| Wednesday, 27th May 2020, 10:06 am

ഈ നാട് ഗള്‍ഫ് പണത്തിന്റെ ഗുണഫലങ്ങള്‍ ആവോളം ആസ്വദിച്ചു; നമ്മള്‍ തിരിച്ചുകൊടുത്തതോ? ഇച്ചിരി നൊസ്റ്റാള്‍ജിയ

നാസിറുദ്ദീന്‍

മലബാറിലെ ഒരു ഗ്രാമം. മഹാഭൂരിപക്ഷവും മുസ്‌ലീങ്ങള്‍, കുറച്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മറ്റേതൊരു കേരള ഗ്രാമവും പോലെ പട്ടിണിയോടും ദാരിദ്രത്തോടും പടവെട്ടി ജീവിച്ചവര്‍. ഈ ഘട്ടത്തില്‍ ഗ്രാമത്തിലെ ചിലര്‍ ഗള്‍ഫിലേക്കുള്ള പാലായനത്തിന് തുടക്കമിട്ടതാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്.

അതൊരുഗ്രന്‍ തുടക്കമായിരുന്നു. അവര്‍ ബാക്കിയുള്ളവരെ ഒന്നൊന്നായി കൂടെ കൂട്ടി. കൊറോണ പടരുന്നത് പോലെ ഓരോരുത്തരില്‍ നിന്നും പലരിലേക്കുമായി ഗള്‍ഫ് ബാധ പടര്‍ന്നു. പക്ഷേ കൊറോണ പോലെയല്ല ഓരോ കുടുംബത്തെയായി കരകയറ്റുന്ന സാമൂഹിക വ്യാപനം.

ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് നാടിന്റെ വരുമാനവും നിലനില്‍പ്പുമെല്ലാം ഗള്‍ഫിനെ ആശ്രയിച്ചായി മാറി. ബന്ധുക്കളേയും നാട്ടുകാരെയും ഗള്‍ഫിലെത്തിക്കാനും തൊഴിലവസരമൊരുക്കാനും മാത്രമല്ല കിട്ടുന്ന പണത്തിലൊരു വിഹിതം നാട്ടിലെ സംഘടനാ, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെക്കാനും അവര്‍ ശ്രദ്ധിച്ചു, പലപ്പോഴും സ്വന്തം താല്‍പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്തിട്ട് പോലും.

ദാരിദ്യം നേരില്‍ കണ്ട് വളര്‍ന്നിരുന്ന ഒന്നാം തലമുറ ബാറ്റണ്‍ രണ്ടാം തലമുറക്ക് കൈമാറിയപ്പോഴും ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടതല്ലാതെ നിലച്ചില്ല. ഒരു നാട് ജാതി-മത-വര്‍ഗ വിവേചനമില്ലാതെ ഈ ഗള്‍ഫ് പണത്തിന്റെ ഗുണഫലങ്ങള്‍ ആവോളം ആസ്വദിച്ചു. ഇടത്, വലത് വ്യത്യാസമില്ലാതെ രാഷ്ട്രീയ പാര്‍ട്ടികളും സാമുദായിക സംഘടനകളുടെ വകഭേദങ്ങളും മഹല്ല് സംവിധാനങ്ങളുമെല്ലാം പലവിധ പേരിട്ട് വിളിച്ച പദ്ധതികളുടെ അടിസ്ഥാന സാമ്പത്തിക സ്രോതസ് യഥാര്‍ത്ഥത്തില്‍ ഗള്‍ഫ് തന്നെയായിരുന്നു.

എന്തിന്, സര്‍ക്കാര്‍ സ്‌കൂളിന് കെട്ടിടമൊരുക്കാന്‍ വമ്പന്‍ തുക പിരിവെടുത്തപ്പോഴും കാര്യമായ ഷെയര്‍ വന്നത് ഗള്‍ഫില്‍ നിന്ന് തന്നെയായിരുന്നു. തിരിച്ച് ഈ ഗള്‍ഫുകാര്‍ക്ക് അധികമൊന്നും വേണ്ടിയിരുന്നില്ല, ശങ്കരാടി സ്‌റ്റൈലില്‍ പറഞ്ഞാല്‍ ഇച്ചിരി നൊസ്റ്റാല്‍ജിയ, നാട്ടിലും വീട്ടിലുമൊക്കെ ലേശം സ്വീകാര്യത ഇത്രയും മതി – പൈസ നാട്ടുകാരിലേക്ക് ചറ പറാ ഒഴുകും, പല പേരുകളിലായി.

ദാരിദ്രത്തോട് മല്ലിട്ടിരുന്ന ഒരു ഗ്രാമത്തിന് ഉന്നത വിദ്യാഭ്യാസം ഒഴിച്ചുള്ള മറ്റ് ജീവിത നിലവാര സൂചികകളിലെല്ലാം ഏറ്റവും മുന്‍ പന്തിയിലെത്താന്‍ രണ്ട് മൂന്ന് പതിറ്റാണ്ട് മതിയായിരുന്നു.

ക്ലൈമാക്‌സ് – കൊവിഡ് 19 കാലത്തെ ഗള്‍ഫ് കേരളമാണ്. അന്ന് പട്ടിണി മാറ്റാന്‍ പെട്രോ ഡോളറിന്റെ വിഹിതം സ്വപ്നം കണ്ടവരും അവരുടെ പിന്‍മുറക്കാരും ഇന്ന് സ്വപ്നം കാണുന്നത് കേരളത്തിലേക്കുള്ള തിരിച്ചു പോക്കാണ്. അശാസ്ത്രീയമായ സമീപനവും ആസൂത്രണത്തിലെ പാളിച്ചകളും പിന്നെ പൊതുസംവിധാനങ്ങളുടെ സഹജമായ പരിമിതികളുമെല്ലാം ഗള്‍ഫിലെ കൊറോണക്കെതിരായ പോരാട്ടം വലിയൊരു ചോദ്യ ചിഹ്നമാക്കി മാറ്റുന്നുണ്ട്. പ്രത്യേകിച്ചും മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന യു.എ.ഇയിലും സൗദിയിലും.

ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവില്‍ നാമമാത്രമായെങ്കിലും അവരെ തിരിച്ച് കൊണ്ടു വരാനുള്ള തീരുമാനമായി. ഏറ്റവും അടിയന്തരമായ കേസുകളാണ് ആദ്യ ഘട്ടത്തില്‍ പരിഗണനക്ക് പോലും വരുന്നത്. ലിസ്റ്റിനനുസരിച്ച് ഓരോ പ്രദേശത്തും വിപുലമായ ക്വാറന്റയിന്‍ സംവിധാനമൊരുക്കണം. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണെങ്കില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് ഇതില്‍ നടത്തുന്നത്.

ഇപ്പറഞ്ഞ പ്രദേശമുള്‍പ്പെടുന്ന മുനിസിപ്പാലിറ്റി സൗകര്യമൊരുക്കാന്‍ ചര്‍ച്ച തുടങ്ങിയപ്പോള്‍ ആദ്യം വന്ന പേര് ഈ ‘ഗള്‍ഫ് ഗ്രാമം’ തന്നെയായിരുന്നു. അനുയോജ്യമായ സ്ഥാപനവും കണ്ടെത്തി. ഗള്‍ഫ് പണത്തില്‍ നിന്നുയര്‍ന്നു വന്ന സ്ഥാപനം വിട്ടു നല്‍കാന്‍ അധികൃതര്‍ തയ്യാറായി. ആവശ്യത്തിന് കുടിവെള്ളം ലഭ്യമാണ്.

അത് പരിസരവാസികള്‍ക്കായി ഇതേ ഗള്‍ഫുകാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ ഒരു കുടിവെള്ള പദ്ധതിയുടെ ഗുണം. പക്ഷേ വാര്‍ത്ത അറിഞ്ഞതോടെ പരിസരവാസികളായ ചിലരില്‍ നിന്ന് മുറു മുറുപ്പാരംഭിച്ചു. വളരെ ചെറിയൊരു എണ്ണം ഗള്‍ഫുകാര്‍ക്ക് എല്ലാ ശാസ്ത്രീയ മാനദണ്ഡങ്ങളും പാലിച്ച് സര്‍ക്കാര്‍ ഒരുക്കുന്ന സംവിധാനവും മറികടന്ന് കൊറോണ തങ്ങളെ പാറിപ്പിടിക്കുമോ എന്നായിരുന്നു അവരുടെ പേടി.

ഇതിന് മുന്‍പന്തിയില്‍ നിന്നതാവട്ടെ ഗള്‍ഫ് പണം കൊണ്ട് മാത്രം തുടങ്ങുകയും അത് കൊണ്ട് മാത്രം ഇപ്പോഴും നില നില്‍ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്ന് ജീവിതമാര്‍ഗം കണ്ടെത്തിയവരും. ഗതികെട്ട മുനിസിപ്പാലിറ്റി അധികൃതര്‍ തൊട്ടപ്പുറത്ത ഗ്രാമത്തിലേക്ക് നീങ്ങി. സമീപ നാടുകളില്‍ ഗള്‍ഫ് പണത്തിന്റെ ഗുണം ഏറ്റവും കുറവ് ലഭിച്ച ഒരു ഗ്രാമമാണ് അവസാനം ഈ സൗകര്യമൊരുക്കിയതെന്നാണ് ഇതിലെ മറ്റൊരും ഐറണി.

വാല്‍ :അകിരാ കുറോസാവയുടെ ‘സെവന്‍ സമുറായി’ യുടെ ക്ലൈമാക്‌സ് ഗംഭീരമാണ്. പട്ടിണിയും കൊള്ളക്കാരുടെ നിരന്തര ആക്രമണവും മൂലം പൊറുതി മുട്ടിയ ഒരു ഗ്രാമമാണ് പശ്ചാത്തലം. അന്യ ദേശത്ത് നിന്ന് വന്ന ‘സമുറായി’ പോരാളികള്‍ കൊള്ളക്കാരില്‍ നിന്ന് ഐതിഹാസിക പോരാട്ടത്തിലൂടെ നാടിനെ രക്ഷിച്ചെടുക്കുന്നതാണ് കഥ.

പോരാട്ടങ്ങള്‍ക്കും ഉദ്വേഗജനകമായ രംഗങ്ങള്‍ക്കുമപ്പുറം തങ്ങളെ രക്ഷിച്ച സമുറായികളെ കാര്യം കഴിഞ്ഞപ്പോള്‍ ഗ്രാമീണര്‍ എങ്ങനെ കാണുന്നുവെന്നതാണ് സിനിമയുടെ ഫിലോസഫി. അവസാനരംഗത്ത് നിസ്സഹായനും നിര്‍വികാരനുമായി ഗ്രാമീണരെ നോക്കി ‘യുദ്ധം ജയിച്ചത് നമ്മളല്ല, ഗ്രാമീണരായിരുന്നു’ എന്ന് ബാക്കിയായ കൂട്ടുകാരനോട് പറയുന്ന സമുറായിയുടെ ചിത്രം പടം കണ്ടവരാരും മറക്കില്ല. പടം കണ്ടില്ലെങ്കില്‍ ഗള്‍ഫുകാരോട് മലയാളികള്‍ പെരുമാറുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചാലും മതി.

nasirudheen chennamangaloor on gulf covid crisis and kerala return

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

നാസിറുദ്ദീന്‍

We use cookies to give you the best possible experience. Learn more