|

കോടതിയിലും അസംബ്ലിയിലും ക്ലീന്‍ ബൗള്‍ഡാകുന്ന ഇമ്രാന്‍ ഖാന്‍

നാസിറുദ്ദീന്‍

ഇമ്രാന്‍ ഖാന്റെ താളത്തിനൊത്ത് തുള്ളി, അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നിഷേധിച്ച ഡപ്യൂട്ടി സ്പീകര്‍ ഖാസിം ഖാന്‍ സൂരിയുടെ നടപടി റദ്ദാക്കാനും ദേശീയ അസംബ്‌ളി പുനസ്ഥാപിക്കാനും ഉത്തരവിട്ട പാക് സുപ്രീംകോടതി വിധി ചരിത്രപരമാണ്. 

ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഐക്യകണ്‌ഠേന പ്രഖ്യാപിച്ച വിധി പാകിസ്ഥാനിലെ ഏറെ ദുര്‍ബലമായ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താനും ഏകപക്ഷീയവും സ്വേച്ചാധിപത്യപരവുമായ പതിവുരീതികള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള സാധ്യത ഒരുക്കുന്നതുമാണ്.

അഴിമതി വിരുദ്ധതയും ജനാധിപത്യാവകാശങ്ങളോടുള്ള പ്രതിബദ്ധതയും ആയുധമാക്കി ഭരണം പിടിച്ചെടുത്ത ഇമ്രാന്‍ ഖാന്‍ എന്ന നേതാവിന്റെ കനത്ത രാഷ്ട്രീയപരാജയം കൂടിയാണ്  അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഈ വിധി…

കൃത്യമായ ഭൂരിപക്ഷത്തോടെ അല്ലായിരുന്നുവെങ്കിലും 2018ല്‍ ഇമ്രാനെ അധികാരത്തിലേറ്റിയതില്‍ രണ്ട് ഘടകങ്ങളായിരുന്നു പ്രധാനം.

ഒന്ന്, പതിറ്റാണ്ടുകളുടെ വാര്‍ധക്യം പേറുന്ന മുസ്‌ലിം ലീഗ്- പി.പി.പി എന്ന ദ്വന്ദത്തിന്റെ ഭാഗമായ ഭീകര അഴിമതിയോടുള്ള ജനങ്ങളുടെ രോഷം. രണ്ട്, പാകിസ്ഥാന്‍ എന്ന അസ്ഥിത്വത്തേയും ആശയത്തേയും തന്നെ തകര്‍ക്കുന്ന രീതിയിലുള്ള വൈദേശിക ഇടപെടലുകളോട്, പ്രത്യേകിച്ചും യു.എസിന്റെ സാമ്രാജ്യത്ത ഇടപെടലുകളോടുള്ള മടുപ്പ്.

ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും ഗൂഡാലോചനാ സിദ്ധാന്തങ്ങളുടെ പൊള്ളത്തരങ്ങളും അവര്‍ തിരിച്ചറിഞ്ഞു. പരസ്പരപൂരകങ്ങളായ അഴിമതിയും തീവ്രവാദവും വൈദേശിക ഇടപെടലുകളും അപകടത്തിലാക്കുന്നത് തങ്ങളുടെ നിലനില്‍പ്പാണെന്നവര്‍ മനസ്സിലാക്കി. പരമ്പരാഗത രാഷ്ട്രീയക്കാരില്‍ നിന്നും വ്യത്യസ്തമായ ശൈലിയും പശ്ചാത്തലവുമുള്ള ഇമ്രാന്‍ ഖാനില്‍ അവര്‍ പ്രതീക്ഷയര്‍പ്പിച്ചു.

പുതിയ തലമുറ ഇമ്രാന് വന്‍ പിന്തുണ നല്‍കി. പുതിയ കാലഘട്ടത്തിന്റെ സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി ലോകത്താകമാനം നടന്ന് കൊണ്ടിരിക്കുന്ന നവ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കനുസൃതമായിരുന്നു ഇതും. ഒരുപാടൊരുപാട് ബാലാരിഷ്ഠതകള്‍ മറികടന്ന് ഇമ്രാന്‍ അധികാരത്തിലേറിയതായിരുന്നു ഫലം.

അഴിമതിയും കെടുകാര്യസ്ഥതയും നിയോ ലിബറല്‍ അച്ചിലുള്ള സാമ്പത്തികനയങ്ങളും കാരണം തകര്‍ന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയും ഭീകരമായ സാമ്പത്തിക അസമത്വവുമായിരിന്നു ഇമ്രാനെ കാത്തിരുന്നത്. മന്ത്രിസഭാ തലത്തിലുള്ള വമ്പന്‍ അഴിമതിക്കെങ്കിലും തടയിടാന്‍ ഇമ്രാനും കൂട്ടര്‍ക്കും കഴിഞ്ഞു. അതിലപ്പുറം വളരെ ചെറിയ ഏതാനും കുടുംബങ്ങള്‍ ചേര്‍ന്ന് സമ്പദ്‌വ്യവസ്ഥയെ പങ്കിട്ടെടുക്കുന്ന സാമ്പത്തിക അസമത്വത്തിന് കാതലായ മാറ്റം വരുത്താന്‍ ഇമ്രാന് സാധിച്ചില്ല.

2018ല്‍ ‘Oxfam’ പുറത്തുവിട്ട ഒരു പഠനമനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ 82% സമ്പത്തും പോയത് അതിസമ്പന്നരായ 1% ആളുകളുടെ കൈകളിലേക്കാണ്.ഏറ്റവും ദരിദ്രരായ 50 ശതമാനത്തിന് കിട്ടിയത് വെറും 1% സമ്പത്ത് മാത്രമാണ്! ശ്രദ്ധേയമായ കാര്യം ഈ സാമ്പത്തിക അസമത്വം ജനങ്ങളെ നിരാശയിലേക്കും തീവ്ര ആശയങ്ങളിലേക്കും അക്രമങ്ങളിലേക്കും തള്ളിവിടുന്നതിനെ പറ്റി പലരും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദി ഇമ്രാന്‍ ആയിരുന്നില്ല, അതിന് മുമ്പ് ഭരിച്ചവരായിരുന്നു എന്നത് നേര്. പക്ഷേ ഘടനാപരവും മൗലികപരവുമായ മാറ്റങ്ങള്‍ കൊണ്ടുവന്ന് ഇവ പരിഹരിക്കാന്‍ ഇമ്രാന്‍ ശ്രമിച്ചില്ല. അതിന് പറ്റിയ ഒരു രാഷ്ട്രീയബോധമോ വീക്ഷണമോ ഇല്ലാത്ത പ്രധാനമന്ത്രി ആയിരുന്നു ഇമ്രാന്‍ എന്നതാവും കൂടുതല്‍ ശരി.

പകരം താല്‍ക്കാലിക നടപടികളിലേക്കും രോഗത്തിന് പകരം രോഗ ലക്ഷണങ്ങള്‍ക്കുള്ള പരിഹാരങ്ങളിലും ശ്രദ്ധയൂന്നി. അഫ്ഗാന്‍ നിലപാടുകളുടെ പേരില്‍ പരമ്പരാഗത അത്താണിയായിരുന്ന അമേരിക്കയുമായി അകലുക കൂടി ചെയ്തതോടെ ചൈനയോടും മുഹമ്മദ് ബിന്‍ സല്‍മാന്റെ സൗദിയോടും സഹായം തേടി.

സ്വാഭാവികമായും ചൈന ഉയ്ഗറിലും സൗദി യമനിലുമെല്ലാം നടത്തുന്ന ഭീകര മനുഷ്യാവകാശങ്ങള്‍ക്ക് നേരെ കണ്ണടക്കേണ്ടി വന്നു. ഇപ്പോള്‍ ഉക്രൈന്‍ വിഷയത്തിലും ഇതാവര്‍ത്തിക്കുന്നു. ഫലത്തില്‍ മനുഷ്യാവകാശങ്ങളുടെ പേരില്‍ വന്‍ അവകാശവാദങ്ങളുന്നയിച്ചിരുന്ന ഇമ്രാന്റെ വിശ്വാസ്യത തകര്‍ക്കുന്നതായി ഈ നടപടികള്‍.

ആദ്യം ശക്തിയുക്തം എതിര്‍ത്തിരുന്നെങ്കിലും പിന്നീട് ഏറെ വിവാദമായ ഐ.എം.എഫ് കടക്കെണിയിലേക്കും പോകേണ്ടി വന്നു. കൊവിഡ് പ്രതിസന്ധി തരക്കേടില്ലാത്ത രീതിയില്‍ തരണം ചെയ്‌തെങ്കിലും അത് ബാക്കിയാക്കിയ സാമ്പത്തിക ദുരിതങ്ങള്‍ പ്രതിസന്ധിയെ കൂടുതല്‍ ആഴത്തിലുള്ളതാക്കി.

ഇമ്രാന്റെ അവസാന കാലമായപ്പോഴേക്കും വിദേശ നയം എന്നത് കടം നല്‍കുന്നവര്‍ക്കനുകൂലമായ ചില നയ നിലപാടുകള്‍ മാത്രമായി മാറി. അതിലല്‍ഭുതമില്ല. പാകിസ്ഥാന്‍ എല്ലാ കാലത്തും അങ്ങനെ തന്നെയായിരുന്നു. മുന്‍കാലങ്ങളില്‍ അത് അമേരിക്കയുമായി ചേര്‍ന്നായിരുന്നെങ്കില്‍ ഇന്നത് ചൈനയും സൗദിയും പോലുള്ളവരുമായി ചേര്‍ന്നാണ് എന്ന് മാത്രം.

അമേരിക്കക്ക് വലിയ താല്‍പര്യമില്ലാത്തത് കൊണ്ട് കൂടിയാണ് പാകിസ്ഥാനില്‍ ജനാധിപത്യം വേര് പിടിക്കാതെ പോയത്. പാകിസ്ഥാന്‍ രാഷ്ട്രീയം സൂക്ഷ്മമായി വിലയിരുത്താനുള്ള ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായ പീറ്റര്‍ ഒബോണിന്റെ നിരീക്ഷണം ഇക്കാര്യത്തില്‍ ശ്രദ്ധേയമാണ്.

പീറ്റര്‍ ഒബോണ്‍

നിര്‍ണായക ബന്ധമുണ്ടായിട്ടും അഞ്ച് അമേരിക്കന്‍ പ്രസിഡന്റുമാര്‍ മാത്രമാണ് ഇതുവരെ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുള്ളത് (ഐസന്‍ഹോവര്‍, ലിന്‍ഡന്‍ ജോണ്‍സണ്‍, നിക്‌സണ്‍, ക്ലിന്റണ്‍, ബുഷ്). ഇവര്‍ അഞ്ച് പേരും സന്ദര്‍ശിച്ചത് മിലിറ്ററി ഏകാധിപതികള്‍ രാജ്യം ഭരിച്ചപ്പോഴാണ്, സിവിലിയന്‍ നേതൃത്വം ഭരിച്ചപ്പോഴല്ല. അമേരിക്കന്‍ സഹായവും വലിയ തോതില്‍ കിട്ടിയത് മിലിറ്ററി ഭരണത്തിലാണ്,

എന്ന് പീറ്ററിനെ പോലുള്ളവര്‍ കണക്കുകള്‍ ഉദ്ധരിച്ച് സമര്‍ത്ഥിക്കുന്നു.

മത തീവ്രവാദത്തെ നേരിടുന്നതിലും ഇമ്രാന് വിജയിക്കാനായിട്ടില്ല. മത യാഥാസ്ഥികതക്കും തീവ്രവാദത്തിനുമെതിരായ പോരാട്ടം പാക് ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം എന്നും കടുത്ത വെല്ലുവിളിയായിരുന്നു. ജിന്ന തന്റെ പല നിലപാടുകളില്‍ നിന്നും ആദ്യ ഘട്ടത്തില്‍ തന്നെ പിന്നോട്ട് പോകേണ്ടി വന്നു. പിന്നീട് അയൂബ് ഖാന്‍, ഫസലുറഹ്മാന്‍ മാലികിനെ പോലുള്ള ഉജ്വല പണ്ഡിതന വരെ ഉപയോഗപ്പെടുത്തി ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും മറുപക്ഷത്ത് മൗദൂദിയെ പോലുള്ളവര്‍ ഹിംസാത്മകമായി ചെറുത്ത് തോല്‍പിച്ചു.

പിന്നീട് വന്ന യഹ്‌യാ ഖാനോ സുല്‍ഫിഖര്‍ അലി ഭൂട്ടോക്കോ ഒന്നും ചെയ്യാനായില്ല. ശേഷം വന്ന സിയാഉല്‍ ഹഖാവട്ടെ ഇതിനെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന നിലപാടെടുത്തു. അഫ്ഗാന്‍ യുദ്ധങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ മേഖലയെ മാറ്റിമറിച്ചു. 10 വര്‍ഷം ഭരിച്ച സിയാ, പിന്‍ഗാമികളില്‍ നിന്ന് പല കാര്യങ്ങളിലും വ്യത്യസ്തനായിരുന്നു. വ്യക്തി ജീവിതത്തിലെ മത ചിട്ടകളും അഴിമതിരഹിത ജീവിതവും മാത്രമല്ല, തീവ്ര മതാശയക്കാരോടുള്ള അടുപ്പവും സിയായെ വ്യത്യസ്തനാക്കി.

സിയാഉല്‍ ഹഖ്

പക്ഷേ അമേരിക്കയുമായുള്ള സൈനിക, സാമ്പത്തിക ബന്ധങ്ങളില്‍ മുന്‍ഗാമികളുടെ അതേ മാതൃക സിയായും കൃത്യമായി പിന്തുടര്‍ന്നു. അമേരിക്കന്‍, സൗദി താല്‍പര്യങ്ങള്‍ക്കനുസരിച്ച് അഫ്ഗാനില്‍ നടത്തിയ സൈനിക ഇടപെടലുകള്‍ പാകിസ്ഥാന്‍ എന്ന രാജ്യത്തെ സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് നയിച്ചു.

1988ല്‍ സിയാ കൊല്ലപ്പെടുമ്പോഴേക്കും പാക്-അഫ്ഗാന്‍ മേഖലയില്‍ മത തീവ്രവാദം ശക്തിയാര്‍ജിച്ചിരുന്നു. പിന്നീട് മാറിമാറി വന്ന മുസ്‌ലിം ലീഗ്, പി.പി.പി/ നവാസ്, ബേനസീര്‍ ഭരണങ്ങള്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്ന ഏജന്റുമാര്‍ മാത്രമായി മാറി. ഐ.എസ്.ഐ- സി.ഐ.എ ബന്ധം ശക്തമായി. നിരന്തരമായ യുദ്ധങ്ങളും അമേരിക്കന്‍ ബോംബിങ്ങും മേഖലയെ സാമ്പത്തികമായും സാമൂഹികപരമായും തകര്‍ത്തു. തീവ്ര മതാശയങ്ങള്‍ക്കും ഹിംസാത്മക മത വ്യാഖ്യാനങ്ങള്‍ക്കും വന്‍ സ്വീകാര്യത കിട്ടി.

എണ്‍പതുകളില്‍ സി.ഐ.എ- ഐ.സ്.ഐ – സൗദി കൂട്ടുകെട്ടിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ തടിച്ചുകൊഴുത്ത തീവ്ര മതാശയങ്ങളാണ് ഇന്ന് മേഖലയില്‍ ദുരിതങ്ങള്‍ വിതക്കുന്നത്. ഇതിനെ നേരിടാന്‍ ക്രിയാത്മകവും ആഴത്തിലുള്ളതും സൈദ്ധാന്തികവുമായ നടപടികള്‍ അനിവാര്യമാണ്. അതത്ര എളുപ്പവുമല്ല.

സാമ്പത്തിക അസമത്വം, മത തീവ്രവാദം, സാമ്രാജ്യത്വ ഇടപെടലുകള്‍ എന്നീ പരസ്പര പൂരകങ്ങളായ മൂന്ന് ഘടകങ്ങളാണ് പാകിസ്ഥാനെ നാമാവശേഷമാക്കിയത്. ഈ മൂന്നും ചേര്‍ന്ന സാന്‍ഡ്‌വിച്ചിലെ ബട്ടര്‍ ആണ് സൈന്യം. അന്നുതൊട്ട് ഇന്ന് വരെ ഭരിച്ചവരെല്ലാം ഇതിനുത്തരവാദികളാണ്. അതിന്റെ ദുരന്ത ഫലങ്ങള്‍ അതിഭീകരമായ രീതിയില്‍ പാക് ജനത അനുഭവിച്ചു.

അതിനോടുള്ള പ്രതികരണമായിരുന്നു ഇമ്രാന്‍ ഖാന്‍ എന്ന പുതിയ പരീക്ഷണത്തിലേക്ക് അവരെ അടുപ്പിച്ചത്. പക്ഷേ അങ്ങനെയൊന്നിനെ നേരിടാനുള്ള ബൗദ്ധിക ശേഷിയോ ആര്‍ജവമോ ഇമ്രാന് ഉണ്ടായിരുന്നുമില്ല. ഇമ്രാന്‍ അടിസ്ഥാനപരമായി ഒരു ക്രിക്കറ്ററാണ്. ഭാഗ്യം, കാലാവസ്ഥ, ടോസ് തുടങ്ങി പിച്ചിന്റെ ഈര്‍പ്പം വരെ ഫലം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാവുന്ന ഒരു പ്രത്യേക കായിക ഏര്‍പ്പാടില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആള്‍.

അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് രാഷ്ട്രീയം, പ്രത്യേകിച്ചും അതിസങ്കീര്‍ണമായ പാക് രാഷ്ട്രീയം. അതിന് മതപരവും ചരിത്രപരവും വംശപരവും സാമ്പത്തികപരവുമായ ഒരുപാട് തലങ്ങളുണ്ട്. അതിര്‍ത്തിക്കപ്പുറത്തുള്ള നിരവധി രാജ്യങ്ങളുടെ താല്‍പര്യങ്ങളുണ്ട്. ഇന്നത് നേരിടുന്ന പ്രശ്‌നങ്ങള്‍ ഈ വ്യത്യസ്ത തലങ്ങളും താല്‍പര്യങ്ങളുമായി ചേര്‍ന്ന് ഘടനാപരമായതാണ്. അതിന് ഇമ്രാന്റെ കേവല അഴിമതി വിരുദ്ധതയോ ഉപരിപ്ലവമായ കാഴ്ചപ്പാടുകളോ മതിയാവില്ല.

ഒരു റിവേഴ്‌സ് സ്വിംഗോ ബോള്‍ ടാംപറിങ്ങോ ചെയ്യുന്ന ലാഘവത്തില്‍ അവസാന നിമിഷത്തില്‍ അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് റദ്ദാക്കുന്നത് കോടിക്കണക്കിനാളകള്‍ ജനാധിപത്യത്തിലേല്‍പിച്ച പ്രതീക്ഷയും സ്വന്തം വിശ്വാസ്യതയും ഒരേപോലെ തകര്‍ക്കുന്നതാണ്. ലോകത്തെവിടെയായാലും പരമ്പരാഗത രാഷ്ട്രീയത്തെ ചോദ്യം ചെയ്തുയര്‍ന്ന് വരുന്നവരുടെ വിശ്വാസ്യത നഷ്ടപ്പെടുന്നത്, കാലഹരണപ്പെട്ടതും ജീര്‍ണിച്ചതുമായ പഴയ ശക്തികളെ തന്നെയാവും എന്നത് മറ്റൊരു ദുരന്തഫലം.

Content Highlight: Nasirudheen on political situation in Pakistan, its history and cricketer turned PM Imran Khan

നാസിറുദ്ദീന്‍