| Saturday, 11th March 2023, 8:41 pm

മുസ്‌ലിം അനന്തരാവകാശ നിയമം : അക്ഷരാര്‍ത്ഥ വായനക്കപ്പുറത്തുള്ള ഇസ്‌ലാമിനെ കണ്ടെത്തണം

നാസിറുദ്ദീന്‍

മുസ്‌ലിം അനന്തരാവകാശ നിയമവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളിലെ വാദങ്ങളില്‍ പുതുമയില്ല. പക്ഷേ അത് ശ്രദ്ധേയമാവുന്നത് സമയവും സാഹചര്യവും കാരണമാണ്. ഈ ചര്‍ച്ചകളുടെ, സമാന സ്വഭാവമുള്ള ഇസ്‌ലാമിലെ മറ്റു ചര്‍ച്ചകളുടേയും, കാതലായ വശം അതിന്റെ പ്രമാണ വായനകളുമായി ബന്ധപ്പെട്ടതാണ്.

ഇസ്‌ലാമിലെ അടിസ്ഥാന മതപ്രമാണങ്ങള്‍, പ്രത്യേകിച്ചും ഒന്നാമത്തെ പ്രമാണവും ദൈവിക വചനങ്ങളായും മുസ്‌ലിം ലോകം കരുതുന്ന ഖുര്‍ആന്‍, എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത് എന്നതില്‍ നിന്നാണ് പ്രശ്‌നം വരുന്നത്. ഖുര്‍ആന്‍ താരതമ്യേന ഒരു ചെറിയ പുസ്തകമാണ്. ഒരു സമഗ്ര ജീവിത വ്യവസ്ഥിതിക്ക് മാര്‍ഗദര്‍ശനവും വഴികാട്ടിയുമായി സ്വയം പരിചയപ്പെടുത്തുന്ന ഖുര്‍ആനില്‍ 7000 ല്‍ താഴെ സൂക്തങ്ങള്‍ മാത്രമേ ഉള്ളൂ.

ഖുര്‍ആന്‍

അതിന്റെ ഭാഷ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്ക് സാധ്യത നല്‍കുന്നതും ശൈലി അവ്യക്തമായി തോന്നുന്നതുമാണ്. അതിന്റെ ഊന്നലാവട്ടെ നീതി, കാരുണ്യം പോലുള്ള ചില അടിസ്ഥാന തത്വങ്ങളിലാണ്, അവ നടപ്പിലാക്കേണ്ടതിന്റെ വിശദാംശങ്ങളിലല്ല. അത് മാത്രമല്ല, ഖുര്‍ആനിക സൂക്തങ്ങള്‍ ആഴത്തില്‍ പരിശോധിക്കുമ്പോള്‍ ഒരു പ്രാമാണിക ഗ്രന്ഥം എന്ന രീതിയിലുള്ള ഏകശിലാ രൂപത്തിനപ്പുറം ഏഴാം നൂറ്റാണ്ടിലെ അറേബ്യന്‍ ഗോത്ര ജീവിതത്തിന്റെയും സാംസ്‌കാരത്തിന്റെയും പ്രതിഫലനവും അതിനോടുള്ള പ്രതികരണവും ഉടനീളം കാണാം.

ഖുര്‍ആന്‍ (ബോധപൂര്‍വം) തുറന്നിടുന്ന ഈ വ്യാഖ്യാന സാധ്യത പല വിധ വ്യാഖ്യാന രീതികള്‍ക്കും (Hermeneutics) തദടിസ്ഥാനത്തില്‍ രൂപപ്പെട്ട വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്കും ഇടം നല്‍കിയിട്ടുണ്ട്. സ്വാഭാവികമായും ഇത് ഇസ്‌ലാമിക ലോകത്ത് വളരെ വ്യത്യസ്തവും പലപ്പോഴും പരസ്പര വിരുദ്ധവുമായ ചിന്താ ധാരകള്‍ക്ക് ഇടം നല്‍കിയിട്ടുണ്ട്, ചരിത്രത്തിലുടനീളം. ഒരറ്റത്ത് ഖുര്‍ആനെ കേവലം അക്ഷര കൂട്ടായ്മയായി കണ്ട് തീര്‍ത്തും അക്ഷരാര്‍ത്ഥ വായനയിലൂടെ മത സങ്കല്‍പം രൂപപ്പെടുത്തി എടുക്കുന്ന താലിബാന്‍ രീതിയുണ്ട്. മറ്റേ അറ്റത്ത് ഖുര്‍ആന്‍ എന്നത് ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ഗോത്രീയ സമൂഹത്തെ ചില മൂല്യങ്ങള്‍ പരിചയപ്പെടുത്താന്‍ ശ്രമിക്കുകയും അതിലേറെ വരും തലമുറകള്‍ക്കായി ബാക്കി വെക്കുകയും ചെയ്ത ചലനാത്മക പ്രത്യയ ശാസ്ത്ര മാനിഫെസ്റ്റോ ആയി കാണുന്ന രീതിയുണ്ട്. ഇതിനിടയില്‍ വേറെയും ഒരുപാട് രീതികളും.

ഇതില്‍ ആദ്യത്തെ രീതിയിലുള്ള ഖുര്‍ആന്റെ അക്ഷരാര്‍ത്ഥ വായന താരതമ്യേന എളുപ്പമാണ്. അതില്‍ ചരിത്രപരമായ അറിവോ അന്നത്തെ സാമൂഹിക സാഹചര്യങ്ങളോ പ്രസക്തമല്ല, ആധുനിക സാഹചര്യത്തോടോ കാലം ആര്‍ജിച്ചെടുത്ത മൂല്യങ്ങളോടോ സമത്വ സങ്കല്‍പങ്ങളോടോ സംവദിക്കേണ്ടതില്ല. വലിയ ബൗദ്ധിക വെല്ലുവിളിയും ഉയര്‍ത്തുന്നില്ല. പ്രമാണങ്ങളും അനുബന്ധ സോഴ്‌സുകളും തലനാരിഴ കീറി പരിശോധിക്കുമ്പോഴും ഖുര്‍ആന്‍ നിരന്തരം ഊന്നിപ്പറയുന്ന യുക്തിയുടെ ഉപയോഗം പരമാവധി മാറ്റി നിര്‍ത്തിയാണത് ചെയ്യുന്നത് തന്നെ.

ഏത് സാഹചര്യത്തിലാണ് ഒരു ഖുര്‍ആന്‍ സൂക്തം ഇറങ്ങിയത്, അതിലെ നിര്‍ദേശത്തിന് കാരണമായ സാമൂഹിക സാഹചര്യം എന്ത്, അതിലൂടെ ഖുര്‍ആന്‍ നടപ്പിലാക്കാന്‍ നോക്കിയ മൂല്യം എന്തായിരുന്നു, ആ മൂല്യം ഇന്നത്തെ തീര്‍ത്തും വ്യത്യസ്തമായ സാഹചര്യത്തില്‍ കൂടുതല്‍ ഫലപ്രദമായി എങ്ങനെ നടപ്പിലാക്കാം തുടങ്ങിയ ചിന്തകള്‍ക്കൊന്നും അതില്‍ ഇടമില്ല. സ്വാഭാവികമായും ഇസ്‌ലാമിനകത്തും പുറത്തും നില്‍ക്കുന്ന വലിയൊരു വിഭാഗത്തിന്റെ രീതിശാസ്ത്രവും സമീപനവും ഇതാണ്. ഒറ്റപ്പെട്ട സൂക്തങ്ങള്‍ ഉദ്ധരിച്ചുള്ള ഇസ്‌ലാമിസ്റ്റ്-യുക്തിവാദി ‘സംവാദങ്ങള്‍’ ഇതിന്റെ ഒന്നാന്തരം പ്രകടനങ്ങളാണ്.

ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഖുര്‍ആനെ ചരിത്രപരമായി കൂടി സമീപിക്കുന്ന രണ്ടാമത്തെ രീതി. ഏഴാം നൂറ്റാണ്ടിലെ ചരിത്രവും സാമൂഹിക സാഹചര്യങ്ങളും അതി സൂക്ഷ്മമായി വിലയിരുത്തണം. നിലവിലുണ്ടായിരുന്ന സാഹചര്യത്തില്‍ എന്ത് മാറ്റം/മൂല്യം കൊണ്ടു വരാനാണ് ഒരു സൂക്തത്തിലൂടെ/സൂക്തങ്ങളിലൂടെ ഖുര്‍ആന്‍ ശ്രമിച്ചതെന്ന് വിലയിരുത്തണം. ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന ലോക വീക്ഷണത്തോട് ( weltanschauung)  യോജിക്കുന്ന വായനയും വ്യാഖ്യാനവും എളുപ്പമല്ല. അതിലെ പ്രായോഗികതയും നേരിടേണ്ടി വന്ന വെല്ലുവിളികളും അതിലേറെ പ്രാധാന്യമാണ്.

കാരണം ഈ വെല്ലുവിളികളും അപ്രായോഗികതയും കാരണമാണ് ഖുര്‍ആന്‍ പലപ്പോഴും ചില മാറ്റങ്ങള്‍ മയപ്പെടുത്തിയതും പിന്നത്തേക്ക് മാറ്റി വെച്ചതും. ഏതൊരു സാമൂഹിക പരിഷ്‌കര്‍ത്താവിനും ഒറ്റയടിക്ക് നിലവിലുള്ള നിയമ സംവിധാനം ഉടച്ചു വാര്‍ക്കാന്‍ സാധിക്കുകയില്ല. തലമുറകളിലൂടെ ഘട്ടം ഘട്ടമായി മാത്രമേ അത് സാധ്യമാവൂ. പക്ഷേ കാലക്രമേണ അത് സാധ്യമാക്കുന്ന രീതിയില്‍ ഒരു ധാര്‍മിക മൂല്യവ്യവസ്ഥിതിയെ പരിചയപ്പെടുത്താനും അത് നടപ്പില്‍ വരുത്തുന്നതിന് തുടക്കമിടാനും കഴിയണം. സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ ഖുര്‍ആന്റെ പിന്‍ബലത്തില്‍ പ്രവാചകന്‍ മുഹമ്മദ് നടപ്പിലാക്കിയതും ഈയൊരു ശൈലിയാണെന്ന് കാണാം.

അടിമുടി പുരുഷ കേന്ദ്രീകൃതമായ ഏഴാം നൂറ്റാണ്ടിലെ അറേബ്യയില്‍ പ്രവാചകന്‍ നടപ്പിലാക്കാന്‍ നോക്കിയ സാമൂഹിക പരിഷ്‌കരണങ്ങളെ ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. ഇവിടെ രണ്ട് കാര്യങ്ങള്‍ താരതമ്യം ചെയ്യാം. അടിമത്വവും ബഹുഭാര്യത്തവും. അടിമത്വം ഖുര്‍ആന്‍ ഒരിക്കലും നിരോധിച്ചിട്ടില്ല. പക്ഷേ ഒരു പാട് നിയന്ത്രണങ്ങളും പരിഷ്‌കരണങ്ങളും കൊണ്ടു വന്നു. അന്നത്തെ സാമൂഹിക, സാമ്പത്തിക വ്യവസ്ഥിതിയുടെ ആണിക്കല്ലായിരുന്ന അടിമത്തത്തിനെതിരായ നീക്കം ഏറെ വെല്ലുവിളികള്‍ നേരിട്ടതായിരുന്നു.

നബിയുടെ അവസാന കാലഘട്ടത്തില്‍ നടന്ന ഹുനൈന്‍ യുദ്ധത്തില്‍ അടിമകളായി കിട്ടിയ ശത്രു പക്ഷത്തുള്ളവരെ നബി സ്വതന്ത്രമാക്കാന്‍ നോക്കിയപ്പോള്‍ സ്വന്തം പക്ഷത്തുള്ളവര്‍ തന്നെ ശക്തമായി എതിര്‍ത്ത കാര്യം ഇമാം തബ്‌രി തന്റെ ചരിത്ര പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. അടിമസ്ത്രീകളില്‍ കുട്ടികളെ ജനിപ്പിച്ച് അവരെ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്ന രീതി അന്ന് വ്യാപകമായിരുന്നു. ഇതിന് ഇസ്‌ലാം തടയിട്ടതോടെയാണ്‌ ഇതിലൂടെ ധനസമ്പാദനം നടത്തിയ ഒരു വിഭാഗം ഇസ്‌ലാമിനെതിരാവുന്നത്.

ആ സമയത്ത് ഇസ്‌ലാമിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയ ‘മുനാഫിക്കുകള്‍’ എന്ന വിഭാഗത്തിന്റെ നേതാവായി അറിയപ്പെട്ടിരുന്ന അബ്ദുള്ളാഹ് ബിന് ഉബയ് ഒരുദാഹരണം(മുനാഫിഖ്= ദുര്‍ബല വിശ്വാസി; വിശ്വാസവും സ്വാര്‍ത്ഥ ഭൗതിക താല്‍പര്യവും ഏറ്റു മുട്ടുമ്പോള്‍ താല്‍പര്യത്തിന്റെ കൂടെ നില്‍ക്കുന്ന ആള്‍). ഇങ്ങനെയുള്ള പ്രതിരോധങ്ങള്‍ സ്വാഭാവികമായിരുന്നു.

എന്നാലും ഇസ്‌ലാമിന്റെ വരവോടെ അടിമകളുടെ സ്ഥിതി ഏറെ മെച്ചപ്പെടുകയും അവര്‍ സമൂഹത്തിലെ ഉന്നത പദവികള്‍ അലങ്കരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു. പിന്നീട് ലോകം ഏറെ മുന്നോട്ട് പോവുകയും അടിമത്തം പാടെ ഉപേക്ഷിക്കുകയും ചെയ്തു, ആയിരത്തിലധികം വര്‍ഷം കൊണ്ടാണ് ഈ വിപ്ലവം പൂര്‍ണമായത്.

ഇന്നൊരു മുസ്‌ലിമും ഖുര്‍ആന്‍ അംഗീകരിച്ച പ്രകാരം സ്ത്രീകളെ അടിമകളാക്കാനോ അവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനോ ശ്രമിക്കുന്നില്ല. ഏഴാം നൂറ്റാണ്ടില്‍ എന്ത് കൊണ്ട് അടിമത്തം ഒറ്റയടിക്ക് നിരോധിച്ചില്ലാ എന്ന് സാമാന്യ ബോധമുള്ള ആരും ചോദിക്കുകയുമില്ല.

ബഹുഭാര്യത്വത്തിന്റെ കാര്യത്തിലും ഇങ്ങനെയൊരു സമീപനമായിരുന്നു ഖുര്‍ആന്‍ സ്വീകരിച്ചത്. പത്തും ഇരുപതും പേരെ കല്യാണം കഴിച്ചിരുന്നവരോട് കര്‍ശനമായി നാലില്‍ ഒതുക്കാന്‍ പറഞ്ഞു. ഒരു പടി കൂടി കടന്ന് ഒന്നാണ് അഭികാമ്യമെന്നും അസാധ്യമെന്ന് ഖുര്‍ആന്‍ തന്നെ വിശേഷിപ്പിച്ച ‘ബഹുഭാര്യത്തം പിന്തുടരുന്ന കേസില്‍ ഭാര്യമര്‍ക്കിടയില്‍ നീതി പാലിക്കല്‍’ എന്ന നിബന്ധനയും വെച്ചു.

നിരന്തര യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ അനാഥ കുട്ടികളുടെ എണ്ണം കൂടുകയും അവരുടെ സ്വത്ത് തട്ടിയെടുക്കുന്നത് വ്യാപകമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നാലെണ്ണം പോലും അനുവദിക്കപ്പെടുന്നത്. പിതാവിന്റെ ഭാര്യമാരെ പാരമ്പര്യ സ്വത്ത് പോലെ ആണ്‍മക്കള്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്ന വ്യവസ്ഥിതി ഇസ്ലാം ഒറ്റയടിക്ക് നിര്‍ത്തലാക്കി. പെണ്‍ മക്കളെ കൊല്ലുന്നതും അങ്ങനെ തന്നെ. പക്ഷേ സഹോദരിമാരെ ഒരുമിച്ച് വിവാഹം കഴിക്കുന്നത് നിര്‍ത്തലാക്കിയപ്പോഴും നിലവിലുള്ളവരെ അതില്‍ തുടരാന്‍ അനുവദിച്ചു.

അതായത് നീതി, കാരുണ്യം, സമത്വം തുടങ്ങി ഖുര്‍ആന്‍ ഊന്നിപ്പറയുന്ന മൂല്യങ്ങള്‍ മാത്രമല്ല ‘പ്രായോഗികത’ കൂടി പരിഗണിച്ചാണ് ഇസ്‌ലാമും നബിയും വിപ്ലവം നടത്തിയത് എന്ന് കാണാം. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഖുര്‍ആനും നബിയും സ്വീകരിച്ച സമീപനങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ ഈ പ്രായോഗികത കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.

അതിന് ഏഴാം നൂറ്റാണ്ടിലെ അറേബ്യന്‍ ഗോത്ര സമൂഹത്തിലെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, വംശീയ പശ്ചാത്തലം ആഴത്തില്‍ മനസ്സിലാക്കിയുള്ള ചരിത്രപരമായ ഖുര്‍ആന്‍ വായന അനിവാര്യമാണ്. Contextual Reading എന്ന് ഇംഗ്ലീഷില്‍ പറയുന്ന, പക്ഷേ അതിനേക്കാള്‍ ഭംഗിയായി ടitz im Leben എന്ന് ജര്‍മന്‍ ഭാഷയില്‍ പറയുന്ന രീതി ശാസ്ത്രം അടിത്തറയാക്കിയുള്ള വായനയാണ് വേണ്ടത്.

സാമ്പത്തിക കാര്യങ്ങള്‍ക്ക് സാക്ഷ്യം പറയാന്‍ പെണ്ണുങ്ങളെ അടുപ്പിക്കാതിരുന്ന കാലത്താണ് ഖുര്‍ആന്‍ പെണ്ണുങ്ങളെ കൂടി കൂട്ടാന്‍ പറയുന്നത്. അവര്‍ക്ക് പരിചയമില്ലാത്ത മേഖലയായതിനാല്‍ ഒരാണിന് പകരം രണ്ട് പെണ്ണുങ്ങള്‍ വേണമെന്നത് തീര്‍ത്തും ന്യായവും യുക്തി സഹവുമാണ്. പക്ഷേ തലമുറകള്‍ക്ക് ശേഷം പെണ്ണുങ്ങള്‍ ഈ മേഖലയില്‍ കഴിവും അനുഭവ സമ്പത്തും ആര്‍ജിച്ച് കഴിഞ്ഞാല്‍ ഇതേ സമവാക്യം തുടരണമെന്ന് വാശി പിടിക്കുന്നത് ബാലിശം മാത്രമല്ല ഖുര്‍ആന്‍ ഇതിലൂടെ ലക്ഷ്യമിട്ട മൂല്യ സങ്കല്‍പത്തെ അട്ടിമറിക്കല്‍ കൂടിയാണ്.

അനന്തരാവകാശത്തിലേക്ക് വരാം. നിലവില്‍ പെണ്‍മക്കള്‍ക്ക് യാതൊരവകാശവും ഇല്ലാത്ത സാഹചര്യത്തില്‍ പകുതി സ്വത്ത് പെണ്‍ മക്കള്‍ക്ക് നല്‍കാന്‍ വിധിച്ചു. തീര്‍ച്ചയായും അതൊരു വിപ്ലവകരമായ നീക്കമായിരുന്നു. പക്ഷേ അതിന്നര്‍ത്ഥം ലോകാവസാനം വരേ ഇങ്ങനെ തുടരണം എന്നല്ല.

ഇന്നത്തെ സാഹചര്യത്തില്‍ ഖുര്‍ആന്‍ ഊന്നി പറയുന്ന തുല്യത, നീതി തുടങ്ങിയ മൗലിക മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തി എല്ലാവര്‍ക്കും തുല്യമായി വീതിക്കണമെന്നാണ്. അല്ല, നാളെ മറ്റൊരു സാമൂഹിക, സാമ്പത്തിക സാഹചര്യം ഉരുത്തിരിഞ്ഞ് വന്നാല്‍ ആവശ്യമെങ്കില്‍ പെണ്ണിന്റേതും ആണിന്റെതുമെല്ലാം കൂട്ടാനോ കുറക്കാനോ സാധിക്കണം. ആധുനിക ക്ഷേമ രാജ്യ സങ്കല്‍പം കൂടുതല്‍ വികസിക്കുന്ന മുറക്ക് ഇതിനെല്ലാം മാറ്റം വരാം.

ഇവിടെ പതിവായി ഉയര്‍ന്നു വരുന്ന മറുവാദം ഖുര്‍ആന്‍ ആണുങ്ങളുടെ മേല്‍ കൃത്യമായ ചില ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുന്നുണ്ടെന്നും പെണ്ണുങ്ങളുടെ മേല്‍ അങ്ങനെയുള്ള ഉത്തരവാദിത്തങ്ങള്‍ ‘ഇല്ലാത്തതിനാല്‍’ സ്വത്ത് പകുതിയേ ആവശ്യമുള്ളൂ എന്നുമാണ്. ഈ വാദവും ഉയര്‍ന്നു വരുന്നത് അക്ഷരാര്‍ത്ഥ വായനയില്‍ നിന്നാണ്.

മനുഷ്യര്‍ ഒരു പാട് അനുഗ്രഹീതരും ഏറെ കഴിവും സാധ്യതയുമുള്ളവരും ആണെന്നതാണ് ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന ഒരു പ്രധാന ആശയം. ഈ കഴിവുകള്‍ ഗുണപരമായ രീതിയില്‍ മാത്രം ഉപയോഗിച്ച് ഭൂമിയില്‍ സമാധാനം നില നിര്‍ത്താനാണ് ഓരോ വിശ്വാസിയും ശ്രമിക്കേണ്ടതെന്നും ഖുര്‍ആന്‍ നിരന്തരം ഓര്‍മപ്പെടുത്തുന്നുണ്ട്. ഇതിലെവിടെയും ആണോ പെണ്ണോ മറ്റേതെങ്കിലും വിഭാഗമോ കഴിവ് കുറഞ്ഞവരോ കൂടിയവരോ ആണെന്ന സൂചന ഖുര്‍ആന്‍ നല്‍കുന്നുമില്ല.തുല്യത ഊന്നിപ്പറയുന്ന ഒരു പാട് സന്ദര്‍ഭങ്ങള്‍ ഉണ്ട് താനും.

ഈ തുല്യതയെയും നീതി സങ്കല്‍പത്തേയും അടിസ്ഥാനപ്പെടുത്തി പിന്നോക്കാവസ്ഥയിലായിരുന്ന വിഭാഗങ്ങളെ ശാക്തീകരിക്കുകയും മുന്നോട്ട് കൊണ്ട് വരികയുമാണ് ഖുര്‍ആനും ഇസ്ലാമും ചെയ്തത്. അടിമത്തത്തില്‍ ഇസ്ലാം നടത്തിയ പരിഷ്‌കരണങ്ങളുടെ ഫലമായി മത, രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ അവര്‍ ഏറെ മുന്നോട്ട് പോയി.

പെണ്ണുങ്ങളുടെ കാര്യവും സമാനമാണ്. അവര്‍ പൊതുവെ മാറ്റി നിര്‍ത്തപ്പെട്ടിരുന്ന സാമ്പത്തിക വ്യവഹാരങ്ങളില്‍ അവരുടെ സാക്ഷ്യം സ്വീകാര്യമാക്കി. അവര്‍ ജഡ്ജിമാരും അധ്യാപകരുമായി. നബിയുടെ ശേഷം രണ്ടാമത് വന്ന ഭരണാധികാരിയായ ഉമറിന്റെ കാലത്ത് അവര്‍ അങ്ങാടിയുടെ ഭരണം വരെ നടത്തി. അവര്‍ രാഷ്ട്രീയ, സൈനിക നേതൃ പദവികള്‍ അലങ്കരിച്ചു. പ്രവാചക പത്‌നിയായിരുന്ന ആയിശ യുദ്ധം വരേ നയിച്ചു.

ഇതെല്ലാം പ്രവാചകന്റെ കാലത്തോ തൊട്ടടുത്ത നൂറ്റാണ്ടുകളിലോ നടന്നതാണ്. ആയിശ യുദ്ധം നയിച്ചപ്പോള്‍ എതിര്‍ പക്ഷത്തെ നേതാവായിരുന്ന അലി പോലും അവര്‍ പെണ്ണായതിനാല്‍ നേതൃത്വം തെറ്റായിരുന്നു എന്ന് പറഞ്ഞിട്ടില്ല. മൊത്തം ജനങ്ങളുമായി ബന്ധപ്പെട്ട ഈ ഭാരിച്ച ഉത്തരവാദിത്തങ്ങളൊക്കെ വഹിക്കാന്‍ യോഗ്യരായവര്‍ കേവലം സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തം നോക്കി നടത്താന്‍ യോഗ്യരല്ലെന്ന് പറയുന്നതിലും വലിയ മണ്ടത്തരം വേറെയില്ല.

ഇന്ന് ആണിനും പെണ്ണിനും ഒരേ പോലെ ജോലിയെടുക്കാനും ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുമുള്ള സാഹചര്യം ലോകത്തുണ്ട്. തൊഴിലിടങ്ങളിലെ ലിംഗ വിവേചനമൊക്കെ വളരെ മോശമായിട്ടാണ് ലോകം കാണുന്നത്. കായിക ശേഷിയല്ല, ബൗദ്ധിക ശേഷിയാണ് മഹാ ഭൂരിപക്ഷം ജോലിയുടേയും യോഗ്യത. ഈ സാഹചര്യത്തില്‍ പെണ്ണിന്റെ ജോലിയും ശമ്പളവുമൊക്കെ ആണിനെ പോലെ ഉത്തരവാദിത്തങ്ങളും ബാധ്യതകളും നിറവേറ്റാനുള്ളതാണ്. മറിച്ചുള്ള വാദം പെണ്ണിനോട് മാത്രമല്ല, ആണിനോട് കൂടി ചെയ്യുന്ന ക്രൂരതയാണ്.

ഇത് പെണ്ണുങ്ങളുടെ കാര്യത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതുമല്ല. ‘സകാത്’ എന്ന പേരില്‍ വിശ്വാസികള്‍ സമ്പത്തിലൊരു വിഹിതം മറ്റുള്ളവര്‍ക്ക് നല്‍കേണ്ടതുണ്ട്. ഇന്നത്തെ ക്ഷേമരാജ്യസങ്കല്‍പ്പങ്ങളോ പുരോഗമന നികുതി സമ്പ്രദായങ്ങളോ കണക്കിലെടുക്കാതെ ഏഴാം നൂറ്റാണ്ടിലെ കണക്കില്‍ പിടിച്ചു തൂങ്ങുകയാണ് പതിവ്.

ഏറ്റവും ശ്രദ്ധേയമായ കാര്യം നബിയുടെ ഏറ്റവും അടുത്ത അനുയായികള്‍ ഈ ഖുര്‍ആന്‍ വചനങ്ങള്‍ വ്യാഖ്യാനിക്കുന്നതില്‍ എടുത്ത സ്വാതന്ത്ര്യമാണ്. കാലികമായ പുനര്‍ വായനക്കും വ്യാഖ്യാനങ്ങള്‍ക്കും ഇസ്‌ലാമിന്റെ ആദ്യ കാലഘട്ടത്തില്‍ തന്നെ നിരവധി ഉദാഹരണങ്ങള്‍ കാണാം. യുദ്ധത്തില്‍ പിടിച്ചടക്കിയ സ്വത്ത് പങ്ക് വെക്കുന്നത് ഖുര്‍ആന്‍ വഴി സ്ഥിതീകരിക്കപ്പെട്ട അന്നത്തെ ഏറ്റവും പ്രധാനപ്പെട്ട നിയമങ്ങളിലൊന്നാണ്. സൂറ അന്‍ഫാലില്‍ ഇക്കാര്യം സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുമുണ്ട്. ഇതനുസരിച്ച് അഞ്ചില്‍ ഒരു ഭാഗം ഖജനാവിലേക്കും ബാക്കി പങ്കെടുത്ത സൈനികര്‍ക്കുമായിരുന്നു.

നബിക്ക് ശേഷം അബൂബക്കറും ഇത് തുടര്‍ന്നു. പക്ഷേ യുദ്ധങ്ങള്‍ വളരെ വ്യാപകമായപ്പോള്‍ ഉമര്‍ നിയമത്തില്‍ മാറ്റം വരുത്തി. സൈനികരുടെ പങ്ക് വെട്ടിക്കുറച്ചു. ഖുര്‍ആനും നബിയുടെ മാതൃകയും ഉദ്ധരിച്ച് തന്നെ ചോദ്യം ചെയ്തവരോട് ഉമര്‍ പറഞ്ഞത് അന്നത്തെ സാഹചര്യമല്ല ഇന്നെന്നായിരുന്നു. ഇത്രയധികം യുദ്ധങ്ങളുള്ള ഈയവസരത്തില്‍ പഴയ പോലെ പങ്ക് സൈനികര്‍ക്ക് നല്‍കുന്നത് സാമ്പത്തിക അസമത്വം വര്‍ദ്ധിപ്പിക്കുമെന്നായിരുന്നു ഉമറിന്റെ പക്ഷം. പകരം ഈ അധിക വരുമാനം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുകയും ചെയ്തു.

ഇന്നെല്ലാവരും ഉദ്ധരിക്കുന്ന ‘ഉമറിന്റെ ക്ഷേമരാഷ്ട്ര’ ത്തിന്റെ അടിസ്ഥാനം ഉമറിന്റെ ഈ നിര്‍ണായക തീരുമാനമായിരുന്നു.

ഇവിടെ കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് സാമൂഹിക സാഹചര്യത്തില്‍ വന്ന മാറ്റമാണ് അക്ഷരാര്‍ത്ഥ വായനക്കപ്പുറം ഖുര്‍ആന്‍ മുന്നോട്ട് വെച്ച ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഈ സൂക്തങ്ങളെ പുനര്‍ വായിക്കാനും വ്യാഖ്യാനിക്കാനും പ്രേരിപ്പിച്ചത്.

പക്ഷേ അന്നും അക്ഷരാര്‍ത്ഥ വായനയിലൂടെ ഇസ്ലാമിനെ വ്യാഖ്യാനിച്ചവരുമുണ്ടായിരുന്നു. നബിക്ക് ശേഷം നാലാമത്തെ ഖലീഫ ആയിരുന്ന അലിയുടെ കാലഘട്ടത്തില്‍ സജീവമായിരുന്ന ‘ഖവാരിജുകള്‍’ ഒരുദാഹരണം. തങ്ങളുടെ അക്ഷരാര്‍ത്ഥ വായനക്കപ്പുറത്തുള്ളവരെ മുഴുവന്‍ ശത്രുപക്ഷത്ത് നിര്‍ത്തി അവരുമായി യുദ്ധം ചെയ്യുന്നതായിരുന്നു ഇവരുടെ രീതി. പിന്നീട് ചരിത്രത്തിലുടനീളം വ്യത്യസ്ത പേരുകളിലും രൂപങ്ങളിലുമായി ഇവരെ കാണാം. താലിബാനും ഐസിസുമൊക്കെ സമീപ കാല ഉദാഹരണങ്ങള്‍, കൂട്ടത്തിലേറ്റവും ഹിംസാത്മകവും.

കൊളോണിയല്‍, സാമ്രാജ്യത്ത ശക്തികള്‍ ഹിംസാത്മകമായി മുസ്‌ലിങ്ങളെ നേരിട്ടപ്പോള്‍ അരക്ഷിതാവസ്ഥയിലായ ഘട്ടങ്ങളിലൊക്കെ മുസ്‌ലിം സമുദായത്തില്‍ ഇങ്ങനെയുള്ള തീവ്ര (ചിലപ്പോഴൊക്കെ ജീര്‍ണ) ആശയങ്ങള്‍ക്ക് കൂടുതല്‍ വേരോട്ടമുണ്ടായതായി കാണാം. ഇപ്പോള്‍ ഇന്ത്യയിലും ആഗോള തലത്തിലും ഈ അക്ഷരാര്‍ത്ഥ വായനക്ക് കിട്ടുന്ന സ്വീകാര്യത രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ സമുദായം നേരിടുന്ന അരക്ഷിതാവസ്ഥയുമായി കൂടി ബന്ധപ്പെട്ടതാണ്.

ഇന്ന് ലോകത്ത് ശരീഅത്ത് നിയമങ്ങള്‍ എന്ന പേരില്‍ ഏകശിലാ രൂപത്തിലുള്ള ഒരു നിയമം തന്നെ ഇല്ല. വലിയ തോതില്‍ വൈവിധ്യവും വ്യത്യസ്തതയും അതിനകത്ത് തന്നെയുണ്ട്. ശരീഅത്ത് എന്ന പേരില്‍ അറിയപ്പെടുന്നത് ദൈവിക വചനങ്ങളല്ല, വ്യത്യസ്ത വ്യാഖ്യാനങ്ങളാണ്.

ഇന്ത്യയില്‍ പോലും ശരീഅത്ത് സംരക്ഷണത്തിനായുള്ള ഏറ്റവും വലിയ സംഘടനയായ മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് മുത്വലാഖ് കേസിന്റെ സമയത്ത് സുപ്രീം കോടതിയില്‍ പറഞ്ഞത് ശരീഅത്ത് തങ്ങള്‍ പരിഷ്‌കരിക്കും പക്ഷേ സമയം വേണമെന്നായിരുന്നു(നാളിതുവരെ അതിനായുള്ള ഒരു ശ്രമവും ബോര്‍ഡ് നടത്തിയിട്ടില്ലെന്നത് വേറെ കാര്യം).

ഇങ്ങനെ കാലികമായി ഖുര്‍ആന്‍ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്താല്‍ ഖുര്‍ആന്‍ മുന്നോട്ട് വെച്ച നീതിയിലും തുല്യതയിലും അധിഷ്ഠിതമായ ഒരു കൂടുതല്‍ മെച്ചപ്പെട്ട ലോകത്തിനായുള്ള ശ്രമത്തില്‍ മുസ്‌ലിങ്ങള്‍ക്കും പങ്കാളികളാകാം. അല്ലെങ്കില്‍ ലോകത്തിന്റെ മുന്നോട്ടുള്ള യാത്രയെ എതിര്‍ക്കാന്‍ നോക്കി സ്വയം അപ്രസക്തരാവാം.

പൗരോഹിത്യ നേതൃത്വവും അതിന്റെ അനുയായികളും രണ്ടാമത്തെ മാര്‍ഗമേ സ്വീകരിക്കൂ എന്നുറപ്പാണ്. കാരണം തുല്യത, വ്യക്തി സ്വാതന്ത്രം തുടങ്ങിയ ആശയം കത്തി വെക്കുന്നത് ഈ പൗരോഹിത്യ വ്യവസ്ഥിതിക്ക് നേരെയാണെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്. അവരുടെ യഥാര്‍ത്ഥ പ്രശ്‌നം അനന്തരാവകാശത്തിലെ സംഖ്യകളോ അനുപാതങ്ങളോ അല്ല. മറിച്ച് സാമ്പത്തിക സ്വാതന്ത്രവും വ്യക്തി സ്വാതന്ത്രവും ഉത്തരവാദിത്തങ്ങളും ഉള്ള വിശ്വാസികളാണ്.

ഇതൊക്കെ ആണിനെ പോലെ പെണ്ണിനും ആവാമെന്ന് വരുമ്പോള്‍ തകര്‍ന്ന് വീഴുന്നത് അക്ഷരാര്‍ത്ഥ വായനയിലൂടെ അവരുണ്ടാക്കിയെടുത്ത വികല മത സങ്കല്‍പമാണ്. ആശയത്തിനപ്പുറം യാന്ത്രിക സംഖ്യകളും ഉത്തരവാദിത്തത്തിനപ്പുറം ആശ്രയത്വത്തിലടക്കപ്പെട്ട പെണ്ണുങ്ങളുമൊക്കെ ഈ മത സങ്കല്‍പത്തിലെ അടിത്തറയാണ്. അതിളക്കാന്‍ അവരനുവദിക്കില്ല.

സംരക്ഷണവും ഉത്തരവാദിത്തവുമൊന്നും ഏതെങ്കിലുമൊരു വിഭാഗത്തിന് മാത്രമായി പരിമിതപ്പെടുന്ന ഫ്യൂഡല്‍ ചിന്തയില്‍ നിന്നൊക്കെ ലോകം ഏറെ മുന്നോട്ട് പോയി. ലിംഗഭേദമന്യേ ഇതൊക്കെ പരസ്പരം പങ്ക് വെച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതാണ് കാലത്തിന്റെ മാറ്റം ഒരു കൂട്ടര്‍ സ്ഥിരം സംരക്ഷകരും വേറൊരു കൂട്ടര്‍ സ്ഥിരം സംരക്ഷിക്കപ്പെടേണ്ടവരും ആയി കാണുന്ന ലോക വീക്ഷണമൊക്കെ പിടിച്ച് നില്‍ക്കാന്‍ നോക്കിയാല്‍ ഒലിച്ച് പോവുകയേ ഉള്ളൂ.

content highlights ; Nasiruddin writes about the Muslim Law of Succession

നാസിറുദ്ദീന്‍

We use cookies to give you the best possible experience. Learn more