അറബ് ലോകത്തെ ജനാധിപത്യ ധാരകളെ അപ്രത്യക്ഷമാക്കുന്നതെങ്ങനെ
Discourse
അറബ് ലോകത്തെ ജനാധിപത്യ ധാരകളെ അപ്രത്യക്ഷമാക്കുന്നതെങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th January 2016, 9:28 pm

അറബ് വസന്തത്തിന്റെ ഭാഗമായി വന്ന എല്ലാ ജനകീയ മുന്നേറ്റങ്ങളും തീവ്ര വഹാബിസ്റ്റ് സംഘങ്ങളിലൂടെ അട്ടിമറിക്കാനാണ് സൗദിയുടെ നേതൃത്വത്തിലുള്ള വിഭാഗം ശ്രമിക്കുന്നത്. ഒരിക്കല്‍ അമേരിക്കയും സൗദിയുമെല്ലാം ചേര്‍ന്ന് ഇറാഖിലെ ഇറാന്‍/ഷിയാ സ്വാധീനം മറികടക്കാന്‍ പാലൂട്ടി വളര്‍ത്തിയ സംഘങ്ങളാണ് പിന്നീട് ഐസിസായി രൂപാന്തരപ്പെട്ടത്.


nasar-1


nasirudheen

|ഒപ്പീനിയന്‍: നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍|

blank

അറബ് വസന്തത്തിന്റെ തുടക്കത്തില്‍ തഹ്‌രീര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ വ്യാപകമായി കേട്ട മുദ്രാവാക്യങ്ങളായിരുന്നു സ്വാതന്ത്രം, സാമൂഹിക നീതി, അന്തസ്സ് ( “ഹുര്‍റിയ, അദാലാ ഇജ്ത്തിമയ്യ, കറാമാ” ). സംഘടനകള്‍ക്ക് പകരം വ്യക്തികളോ കൊച്ചു കൂട്ടായ്മകളോ ആയിരുന്നു മുന്‍ നിരയില്‍. ഇന്നീ മുദ്രാവാക്യങ്ങള്‍ കേള്‍ക്കാനേ ഇല്ല. പകരം ഷിയാ, സുന്നി, കുര്‍ദ് തുടങ്ങിയ പദങ്ങള്‍ സ്ഥാനം പിടിച്ചു. ഐസിസ്, അല്‍ നുസ്‌റാ, ജയ് ശെല്‍ ഇസ്ലാം തുടങ്ങി നൂറായിരം സായുധ സംഘങ്ങള്‍, പിന്നെ സൗദിയും ഇറാനും അടങ്ങുന്ന മേഖലയിലെ “ശക്തികള്‍ “, പോരെങ്കില്‍ അമേരിക്ക വരെയുള്ള വന്‍ ശക്തികള്‍ എന്നിവര്‍ രംഗം വാഴുന്നു.

ഇവര്‍ക്കിടയിലുള്ള അധികാരത്തിന്റെയും വിഭവങ്ങളുടേയും ഓഹരി വെപ്പും വിലപേശലുമാണ് “സമാധാന ചര്‍ച്ച” എന്ന പേരിലറിയപ്പെടുന്ന നാടകങ്ങള്‍. സൗദിയുടെ കാര്‍മികത്വത്തില്‍ ഈയിടെ റിയാദില്‍ നടന്ന “സമാധാന ചര്‍ച്ച” യുടെ കരട് പ്രഖ്യാപനത്തില്‍ നിന്നും “ജനാധിപത്യം” എന്ന വാക്ക് ഒഴിവാക്കി “ജനാധിപത്യ മാര്‍ഗങ്ങള്‍ (Democratic mechanism”) എന്നാക്കുന്നിടത്തോളം കാര്യങ്ങള്‍ മാറി മറിഞ്ഞിരുന്നു. അതിലല്‍ഭുതമില്ല. പങ്കെടുക്കുന്നത് കൂലിപ്പട്ടാളങ്ങളും കൂറുമാറിയ സൈനികരും ചുക്കാന്‍ പിടിക്കുന്നത് സാമ്രാജ്യത്ത ശക്തികളും മേഖലയിലെ ഏകാധിപതികളുമാവുമ്പോള്‍ ജനാധിപത്യം പടിക്ക് പുറത്തായില്ലെങ്കില്‍ ആണല്‍ഭുതം. ഈ ചര്‍ച്ചക്ക് ബദലായി കുര്‍ദ് മേഖലകളില്‍ ആക്ടിവിസ്റ്റുകളെയും ജനാധിപത്യ പോരാളികളെയും പങ്കെടുപ്പിച്ചുള്ള ചര്‍ച്ച സംഘടിപ്പിച്ചിരുന്നെങ്കിലും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും അതിനെ അവഗണിക്കുകയായിരുന്നു.

എങ്ങനെയാണ് ഏതാനും മാസങ്ങള്‍ കൊണ്ട് ഇങ്ങനെയൊരു മാറ്റം വന്നതെങ്ങനെ? അറബ് ജനതയുടെ ജനാധിപത്യ, സ്വാതന്ത്ര നീക്കങ്ങളെ അട്ടിമറിക്കാന്‍ ഇവര്‍ക്കെങ്ങനെ സാധിക്കുന്നു? പ്രസക്തമായ ഈ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴേ ഇറാനും സൗദിയും തമ്മിലുള്ള ഇപ്പോഴത്തെ നയതന്ത്ര പ്രതിസന്ധി “മൂര്‍ച്ചിച്ചതിന്റെ” കാരണങ്ങള്‍ മനസ്സിലാവൂ.


കൊളോണിയല്‍ കാലഘട്ടത്തിലും അതിന് ശേഷവും മിഡില്‍ ഈസ്റ്റിലെ ഭരണകൂടങ്ങളും അവര്‍ക്ക് പിന്നിലുള്ള ശക്തികളും ജനകീയ മുന്നേറ്റങ്ങളെ ഏതെങ്കിലും കള്ളികളിലോ ഷിയാ-സുന്നി പോലുള്ള കപട ദ്വന്ദ്വങ്ങളിലോ തളച്ചിടാറാണ് പതിവ്. 1979ലെ ഇറാന്‍ “ഇസ്ലാമിക” വിപ്ലവം മികച്ച ഉദാഹരണമാണ്.


arab-spring

കൊളോണിയല്‍ കാലഘട്ടത്തിലും അതിന് ശേഷവും മിഡില്‍ ഈസ്റ്റിലെ ഭരണകൂടങ്ങളും അവര്‍ക്ക് പിന്നിലുള്ള ശക്തികളും ജനകീയ മുന്നേറ്റങ്ങളെ ഏതെങ്കിലും കള്ളികളിലോ ഷിയാ-സുന്നി പോലുള്ള കപട ദ്വന്ദ്വങ്ങളിലോ തളച്ചിടാറാണ് പതിവ്. 1979ലെ ഇറാന്‍ “ഇസ്ലാമിക” വിപ്ലവം മികച്ച ഉദാഹരണമാണ്. കൊളോണിയല്‍ വിരുദ്ധ ശക്തികള്‍, മൂന്നാം ലോക സോഷ്യലിസ്റ്റുകള്‍ പിന്നെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ എന്നിങ്ങനെയുള്ള മൂന്ന് സജീവ ധാരകളായിരുന്നു വിപ്ലവത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്.

പതിറ്റാണ്ടുകളായി ഇവരെല്ലാവരും ചേര്‍ന്നു അല്ലാതെയും നടത്തിയ ജനാധിപത്യ പോരാട്ടങ്ങളുടെ തുടര്‍ച്ച മാത്രമായിരുന്നു 79 ലെ വിപ്ലവം പക്ഷേ, ദെബാശി നിരീക്ഷിച്ചത് പോലെ 79-81ലെ നയതന്ത്ര ബന്ദി പ്രശ്‌നം, 80-88 ലെ ഇറാന്‍ഇറാഖ് യുദ്ധം പിന്നെ സല്‍മാന്‍ റുഷ്ദി പ്രശ്‌നം തുടങ്ങിയവയിലൂടെയാണ് ഇസ്ലാമിസ്റ്റ് ധാര ആധിപത്യം സ്ഥാപിച്ചെടുക്കുന്നത്. അതിനായി ഈ കാലയളവില്‍ യൂണിവേഴ്‌സിറ്റി തൊട്ട് പത്ര സ്ഥാപനങ്ങള്‍ വരെയുള്ള സകല ഇടങ്ങളിലും സായുധ സേനകളിലും തീര്‍ത്തും ജനാധിപത്യവിരുദ്ധമായ രീതിയില്‍ സാംസ്‌കാരികധിനിവേശം നടത്തുകയും എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുകയും ചെയ്യുകയായിരുന്നുവെന്നും അദ്ദേഹത്തെ പോലുള്ളവര്‍ നിരീക്ഷിക്കുന്നുണ്ട്.

പക്ഷേ, സോഷ്യല്‍ മീഡിയ, വിദേശ ഇറാനിയന്‍ ബുദ്ധിജീവി വൃന്ദം തുടങ്ങിയ നിരവധി ബദല്‍ ഘടകങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി ഇറാനിയന്‍ ജനത നടത്തിയ ഐതിഹാസിക പോരാട്ടങ്ങളുടെ ഫലമാണ് 2009 ന് ശേഷം രൂപപ്പെട്ട ഗ്രീന്‍ മൂവ്‌മെന്റ്. ഒരു പക്ഷേ ഏറ്റവുമധികം അറബ് വസന്തത്തിന് കാരണമായ ഘടകവും ഇറാനിലെ ഈ ഗ്രീന്‍ മൂവ്‌മെന്റ് ആയിരിക്കും. ഗ്രീന്‍ മൂവ്‌മെന്റിന്റെ പിന്തുണയോട് കൂടി വിജയിച്ച റൂഹാനിയാണ് ഇന്ന് ഇറാന്‍ പ്രസിഡന്റെങ്കിലും തീവ്ര ഇസ്ലാമിസ്റ്റ് ഷിയാ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ബദല്‍ അധികാര കേന്ദ്രമായ സുപ്രീം ലീഡര്‍ ഖാംനഇ നിലകൊള്ളുന്നത്. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള റവലൂഷണറി ഗാര്‍ഡ് സിറിയ തൊട്ട് യമന്‍ വരെയുള്ള ആഭ്യന്തര യുദ്ധങ്ങളില്‍ ഷിയാ വംശീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പോരാടുന്നു.


അമേരിക്കന്‍ അധിനിവേശവും ഷിയാ വംശീയത പരമാവധി ചൂഷണം ചെയ്ത് തന്റെ അഴിമതി, ഏകാധിപത്യ തേര്‍വാഴ്ച നടത്തിയിരുന്ന നൂരി അല്‍ മാലിക്കിയുടെ ഭരണവുമായിരുന്നു ഐസിസിന് ഇറാഖില്‍ സ്വപ്നതുല്യമായ വേരോട്ടമുണ്ടാക്കിയിരുന്നത്.


iran-rev

മറുവശത്ത് അറബ് വസന്തത്തിന്റെ ഭാഗമായി വന്ന എല്ലാ ജനകീയ മുന്നേറ്റങ്ങളും തീവ്ര വഹാബിസ്റ്റ് സംഘങ്ങളിലൂടെ അട്ടിമറിക്കാനാണ് സൗദിയുടെ നേതൃത്വത്തിലുള്ള വിഭാഗം ശ്രമിക്കുന്നത്. ഒരിക്കല്‍ അമേരിക്കയും സൗദിയുമെല്ലാം ചേര്‍ന്ന് ഇറാഖിലെ ഇറാന്‍/ഷിയാ സ്വാധീനം മറികടക്കാന്‍ പാലൂട്ടി വളര്‍ത്തിയ സംഘങ്ങളാണ് പിന്നീട് ഐസിസായി രൂപാന്തരപ്പെട്ടത്.

ഇന്ന് ഐസിസുമായി ആശയപരമായി വലിയ വ്യത്യാസമില്ലാത്ത അല്‍ നുസ്‌റ അടക്കമുള്ള നിരവധി റിബല്‍ ഗ്രൂപ്പുകളാണ് സിറിയയുടെ തന്ത്രപ്രധാനമായ പടിഞ്ഞാറന്‍ മേഖലകളില്‍ വലിയൊരു ഭാഗം നിയന്ത്രിക്കുന്നത്. ജനകീയ പ്രക്ഷോഭത്തെ അട്ടിമറിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗം വഹാബിസ്റ്റുകളെ രംഗത്തിറക്കുകയാണെന്ന് നേരത്തേ മനസ്സിലാക്കിയ അസദ് ജയിലിലായിരുന്ന പല നേതാക്കളേയും 2011 ല്‍ പ്രക്ഷോഭം തുടങ്ങിയ ശേഷം തുറന്നു വിടുകയായിരുന്നു. അന്ന് വിട്ടവരില്‍ ഒരാളായിരുന്ന ജയ്‌ഷെ ഇസ്ലാമി നേതാവ് സഹ്‌റാന്‍ അല്ലൂഷ് ഈയടുത്താണ് കൊല്ലപ്പെട്ടത്. അമേരിക്കയേയും ഇസ്രായേലിനേയും ഉപയോഗപ്പെടുത്തി ഇറാനെ ആക്രമിക്കാന്‍ സൗദി ഭരണകൂടം പരമാവധി ശ്രമിച്ചിരുന്നതായി വിക്കിലീക്‌സ് അടക്കമുള്ള മാധ്യമങ്ങള്‍ നേരത്തേ പറഞ്ഞിരുന്നു.

ഒരു വശത്ത് ഗ്രീന്‍ മൂവ്‌മെന്റിന്റെയും അറബ് വസന്തത്തിന്റെയും ധാരകള്‍ ഇപ്പോഴും നില നില്‍ക്കുമ്പോള്‍ മറുവശത്ത് ഇതിനെ അട്ടിമറിക്കാനുള്ള കപട ദ്വന്ദ്വമാണ് ഷിയാസുന്നി സമവാക്യങ്ങള്‍. പോള്‍ ബ്രമറും നൂരി മാലിക്കിയും ഇറാനും സൗദിയും അസദുമെല്ലാം തരം പോലെ ഉപയോഗിക്കുന്ന ഈ കളിയിലെ അവസാന എപ്പിസോഡ് മാത്രമാണ് നംറ് അല്‍ നംറ് അടക്കമുള്ളവരെ തൂക്കിലേറ്റിയതും തെഹ്‌റാനിലെ എംബസി കത്തിച്ചതും.


ജനകീയ പ്രക്ഷോഭത്തെ അട്ടിമറിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗം വഹാബിസ്റ്റുകളെ രംഗത്തിറക്കുകയാണെന്ന് നേരത്തേ മനസ്സിലാക്കിയ അസദ് ജയിലിലായിരുന്ന പല നേതാക്കളേയും 2011 ല്‍ പ്രക്ഷോഭം തുടങ്ങിയ ശേഷം തുറന്നു വിടുകയായിരുന്നു. അന്ന് വിട്ടവരില്‍ ഒരാളായിരുന്ന ജയ്‌ഷെ ഇസ്ലാമി നേതാവ് സഹ്‌റാന്‍ അല്ലൂഷ് ഈയടുത്താണ് കൊല്ലപ്പെട്ടത്.


isis

വഹാബിസ്റ്റ് ആശയധാരയിലെ ഏറ്റവും ബീഭല്‍സ രൂപമായ ഐസിസിന് ഈയടുത്ത് നേരിട്ട തിരിച്ചടികള്‍ കൂടി ഇതിനോട് ചേര്‍ത്ത് കാണണം. അമേരിക്കന്‍ അധിനിവേശവും ഷിയാ വംശീയത പരമാവധി ചൂഷണം ചെയ്ത് തന്റെ അഴിമതി, ഏകാധിപത്യ തേര്‍വാഴ്ച നടത്തിയിരുന്ന നൂരി അല്‍ മാലിക്കിയുടെ ഭരണവുമായിരുന്നു ഐസിസിന് ഇറാഖില്‍ സ്വപ്നതുല്യമായ വേരോട്ടമുണ്ടാക്കിയിരുന്നത്.

പിന്നീട് വന്ന ഹൈദര്‍ അല്‍ അബാദി പക്ഷേ കാര്യങ്ങള്‍ അല്‍പം വ്യത്യസ്തമായാണ് നേരിട്ടത്. ഇതിന്റെ ഫലമായാണ് തിക്രിത്, സിന്‍ജാര്‍ പിന്നെ തന്ത്രപ്രധാനമായ അന്‍ബാര്‍ പ്രവിശ്യയും ഐസിസിന് നഷ്ടപ്പെട്ടത്. ഫല്ലൂജ കൂടി നഷ്ടപ്പെട്ടാല്‍ പിന്നെ ഇറാഖില്‍ ഐസിസ് തിരിച്ചടിക്കാന്‍ പറ്റാത്തത്ര ദുര്‍ബലമാവും.

ഇതില്‍ അന്‍ബാര്‍ തലസ്ഥാനമായ റമാദിയിലെ യുദ്ധം ഹൈദര്‍ അല്‍ അബദിയുടെ സമീപനത്തിലെ മാറ്റത്തെപ്പറ്റി ചില സൂചനകള്‍ നല്‍ക്കുന്നുണ്ട്. ഒന്നാമതായി, ഇറാഖി സൈന്യം അതിന്റെ ആദ്യ കാലഘട്ടത്തില്‍ ഗറില്ലാ പോരാളികള്‍ക്കെതിരെ മാത്രം പോരാടാന്‍ പരിശീലനം ലഭിച്ചവരായിരുന്നെങ്കില്‍ മാറിയ സാഹചര്യത്തില്‍ ഐസിസിനെ പോലുള്ള ഒരു വലിയ സൈനിക ശക്തിയെ തുറന്ന യുദ്ധത്തിലൂടെ നേരിടാന്‍ സജ്ജമായിട്ടുണ്ട് എന്നീ വിജയം കാണിക്കുന്നു. രണ്ടാമത്തെ കാര്യം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഷിയാ മിലീഷ്യകളുടെ മാത്രം പിന്തുണയോടെ ഐസിസിനെ നേരിടുക എന്ന പതിവില്‍ നിന്ന് വ്യത്യസ്തമായി സുന്നി ഗോത്ര സേനകളുടെ പിന്തുണയോടും കൂടിയാണ് റമാദി പിടിച്ചത്. നിരപരാധികള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള നാശ നഷ്ടങ്ങള്‍ വരാതിരിക്കാനും പരമാവധി ശ്രദ്ധിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.


നിംറിനെ പോലെ സമാധാനത്തിന്റെ രാഷ്ട്രീയം പറഞ്ഞ, “ഷിയാ” അസദിന്റെയും “സുന്നി ” ബഹ്‌റൈന്റെയും അടിച്ചമര്‍ത്തല്‍ നയങ്ങളെ ഒരേ പോലെ എതിര്‍ത്തയാള്‍ സൗദി ഭരണകൂടത്തിന്റെ ശത്രുവാകുന്നതും സ്വാഭാവികം. അതോടൊപ്പം രാജ്യത്തിനകത്തും പുറത്തുമുള്ള എതിര്‍ ശബ്ദങ്ങളോട് എന്തായിരിക്കും തങ്ങളുടെ സമീപനമെന്നും ഈ വധങ്ങളിലൂടെ സൗദി പറയുന്നുണ്ട്.


nimr-4

ചുരുക്കത്തില്‍ സൈനിക പരമായുള്ള ശാക്തീകരണം മാത്രമല്ല വംശീയ രാഷ്ട്രീയത്തെ അതിജീവിക്കാന്‍ സാധിക്കുന്നത് കൊണ്ട് കൂടിയാണ് ഫലപ്രദമായി ഐസിസിനെ നേരിടാന്‍ ഇന്ന് ഇറാഖി ഭരണകൂടത്തിന് സാധിക്കുന്നത്. സിറിയയിലും സ്ഥിതി സമാനമാണ്. ഐസിസിനെതിരെ മുന്നേറ്റം നടത്തുന്നത് നുസ്‌റ പോലുള്ള തീവ്ര വിഭാഗങ്ങളല്ല, മറിച്ച് കുര്‍ദുകളെ പോലുള്ള മോഡറേറ്റ് ഗ്രൂപ്പുകളാണ്.

ഖാംനഇയും സൗദി ഭരണകൂടവുമെല്ലാം ഭയക്കുന്നതും ഈ സ്ഥിതി വിശേഷം തന്നെ. കപട വംശീയ ദ്വന്ദ്വങ്ങള്‍ക്കപ്പുറമുള്ള രാഷ്ട്രീയം തങ്ങളുടെ നിലനില്‍പിന് ഭീഷണിയായി അവര്‍ കാണുന്നു. അങ്ങനെ വരുമ്പോള്‍ വീണ്ടും അതിലേക്കുള്ള തിരിച്ച് പോക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ അവര്‍ ശ്രമിക്കുന്നു. നിംറിനെ പോലെ സമാധാനത്തിന്റെ രാഷ്ട്രീയം പറഞ്ഞ, “ഷിയാ” അസദിന്റെയും “സുന്നി ” ബഹ്‌റൈന്റെയും അടിച്ചമര്‍ത്തല്‍ നയങ്ങളെ ഒരേ പോലെ എതിര്‍ത്തയാള്‍ സൗദി ഭരണകൂടത്തിന്റെ ശത്രുവാകുന്നതും സ്വാഭാവികം. അതോടൊപ്പം രാജ്യത്തിനകത്തും പുറത്തുമുള്ള എതിര്‍ ശബ്ദങ്ങളോട് എന്തായിരിക്കും തങ്ങളുടെ സമീപനമെന്നും ഈ വധങ്ങളിലൂടെ സൗദി പറയുന്നുണ്ട്.

സിറിയന്‍, യമന്‍ പ്രശ്‌നങ്ങളില്‍ നിര്‍ണായകമായ “സമാധാന ചര്‍ച്ചകള്‍ ” നടക്കാന്‍ പോവുന്നത് കൊണ്ട് ഈ സമീപനത്തിന് പ്രത്യേക പ്രാധാന്യവുമുണ്ട്. ഇറാനിലെ തീവ്ര വിഭാഗങ്ങള്‍ക്കാണെങ്കില്‍ 79-81 ലെ എംബസി ബന്ദി പ്രശ്‌നം പോലെ ബദല്‍ ധാരകള്‍ ഇല്ലാതാക്കി തീവ്ര ഇസ്ലാമിസ്റ്റ് കണ്‍സോളിഡേഷനുള്ള മറ്റൊരവസരമാണ് സിറിയ, യമന്‍ ഇടപെടലുകളും അതിന്റെ തുടര്‍ച്ചയായ എംബസി കത്തിക്കലുമെല്ലാം. 2009ല്‍ തുടങ്ങിയ ഗ്രീന്‍ മൂവ്‌മെന്റിനെയും അതിന്റെ പിന്‍ബലത്തില്‍ ഭരണത്തിലേറിയ പ്രസിഡന്റ് റൂഹാനിയേയും ഒതുക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ചും ആണവകരാറിലൂടെ റൂഹാനി വലിയൊരു മുന്നേറ്റം നടത്തിയ സാഹചര്യത്തില്‍.

വംശീയ താല്‍പര്യങ്ങള്‍ക്കുപരിയായി സാമ്പത്തിക, സാമ്രാജ്യത്ത താല്‍പര്യങ്ങളുമായിറങ്ങിയ റഷ്യയുടെ ഇടപെടല്‍ സിറിയന്‍ യുദ്ധമുഖത്ത് നിര്‍ണായകമായ മാറ്റങ്ങള്‍ കൊണ്ടു വന്നതാണ് ഖാംനഇ പക്ഷം നേരിട്ട മറ്റൊരു തിരിച്ചടി.

ചുരുക്കത്തില്‍ ഗ്രീന്‍ മൂവ്‌മെന്റും അറബ് വസന്തവും ഏത് വിധേയനയും തടഞ്ഞ് തങ്ങളുടെ അധികാര, സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള മേഖലയിലും പുറത്തുമുള്ള ശക്തികളുടെ ദയനീയ ശ്രമങ്ങളുടെ ഭാഗമാണ് ഷിയാ-സുന്നി കപട ദ്വന്ദ്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ പോരാട്ടങ്ങള്‍. അമേരിക്കന്‍ അധിനിവേശത്തോടെ ടോപ് ഗിയറിലായ ഇതിനിയും തുടരും. ജനാധിപത്യം പൂര്‍ണ്ണമായി പുലരുന്നത് വരെ നിരപരാധികളെ കൊന്ന് തള്ളിക്കൊണ്ട് തന്നെ !