| Sunday, 14th August 2022, 1:18 pm

പ്രവാചകനിന്ദയുടെ അപകടകരമായ തലങ്ങള്‍

നാസിറുദ്ദീന്‍

ശിയഈസത്തേയും 1979ലെ ഇറാന്‍ ഇസ്‌ലാമിക വിപ്ലവത്തേയും സംബന്ധിച്ച ഹമീദ് ദബാശിയുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ശിയാഈസത്തിന്റെ കൂടപ്പിറപ്പായ പോരാട്ട വീര്യത്തില്‍ ഇസ്‌ലാമിക വിപ്ലവത്തിന്റെ അടിവേരുകള്‍ കണ്ടെത്തുന്ന ദബാശി പിന്നീട് ഇതേ ശിയാഈസത്തിന്റെ ഭാഗമായ പൗരോഹിത്യം വിപ്ലവത്തെ അട്ടിമറിച്ച കാര്യവും വിശദീകരിക്കുന്നുണ്ട്.

വൈദേശിക ഇടപെടലിനും ഷാമാരുടെ ക്രൂരമായ അടിച്ചമര്‍ത്തലിനുമെതിരെ വ്യത്യസ്ത രാഷ്ട്രീയ മുദ്രാവാക്യങ്ങളേറ്റുപിടിച്ചവര്‍ നടത്തിയ ഐതിഹാസിക പോരാട്ടങ്ങളും പ്രതിഷേധങ്ങളുമാണ് ഇസ്‌ലാമിക വിപ്ലവത്തിലേക്കെത്തിച്ചത്. പക്ഷേ നിര്‍ണായകമായ അവസാന ഘട്ടങ്ങളില്‍ ഇതിനെ ഹൈജാക്ക് ചെയ്യാനും ആധിപത്യം നേടാനും ഇസ്‌ലാമിസ്റ്റുകള്‍ക്കായി.

അധികാരത്തിലേറിയതോടെ കറകളഞ്ഞ പൗരോഹിത്യത്തിന് അവര്‍ വഴിമാറി. പിന്നീട് ഇറാന്‍-ഇറാഖ് യുദ്ധം, റുഷ്ദി പ്രശ്‌നം, അമേരിക്കന്‍ ഉപരോധം തുടങ്ങിയ ചില സംഭവവികാസങ്ങളിലെ തന്ത്രപരമായ ഇടപെടലുകള്‍ പൗരോഹിത്യത്തിന്റെ അധികാരശേഷി ഭീകരമായി വര്‍ധിപ്പിച്ചു എന്നാണ് ദബാശി വിലയിരുത്തുന്നത്.

ഹമീദ് ദബാശി

മുകളില്‍ ദബാശി പറഞ്ഞ മൂന്ന് കാര്യങ്ങളില്‍ ഏറ്റവും കുറഞ്ഞ മുതല്‍മുടക്കില്‍ തന്നെ ഏറ്റവുമധികം ലാഭം കൊയ്തത് റുഷ്ദി വിവാദമായിരിക്കും. മറ്റ് രണ്ട് സംഭവങ്ങളേക്കാളും എത്രയോ മടങ്ങായിരുന്നു റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ്.

ഇറാഖുമായുള്ള യുദ്ധവും അമേരിക്കയുടെ ഉപരോധവും പൗരോഹിത്യത്തിന്റെയും ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെയും അധികാരശേഷി വലിയ തോതില്‍ കണ്‍സോളിഡേറ്റ് ചെയ്‌തെങ്കിലും സാമ്പത്തികവും രാഷ്ട്രീയവുമായി കനത്ത വില നല്‍കേണ്ടി വന്നിരുന്നു.

ഏതെങ്കിലും ഒരു പുസ്തകത്തിനോ കാര്‍ട്ടൂണിനോ എതിരായി വികാരമിളക്കി വിടുന്ന രാഷ്ട്രീയം പക്ഷേ അങ്ങനെയല്ല. അമേരിക്കയോ സദ്ദാമിന്റെ ഇറാഖോ പോലെയുള്ള ഭീകര ഭരണകൂടങ്ങളെ നേരിടേണ്ട ബാധ്യതയില്ല. താരതമ്യേന അതീവ ദുര്‍ബലനായ ഒരു എഴുത്തുകാരനോ പബ്ലിഷറോ ആയിരിക്കും. യുദ്ധ, ഉപരോധ, അക്രമണ, സൈനിക ഭീഷണികളൊന്നുമില്ല.

ഇറാനിലെ പൗരോഹിത്യ-ഇസ്‌ലാമിസ്റ്റ് ഭരണകൂടം മാത്രമല്ല ദുര്‍ബലരായ എതിരാളികളെ പ്രതിസ്ഥാനത്ത് നിര്‍ത്തി നുണപ്രചരണവും ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഉപയോഗിച്ചുള്ള വൈകാരിക സമരങ്ങള്‍ ഉപയോഗപ്പെടുത്തിയവര്‍. പാകിസ്ഥാന്‍ ഇളക്കി മറിച്ച മതനിന്ദാ സമരങ്ങളുടെ പിന്നിലുള്ള ‘തഹ്‌രീക് ഇ ലബ്ബയ്ക് പാകിസ്ഥാന്‍’ (ടി.എല്‍.പി) മറ്റൊരുദാഹരണം.

ആസിയാ ബീബിയെന്ന ക്രിസ്ത്യന്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട പാകിസ്ഥാനിലെ ഏറ്റവും ദുര്‍ബലയായ സ്ത്രീയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയ ഹിംസാത്മക സമരങ്ങള്‍ മാത്രമായിരുന്നു ടി.എല്‍.പിയുടെ രാഷ്ട്രീയ ചരിത്രം. കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ടാണ് പാക് ഭരണകൂടത്തെ പിടിച്ചുലയ്ക്കുന്ന രീതിയിലേക്ക് ടി.എല്‍.പി ‘വളര്‍ന്നത്’.

തഹ്‌രീക് ഇ ലബ്ബയ്ക് പാകിസ്ഥാന്‍

ഇത് കേവലം ടി.എല്‍.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയിലോ പാകിസ്ഥാനിലോ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന ഒരു പ്രതിഭാസവുമല്ല. പാകിസ്ഥാനില്‍ 1990ന് ശേഷം മാത്രം 80ലധികം പേര്‍ക്കാണ് മതനിന്ദാ ‘ആരോപണങ്ങളുടെ’ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടത് എന്നാണ്‌ ‘അല്‍ ജസീറ’ പറയുന്നത്.

കേവല ആരോപണങ്ങളുടെ പേരില്‍ ജനക്കൂട്ടം തല്ലിക്കൊല്ലുന്നതാണ് പതിവ് രീതി, ഇവിടെയുള്ള ബീഫ് കൊലകളുടെ അതേ രീതിയിലും ശൈലിയിലും. പലപ്പോഴും ഇങ്ങനെ ആരോപണവിധേയരായ ആളുകളുടെ ബന്ധുക്കളോ അഭിഭാഷകരോ വിധി പറഞ്ഞ ജഡ്ജിയോ ഒക്കെയാണ് കൊല്ലപ്പെടുന്നതെന്നും ‘അല്‍ ജസീറ’ കൂട്ടിച്ചേര്‍ക്കുന്നു.

ശ്രീലങ്കയില്‍ ഒരു ടെക്‌സ്റ്റൈല്‍ ഫാക്ടറി മാനേജര്‍ മതനിന്ദാ ആരോപണത്തിന്റെ പേരില്‍ നിഷ്ഠൂരമായ ആള്‍ക്കൂട്ട കൊലപാതകത്തിനിരയായത് ഈയടുത്താണ്. കൊല ചെയ്ത ശേഷം അദ്ദേഹത്തിന്റെ ശവശരീരം പരസ്യമായി കത്തിക്കുക കൂടി ചെയ്താണ് ഈ മുസ്‌ലിം ക്രിമിനല്‍ സംഘം അരിശം തീര്‍ത്തത്.

മുസ്‌ലിങ്ങള്‍ ഏറ്റവും മുന്തിയ പൗരാവകാശങ്ങളും സമാധാനന്തരീക്ഷവും അനുഭവിക്കുന്ന സ്വീഡന്‍ പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും പല രീതിയിലും എഴുത്തുകാരോ പ്രസാധകരോ ഒക്കെ മതനിന്ദാ ആരോപണങ്ങളുടെ പേരില്‍ ആക്രമിക്കപ്പെടുന്ന നിരവധി സംഭവങ്ങള്‍ അരങ്ങേറുന്നു.

റുഷ്ദിയുടെ കാര്യം തന്നെ എടുത്താല്‍ വിവാദ പുസ്തകമായ ‘സാത്താനിക് വേഴ്‌സസ്’ ഇറങ്ങിയ ശേഷം അതിന്റെ പേരില്‍ പല രാജ്യങ്ങളിലും പല കാലഘട്ടങ്ങളിലുമായി നിരവധി പേര്‍ അക്രമത്തിനിരയാകുകയോ ജീവന്‍ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ട്. അതില്‍ ഏറ്റവും അവസാനത്തേത് മാത്രമാണ് ഇപ്പോള്‍ റുഷ്ദിക്ക് നേരെ നടന്ന ഭീകരാക്രമണം.

സല്‍മാന്‍ റുഷ്ദി

റുഷ്ദിയാണെങ്കില്‍ ഈ കാലഘട്ടങ്ങളിലെ തന്റെ എഴുത്തുകളിലൂടെയും ഇടപെടലുകളിലൂടെയും കാണിച്ചു തന്നത് ഒരു ഇസ്‌ലാമോഫോബിയ പിന്‍ പറ്റുന്ന ആളെയല്ല, മറിച്ച് ഹിന്ദുത്വ അടക്കമുള്ള തീവ്ര ആശയങ്ങളോട് എതിര്‍പ്പുള്ള ആളായാണ്.

പക്ഷേ ഇതൊന്നും മതഭ്രാന്തിനടിമപ്പെട്ട ക്രിമിനലുകളെ തൃപ്തിപ്പെടുത്തിയില്ല. അതുകൊണ്ടാണ് നോവലുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളും കെട്ടടങ്ങിയ ശേഷം മാത്രം ജനിച്ചുജീവിച്ച ഹാദി മറ്റാര്‍ എന്ന യുവാവ് ഈ നിഷ്ഠൂര കൃത്യത്തിനിറങ്ങിയത്.

പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇസ്‌ലാമിക വിശ്വാസവും ആചാരനുഷ്ഠാനങ്ങളും കൃത്യമായി പാലിക്കുന്ന, മറ്റ് അക്രമ പ്രവര്‍ത്തനങ്ങളിലൊന്നും ഏര്‍പ്പെടാത്ത ആളായിരുന്നു ഹാദി. ഇതര മതസ്ഥരായ അയല്‍വാസികളോടും കൂടെ പഠിക്കുന്നവരോടുമൊന്നും പ്രശ്‌നമുണ്ടാക്കിയിട്ടില്ല. ഇതിന്റെയൊക്കെ സ്ഥിരീകരണം   വരേണ്ടതുണ്ട്.

സല്‍മാന്‍ റുഷ്ദി

പക്ഷേ ലഭ്യമായ വിവരങ്ങള്‍ നല്‍കുന്നത് ആവര്‍ത്തിക്കപ്പെടുന്ന പാറ്റേണ്‍ തന്നെയാണ്. സമാധാന പൂര്‍ണമായ ജീവിതം നയിക്കുന്ന ഹാദിയെ ഇതുപോലുള്ള ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തായിരിക്കും? ഈ കാര്യങ്ങളെ സമഗ്രമായും ആഴത്തിലും വിശകലനവിധേയമാക്കേണ്ടതുണ്ട്.

പരസ്പരപൂരകങ്ങളായ നിരവധി ഘടകങ്ങളും താത്പര്യങ്ങളും ചേര്‍ന്നതാണ് ‘മതനിന്ദ’, ‘പ്രവാചക നിന്ദ’ ആരോപണങ്ങളുടെ പേരിലുള്ള അക്രമങ്ങള്‍. അത് ഏതെങ്കിലും ഒറ്റപ്പെട്ട വ്യക്തിയുടെ തലയില്‍ പൊട്ടി മുളക്കുന്ന ഭ്രാന്തന്‍ ആശയങ്ങളല്ല. ഇതിലൊന്നാമത്തേത് മതത്തിന്റെ പൗരോഹിത്യവത്ക്കരണവും അതിന്റെ താത്പര്യങ്ങള്‍ക്കനുസൃതമായ മതവ്യാഖ്യാനങ്ങളുമാണ്.

ആദ്യം പറഞ്ഞ ഇറാന്‍ അനുഭവം ഇതിനേറ്റവും വലിയ ഉദാഹരണമാണ്. ഇസ്‌ലാമികവും അല്ലാത്തതുമായ മൂല്യങ്ങളില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് സമൂഹത്തിന്റെ നാനാ തുറകളിലുമുള്ളവര്‍ തുടക്കമിട്ട ഇറാന്‍ വിപ്ലവത്തിന്റെ ബഹുസ്വര സ്വഭാവത്തെ അട്ടിമറിച്ച് ഇസ്‌ലാമിസ്റ്റ് വിപ്ലവാക്കി മാറ്റിയതിന്റെ തുടര്‍ച്ചയിലാണ് റുഷ്ദി വിവാദത്തിന്റെ ബീജം കിടക്കുന്നത്.

പൗരോഹിത്യ താത്പര്യത്തിനനുസൃതമായ മതവ്യാഖ്യാനവും രാഷ്ട്രീയനയവും ഇതിനായി രൂപം കൊള്ളുന്നു. ഇറാന്‍ ഇന്നും അതിന്റെ ഫലം അനുഭവിക്കുന്നു. പാകിസ്ഥാനില്‍ ടി.എല്‍.പി എന്ന രാഷ്ട്രീയ പാര്‍ട്ടി ജീവിക്കുന്നത് തന്നെ ‘മതനിന്ദാ’ പ്രക്ഷോഭങ്ങളുടേയും അക്രമങ്ങളുടേയും രാഷ്ട്രീയവത്ക്കരണത്തിലൂടെയാണ്.

അവരെല്ലാം ഭീരുക്കളും നിഷ്‌കളങ്കരുമാണെന്ന് കരുതുന്നത് തന്നെ വിഡ്ഢിത്തമാണ്. കൃത്യമായ പൗരോഹിത്യ, രാഷ്ട്രീയ താത്പര്യങ്ങളുടെ ഗുണഭോക്താക്കളാണവര്‍, നന്നേ ചുരുങ്ങിയത് വലിയൊരു വിഭാഗം.

പൗരോഹിത്യ, രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസൃതമായി രൂപപ്പെടുത്തിയെടുത്തതോ നിയന്ത്രിക്കപ്പെടുന്നതോ ആയ മതവ്യാഖ്യാനങ്ങളാണ് രണ്ടാമത്തെ ഘടകം.

ഒരു വിമോചന പ്രത്യയശാസ്ത്രം എന്ന നിലക്കല്ല ഇവിടെ ഇസ്‌ലാം അവതരിപ്പിക്കപ്പെടുന്നത്. ജൈവികവും ചലനാത്മകവുമായ ഇസ്‌ലാമിന് പകരം ജീര്‍ണവും യാന്ത്രികവുമായ ഇസ്‌ലാമാണ് പഠിപ്പിക്കപ്പെടുന്നതും പ്രചരിപ്പിക്കപ്പെടുന്നതും.

തന്റെ ജീവിതത്തിലുടനീളം എല്ലാ വിധ അധിക്ഷേപങ്ങളേയും വിമര്‍ശനങ്ങളേയും സര്‍ഗാത്മകമായി നേരിട്ടുകൊണ്ട് പ്രവാചകന്‍ നടത്തിയ സാമൂഹിക വിപ്ലവം എന്താണെന്ന് മനസ്സിലാക്കാത്ത ഒരു വിശ്വാസി സമൂഹത്തെയാണ് ഇവര്‍ വളര്‍ത്തിയെടുക്കുന്നത്. അതില്‍ സ്ത്രീകള്‍ പിന്‍നിരയില്‍ ഇരിക്കേണ്ടവരും വേദിയില്‍ കയറാന്‍ പറ്റാത്തവരുമായ രണ്ടാംകിട പൗരര്‍ ആണ്.

മതപരിത്യാഗി വധിക്കപ്പെടേണ്ട ആളോ എല്ലാവിധ അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട് ഒതുങ്ങിക്കൂടേണ്ടവളോ/നോ ആണ്. ജനാധിപത്യവും വ്യക്തി സ്വാതന്ത്ര്യവും പ്രാതിനിധ്യവുമെല്ലാം പൊതു സമൂഹത്തില്‍ നിന്ന് അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ആയുധങ്ങള്‍ മാത്രമാണ്.

സമുദായത്തിലെ ഓരോ യൂണിറ്റിലും നടപ്പിലാക്കി മാതൃക കാണിക്കാനുള്ളതല്ല. ഖുര്‍ ആനും പ്രവാചകനും മുന്നോട്ട് വെക്കുന്ന സഹിഷ്ണുതയും ബഹുസ്വരതയും കാരുണ്യവുമൊന്നുമല്ല, പ്രവാചകന്റെ മുടിയെന്ന പേരിലുള്ള രോമക്കെട്ടും സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതോ പച്ച നുണകളോ ആയ വ്യാജ ഹദീസുകള്‍ അടിസ്ഥാനപ്പെടുത്തിയെടുത്ത ഹിംസാത്മക വ്യാഖ്യാനങ്ങള്‍ക്കുമാണ് സ്ഥാനം, അല്ലെങ്കില്‍ ജീര്‍ണമായ വ്യാഖ്യാനങ്ങള്‍.

ആയത്തുള്ള ഖൊമേനി

ഈ വ്യാഖ്യാനങ്ങളിലെ നിര്‍ണായക കണ്ണിയാണ് മതത്തോടും നബിയോടുമുള്ള സ്‌നേഹമെന്ന ലേബലില്‍ അവതരിപ്പിക്കപ്പെടുന്ന കറകളഞ്ഞ അപര വിദ്വേഷം.

ഹിംസാത്മക വ്യാഖാനങ്ങള്‍ കേട്ട് വളരുന്ന ‘വിശ്വാസി സമൂഹം’ ആണ് ഇതിലെ അവസാന കണ്ണി, അഥവാ ഇതിലെ ആദ്യ ഇരകള്‍. അവരില്‍ താരതമ്യേന നിഷ്‌കളങ്കരാണ് റുഷ്ദിയെ പോലുള്ള എല്ലാ വിധ വിമത ശബ്ദങ്ങളേയും കൊന്ന് തീര്‍ത്ത് ഇസ്‌ലാം സംരക്ഷിക്കണമെന്നും അതിനായി വേണ്ടി വന്നാല്‍ സ്വയം ഇല്ലാതാവണമെന്ന് കരുതുകയും ചെയ്യുന്നവര്‍. ഇസ്‌ലാമോഫോബിയക്ക് ഏറ്റവും വലിയ ഇന്ധനമാണവര്‍.

ഈ അപകടകരമായ വ്യാഖ്യാനങ്ങളും അതിന്റെ മൂല കാരണമായ പൗരോഹിത്യ വ്യവസ്ഥിതിയും സമുദായത്തിന്റെ പൊതുധാരയില്‍ ഉറങ്ങിക്കിടക്കുന്ന മൈനുകളാണ്. ഈ മൈനുകള്‍ നീക്കം ചെയ്യാതെ പൊട്ടിത്തെറിക്കുമ്പോള്‍ ആശുപത്രിയിലെത്തിച്ചത് കൊണ്ട് കാര്യമില്ല. ഇസ്‌ലാമില്‍ പൗരോഹിത്യമില്ലെന്നത് ഫലത്തില്‍ താത്വികവാദം മാത്രമായി മാറി.

പിന്‍വാതിലിലൂടെ കയറി വന്ന പൗരോഹിത്യം സമുദായത്തിന്റെ എല്ലാ വ്യവഹാരങ്ങളേയും നിയന്ത്രിക്കുന്ന അവസ്ഥയാണിന്ന്. ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടെന്ന് പോലും പൗരോഹിത്യ നേതൃത്വം അംഗീകരിക്കാത്ത സ്ഥിതിക്ക് എന്തെങ്കിലും മാറ്റം അവരില്‍ നിന്ന് സമീപ ഭാവിയിലൊന്നും പ്രതീക്ഷിക്കാന്‍ വയ്യ.

പക്ഷേ ഇവരുടെ താത്പര്യങ്ങളുടെ ഇരകളായ സാധാരണ വിശ്വാസികള്‍, പ്രത്യേകിച്ചും പെണ്ണുങ്ങളും പുതിയ തലമുറയും, പുതിയ കാലഘട്ടത്തിന്റെ ഊര്‍ജ്ജമുള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനത്തിലൂടെ ഇവരെ തടയേണ്ടതുണ്ട്. അതില്‍ മാത്രമാണ് പ്രതീക്ഷയുള്ളതും.

Content Highlight: Nasirudeen about Salman Rushdie and dangerous levels of blasphemy

നാസിറുദ്ദീന്‍

We use cookies to give you the best possible experience. Learn more