2011 ല്‍ സിറിയയില്‍ ജനാധിപത്യത്തിനായുള്ള പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ ആദ്യ ഘട്ടത്തില്‍ തന്നെ സജീവമായി നിലകൊണ്ട പ്രദേശമാണ് ഇപ്പോള്‍ ശവപ്പറമ്പായി മാറിയ ഗൂത. മറ്റിടങ്ങളിലെ പോലെ ഗൂതയിലും പ്രക്ഷോഭം തീര്‍ത്തും സമാധാനപരമായിരുന്നു. സമാധാന പരമായ ജനാധിപത്യ പ്രക്ഷോഭത്തിലെ അപകടം കൃത്യമായി തിരിച്ചറിഞ്ഞ പ്രസിഡന്റ് അസദ് രണ്ട് രീതിയിലാണ് ഇതിനെ നേരിട്ടത്. ഒന്ന്, സമരത്തിന് ഭീകരവാദ മുദ്ര ചാര്‍ത്താനുള്ള ആസൂത്രിത നീക്കങ്ങളാരംഭിച്ചു. ജയിലിലായിരുന്ന ഒട്ടേറെ തീവ്രവാദികളെ തുറന്ന് വിട്ടതതിന്റെ ഭാഗമായിരുന്നു. ഇറാനെ കൂട്ടു പിടിച്ച് വംശീയ മാനവും നല്‍കി.
രണ്ട്, സമരത്തെ നിഷ്ഠൂരമായി അടിച്ചമര്‍ത്തി. ഗൂതയില്‍ മാത്രം അര ഡസനോളം രാസായുധാക്രമണങ്ങള്‍ അസദിന്റെ സൈന്യം നടത്തിയതായി മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞിരുന്നു. ഫലത്തില്‍ സമാധാനപരമായ ഒരു ജനാധിപത്യ പ്രക്ഷോഭത്തെ വംശീയ, തീവ്രവാദ മാനങ്ങള്‍ നല്‍കി അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് അസദ് തുടക്കമിട്ടത്. ഇതിന്റെ ഫലമെന്നോണം ഇന്ന് അസദിനെതിരില്‍ പോരാടുന്ന റബലുകളില്‍ അല്‍ നുസ്‌റ(ഇപ്പോള്‍ ജബ്ഹത് ഫതഹുല്‍ ശാം) പോലുള്ള തീവ്ര വിഭാഗക്കാര്‍ മേല്‍ കൈ നേടി.
സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി മാത്രം കളത്തിലിറങ്ങിയ സൗദി, ഖത്തര്‍, തുര്‍ക്കി, അമേരിക്ക തുടങ്ങിയവരുടെ ബുദ്ധി ശൂന്യവും അപകടകരവുമായ ഇടപെടല്‍ അസദിന് കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്തു. നിര്‍ണായക ഘട്ടത്തില്‍ റഷ്യയുടെ പിന്തുണ കൂടി കിട്ടിയ അസദ് ജനങ്ങളും രാജ്യവും ഇല്ലാതായെങ്കിലും സാങ്കേതികാര്‍ത്ഥത്തില്‍ “പിടിച്ചു നിന്നു”. വടക്ക് ഭാഗം കുര്‍ദുകളുടെയും മറ്റ് ചിലയിടങ്ങള്‍ റബലുകളുടെയും നിയന്ത്രണത്തിലാണെങ്കിലും ഇപ്പോഴും തലസ്ഥാനവും ജനവാസമേഖലകളും അടങ്ങുന്ന പടിഞ്ഞാറ് ഭാഗം കൂടുതലും അസദിന്റെ നിയന്ത്രണത്തിലാണ്.
പക്ഷേ സാങ്കേതികാര്‍ത്ഥത്തിലുള്ള ഈ നിയന്ത്രണം തുടരുമ്പോഴും അസദ് ഗുരുതരമായ പ്രതിസന്ധിയിലാണ്. രാജ്യം സമ്പൂര്‍ണമായും തകര്‍ന്നു. ശക്തമായ ബോംബിങ്ങില്‍ 95 % കെട്ടിടങ്ങള്‍ വരെ തകര്‍ന്ന പ്രദേശങ്ങളുണ്ട്. സമ്പദ് വ്യവസ്ഥ എന്നൊന്നില്ല എന്ന് പറയുന്നതാവും കൂടുതല്‍ ശരി. യുദ്ധം മൂലം സമ്പദ് വ്യവസ്ഥക്ക് 226 ബില്യന്‍ ഡോളര്‍ നഷ്ടം വന്നതായി ലോക ബാങ്ക് കണക്കാക്കുന്നു, സൈന്യവും മറ്റ് ഭരണ സംവിധാനങ്ങളും ചോര തുപ്പുന്നു.
അന്താരാഷ്ട്ര നയതന്ത്ര രംഗത്താണെങ്കില്‍ രാജ്യം പൂര്‍ണമായും ഒറ്റപ്പെട്ടു. റഷ്യയും ഇറാനും കൂടി വെന്റിലേറ്ററൊരുക്കിയത് കൊണ്ട് മാത്രം ജീവന്‍ നില നില്‍ക്കുന്നു. യുദ്ധം തീര്‍ന്നാലും പുനര്‍ നിര്‍മാണത്തിന് ഏറ്റവും ചുരുങ്ങിയത് 200 ബില്യന്‍ ഡോളറെങ്കിലും വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അത് കണ്ടെത്താന്‍ റഷ്യക്കോ ഇറാനോ ഇന്നത്തെ സാഹചര്യത്തില്‍ ഒരു നിലക്കും സാധ്യമല്ല. മറ്റുള്ളവര്‍ സഹായിക്കാന്‍ തയ്യാറുമല്ല.
ഈ ഗുരുതര പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുള്ള രാഷ്ട്രീയ-നയതന്ത്ര നീക്കങ്ങളുടെ ഭാഗമായ സൈനിക നടപടികളാണ് ഗൂതയിലും മറ്റും ഇപ്പോള്‍ ആയിരങ്ങളെ കൊന്നു തള്ളുന്നത്. യു.എന്‍ കാര്‍മികത്വത്തില്‍ നടന്നിരുന്ന സമാധാന നീക്കങ്ങളെ അട്ടിമറിച്ച് റഷ്യന്‍ സ്‌പോണ്‍സേഡ് ചര്‍ച്ചാ നാടകങ്ങള്‍ക്കും കരാറിനും റബലുകളെ കൊണ്ടുവരാനാണ് ശ്രമം. റബലുകളേയും ജനങ്ങളേയും ഒരു പോലെ ലക്ഷ്യമിട്ടുള്ള നിരന്തരമായ ബോംബിങ്ങും ആക്രമണവും വഴി രണ്ടു കൂട്ടരേയും പരമാവധി സമ്മര്‍ദത്തിലാക്കണം.
സമാധാന ചര്‍ച്ചകള്‍ തുടങ്ങിയ കാലത്ത് നാല് കാര്യങ്ങളിലൂന്നിയായിരുന്നു ചര്‍ച്ച. എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യമായ ഒരു ഇടക്കാല സര്‍ക്കാര്‍, പുതിയ ഭരണഘടന, 18 മാസത്തിനകം സ്വതന്ത്രവും നീതിയുക്തവുമായ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ്, ഭീകരതക്കെതിരായി എല്ലാവരും ഒരുമിച്ചുള്ള പോരാട്ടം എന്നിവയായിരുന്നു ഇത്. സിറിയയിലെ റഷ്യന്‍ രാഷ്ട്രീയ/സൈനിക ഇടപെടല്‍ തുടക്കം തൊട്ട് ലക്ഷ്യമിട്ടതും അസദിനായി ഈ ചര്‍ച്ചകളെ അട്ടിമറിക്കുക എന്നതായിരുന്നു. റബല്‍ ഗ്രൂപ്പുകളെ സമ്മര്‍ദത്തിലാക്കാന്‍ കനത്ത ആക്രമണം നടത്തി.
തങ്ങള്‍ ഏറ്റവും വലിയ ഭീഷണിയായി കാണുന്ന കുര്‍ദുകള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ടാവുന്ന ഭാവി സിറിയയേക്കാള്‍ ഭേദം അസദാണെന്ന് തിരിച്ചറിഞ്ഞ തുര്‍ക്കി റബലുകള്‍ക്കുള്ള പിന്തുണ പിന്‍വലിച്ചത് റഷ്യക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. അലെപ്പോയിലായിരുന്നു തുടക്കം. റഷ്യന്‍ വ്യോമാക്രമണത്തിന്റെയും ഇറാന്‍ മിലീഷ്യകളുടെയും പിന്തുണയോടെ അസദ് സേന നടത്തിയ ആക്രമണത്തില്‍ റബലുകള്‍ പരാജയപ്പെട്ടു. തോറ്റ റബലുകളെ അവര്‍ക്ക് പിടിവള്ളിയില്ലാത്ത പ്രവിശ്യകളിലേക്ക് ആട്ടിയോടിച്ച് വേട്ടയാടാനും പിന്നീട് ഇവരെ “പിന്തുണച്ചിരുന്ന” ജനങ്ങളെ ശിക്ഷിക്കാനുമുള്ള ഏര്‍പ്പാടിനെ de-escalation എന്ന ഓമനപ്പേരിട്ട് വിളിച്ചു. ഇപ്പോള്‍ റഷ്യയും അസദും നിരന്തരം സംസാരിക്കുന്നതും ഈ de-escalation നെ പറ്റിയാവുന്നത് സ്വാഭാവികം.
അലെപ്പോയില്‍ ഇത് വിജയകരമായി നടപ്പിലാക്കി. ഇവിടെ നിന്ന് 2015 ഡിസംബറില്‍ ഇദ്‌ലിബിലേക്ക് ആട്ടിയോടിച്ച റബലുകളെ അവിടെ വെച്ച് വേട്ടയാടി. ആയുധവും തട്ടകവും ഉപേക്ഷിച്ച് വന്നവര്‍ക്ക് പ്രതിരോധം ഒരു ഒപ്ഷന്‍ പോലുമല്ലായിരുന്നു. അലെപ്പോയിലെ ജനങ്ങള്‍ക്ക് നേരെ റബലുകളുടെ അഭാവത്തില്‍ പ്രതികാര നടപടികള്‍ വ്യാപകവുമാക്കി. തീര്‍ത്തും നിസ്സഹായരായത് കൊണ്ട് ആര്‍ക്കും ഒന്നും ചെയ്യാനായില്ല. പിന്നീട് ഹുംസിലും ഹമയിലുമൊക്കെ ഈ പാറ്റേണ്‍ അവര്‍ത്തിക്കപ്പെട്ടു.
വിജയകരമായ ഈ മോഡസ് ഓപ്പരാണ്ടിയാണ് ഗൂതയില്‍ ആവര്‍ത്തിക്കാന്‍ നോക്കുന്നത്. പക്ഷേ മുന്‍കാല അനുഭവം മുന്നിലുള്ളത് കൊണ്ട് റബലുകളും ജനങ്ങളും വിട്ട് പോവുന്നില്ല. ആക്രമണം മുന്‍കാല നിലവാരമനുസരിച്ച് പോലും കൂടുതല്‍ ഭീകരവും ക്രൂരവുമാവുന്നതിന്റെ സാഹചര്യമിതാണ്. പക്ഷേ എത്ര കാലം പിടിച്ചു നില്‍ക്കാന്‍ പറ്റുമെന്ന ചോദ്യം പ്രസക്തമാണ്. ഇപ്പോള്‍ തന്നെ റബലുകള്‍ക്ക് വേഗം കീഴടങ്ങി അവശേഷിക്കുന്ന ജനങ്ങളെയെങ്കിലും രക്ഷിച്ചൂടെയെന്ന “നിഷ്‌കളങ്കമായ” ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്. അസദ് ആഗ്രഹിക്കുന്നതും ആ ചോദ്യങ്ങളാണ്.
ഗൂത കഴിഞ്ഞാല്‍ ഇദ്‌ലിബ് പോലുള്ള അവശേഷിക്കുന്ന റബല്‍ പോക്കറ്റുകളിലും ഇതാവര്‍ത്തിക്കപ്പെടും. സമാന്തരമായി സമാധാന ചര്‍ച്ചയെന്ന ലേബലില്‍ റഷ്യന്‍ സ്‌പോണ്‍സേര്‍ഡ് പൊറാട്ട് നാടകം നടക്കുന്നുണ്ട്. നാടകം പുരോഗമിക്കുന്ന മുറക്ക് നാല് കാര്യങ്ങളില്‍ നിന്ന് പതുക്കെ പതുക്കെ പിന്നോട്ട് പോവുന്നതും കാണുന്നു. ഇടക്കാല സര്‍ക്കാര്‍ ഇതിനകം തന്നെ അജണ്ടയില്‍ നിന്ന് വെട്ടി മാറ്റി. പുതിയ ഭരണഘടനയും അജണ്ടയിലില്ലെന്ന് സിറിയന്‍ സംഘം തുറന്നു പറയുന്നു. നിലവിലുള്ള 2012 ല്‍ തട്ടിക്കൂട്ടിയ ചവറ് തന്നെ തുടരുമെന്നാണവര്‍ പറയുന്നത്.
അവിടവിടെയായി ലേശം പഞ്ചാരയൊക്കെ ചേര്‍ക്കാമെന്ന് മാത്രമാണ് വാഗ്ദാനം. സൈന്യത്തെയോ മറ്റ് ഭരണ സംവിധാനങ്ങളെയോ പരിഷ്‌കരിക്കുന്നതും തള്ളിക്കളഞ്ഞു. ഫലത്തില്‍ അസദിന്റെ കാര്‍മികത്വത്തില്‍ ശക്തി കേന്ദ്രമായ മേഖലകളിലുള്ളവര്‍ മാത്രം വോട്ട് ചെയ്യുന്ന രീതിയില്‍ ഒരു തിരഞ്ഞെടുപ്പ് പ്രഹസനം നടത്തി അധികാരമുറപ്പിക്കാനാണ് റഷ്യന്‍ നേതൃത്വത്തിലുള്ള ശ്രമം. അഥവാ ലക്ഷങ്ങളെ ആട്ടിയോടിച്ചും പതിനായിരങ്ങളെ കൊന്നും അധികാരമുറപ്പിച്ച അസദിന്റെ ഭീകര ഭരണ കൂടത്തിന് അന്താരാഷ്ട്ര തലത്തില്‍ ലെജിറ്റിമസി നല്‍കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് റഷ്യയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഈ കൊടും ഭീകരതക്ക് ന്യായീകരണമായി പറയുന്നത് “ഭീകര വിരുദ്ധ പോരാട്ടം” ആണെന്നത് ക്രൂരമായ തമാശ. ഇപ്പോള്‍ അസ്താനയില്‍ എത്തി നില്‍ക്കുന്ന “സമാധാന ചര്‍ച്ചകളുടെ” ഉള്ളടക്കത്തില്‍ തന്നെ ഈ വൈരുദ്ധ്യം നിറഞ്ഞു നില്‍ക്കുന്നു.
കനത്ത ആഗോള സമ്മര്‍ദം വഴി അസദിനെ പിന്തിരിപ്പിക്കാമെന്നത് അമിത പ്രതീക്ഷയാണെന്ന് തോന്നുന്നു. അമേരിക്കയും ഇസ്രായേലുമല്ലാത്തത് കൊണ്ട് മുസ്‌ലിം ലോകം ഉറക്കത്തിലാണ്. റഷ്യയായത് കൊണ്ട് ഇടതുപക്ഷത്തും വലിയ താല്‍പര്യമില്ല. പാശ്ചാത്യര്‍ക്കാണെങ്കില്‍ ആയുധം വിറ്റു പോവണമെന്നും എണ്ണ പൈപ്പ് ലൈനുകള്‍ക്ക് ഒന്നും സംഭവിക്കരുതെന്നും മാത്രമേ പശ്ചിമേഷ്യയെ പറ്റി ആഗ്രഹമായുള്ളൂ. ജനാധിപത്യം ചോദിച്ച് വാങ്ങാനുള്ളതല്ല, ഞങ്ങള്‍ക്ക് സൗകര്യമുള്ളപ്പോള്‍ സൗകര്യമുള്ളിടത്ത് മാത്രം തരാനുള്ളതാണെന്നാണ് ഇവരെല്ലാം കൂടെ സിറിയക്കാരോട് പറയുന്നത്. നോബല്‍ ജേതാവ് തവക്കുല്‍ കര്‍മാന്‍ ഈയടുത്ത് സൂചിപ്പിച്ച പോലെ അറബ് വസന്തം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കുള്ള പരിഹാരം പുതിയ അറബ് വസന്തം മാത്രമാണ്.