന്‍’ ഹോട്ടലില്‍ അത്യാവശ്യ യോഗത്തിനാണെന്ന് പറഞ്ഞ് വിളിച്ചുവരുത്തി. ഭീഷണിയും മര്‍ദനവും മറ്റുമായി എല്ലാവരേയും ഒതുക്കി.
സ്വത്തില്‍ നല്ലൊരു പങ്ക് കൈക്കലാക്കുകയും ചെയ്തു. പലരും ഇപ്പോഴും വീട്ടുതടങ്കലിലോ അജ്ഞാത കേന്ദ്രങ്ങളിലോ ആണ്. തന്റെ അധികാരത്തിന് ഏറ്റവും വലിയ ഭീഷണിയാവാന്‍ സാധ്യതയുള്ള പഴയ കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് ഇപ്പോഴും വീട്ടുതടങ്കലില്‍. അങ്ങനെ അല്‍ സഊദ് എന്ന വന്‍മരം വീണു. സ്വാഭാവികമായും ജനങ്ങള്‍ ഇതിനെ സ്വീകരിച്ചു.
വഹാബിസമായിരുന്നു അടുത്ത ലക്ഷ്യം. തങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നതിനും അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്നതിനും മാത്രം കാരണമായ ഇക്കൂട്ടരെ ആട്ടിയോടിക്കുന്നതും ജനങ്ങളില്‍ കൂടുതലും സ്വീകരിക്കുകയേ ഉള്ളൂ, പ്രത്യേകിച്ചും യുവ ജനത. മാറിയ ആഗോള സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തിലും വഹാബിസം ഏറെ വെറുക്കപ്പെട്ടതാണ്.
മുഹമ്മദ് വഹാബി പുരോഹിതരുടെ അവകാശങ്ങളും തിട്ടൂരങ്ങളും ഒന്നൊന്നായി എടുത്തുകളഞ്ഞു. മതകാര്യ പൊലീസിനെ കെട്ടിപ്പൂട്ടി. ഇതര മതസ്ഥരുടെ ആഘോഷങ്ങളോടുള്ള സമീപനമൊക്കെ മാറി തുടങ്ങുന്നത് ഈ പശ്ചാത്തലത്തിലാണ്. രാജ്യത്തെ അര്‍ധ ഔദ്യോഗിക പത്രമായി വിശേഷിപ്പിക്കപ്പെടുന്ന ‘അറബ് ന്യൂസ്’ ക്രിസ്മസ് ആഘോഷത്തിന് ആശംസ നേരാനായി ഒരു മുഴുവന്‍ പേജും മാറ്റി വെച്ചുകൊണ്ട് ചരിത്രം തിരുത്തിയെഴുതി.
വഹാബിസ്റ്റ് ആശയധാരയില്‍ നിന്നുവന്ന സങ്കുചിത മത വ്യാഖ്യാനങ്ങളോടും സ്ത്രീവിരുദ്ധ നിലപാടുകളോടും അകലം പാലിക്കാന്‍ ഭരണകൂടം ഇന്ന് ശ്രദ്ധിക്കുന്നുണ്ട്. സ്വപ്ന പദ്ധതിയായ ‘നിയോം’ ഇതിന്റെ കൂടി ഭാഗമാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. പെണ്ണുങ്ങള്‍ക്ക് ഡ്രൈവിങ് ലൈസന്‍സും ഭേദപ്പെട്ട സഞ്ചാര സ്വാതന്ത്രവും അനുവദിച്ചു. ഹജ്ജടക്കമുള്ള പല ആരാധനാ ചടങ്ങുകളിലും പെണ്ണുങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്രം അനുവദിച്ചു.
അമേരിക്കയെ പൂര്‍ണമായും കയ്യൊഴിഞ്ഞിട്ടില്ല, ആഗ്രഹമുണ്ടെങ്കിലും സാധിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജനാധിപത്യത്തിന്റെ ശല്യം ഒട്ടും ബാധിക്കാത്ത പുടിനും ചൈനയുമായൊക്കെ ബന്ധം മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും അതൊന്നും അമേരിക്കക്ക് ബദലാവില്ല. സൈനിക- സാമ്പത്തിക ബന്ധം ഏറെ ആഴത്തിലുള്ളതാണ്. വലിയ പരിക്കേല്‍പിക്കാന്‍ രണ്ട് കൂട്ടര്‍ക്കുമാവില്ല. ട്രംപിനെ പോലുള്ള ഒരു ‘സമാന ചിന്താഗതിക്കാരനെ’ വാഷിങ്ടണില്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും സാധ്യതയില്ല.
ഇങ്ങനെ പരമ്പരാഗത അധികാര ഘടനയിലെ മൂന്നില്‍ രണ്ടും തച്ചുടച്ചും മൂന്നാമത്തേത് വീര്യം കുറച്ചുമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്നോട്ട് പോകുന്നത്. 2023ല്‍ ഈ മാറ്റം കൂടുതല്‍ വേഗത്തിലാക്കാനാണ് സാധ്യത. പക്ഷേ അപ്പോഴും രാജ്യത്തെ ജനങ്ങള്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹിക്കുന്നതും ആഗ്രഹിക്കുന്നതും രാഷ്ട്രീയ സ്വാതന്ത്രവും ജനാധിപത്യവും നല്‍കുന്ന ഒരു വ്യവസ്ഥിതിയാണ്, സൗദിയിലും മേഖലയിലും.
അതിന് നേര്‍ വിപരീതമാണ് മുഹമ്മദിന്റെ ശൈലി. എതിര്‍ ശബ്ദങ്ങളെ മുഴുവന്‍ ക്രൂരമായി അടിച്ചമര്‍ത്തുകയാണ്. ഡ്രൈവിങ് ലൈസന്‍സ് പെണ്ണുങ്ങള്‍ക്ക് നല്‍കി തുടങ്ങിയെങ്കിലും അതിനായി സമരം ചെയ്ത പെണ്ണുങ്ങളൊക്കെ ഇപ്പോഴും ജയിലിലാണ്. യമന്‍ യുദ്ധം ഇപ്പോഴും പൂര്‍ണമായി അവസാനിച്ചിട്ടില്ല. മദ്യവും പബ്ബുമൊക്കെ വരുമെന്ന് പറയുമ്പോഴും ഏറ്റവും അടിസ്ഥാന രാഷ്ട്രീയ അവകാശം പോലും അംഗീകരിക്കുന്ന മട്ടില്ല.
മുഹമ്മദ് ബിന്‍ സല്‍മാന്‍ വെട്ടി നിരത്തിയ മറ്റുള്ള സംവിധാനങ്ങള്‍ പോലെ കാലഹരണപ്പെട്ടതാണ് മുഹമ്മദിന്റെ ഏകാധിപത്യ ഭരണവും എന്നതാണ് വാസ്തവം. ലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ വെട്ടിമാറ്റപ്പെടുമെന്ന് ഉറപ്പുള്ളത്.
Content Highlight: Nasirudheen write up on Saudi Arabia, MBS it’s views and politics