| Tuesday, 4th January 2022, 2:44 pm

ഇത് ഭീമന്റെ വഴിയല്ല, കൗണ്‍സിലര്‍ റീത്തയുടെ വഴി

നാസിര്‍ കെ.സി.

അറബിക്കടലിന്റെ സിംഹമായ മരക്കാര്‍ ‘ബെട്ടിയിട്ട ബായത്തടി’ പോലെ കിടപ്പിലായതിന് ശേഷം മലയാളത്തിലിറങ്ങിയ ശ്രദ്ധേയമായ സിനിമയാണ് ഭീമന്റെ വഴി. ഒരേ സമയം ആധുനികനും പാരമ്പര്യവാദിയുമായി ഇരട്ട ജീവിതം നയിക്കുന്ന മലയാളിയുടെ സാമൂഹ്യ ജീവിതത്തില്‍ നിന്ന് കണ്ടെടുത്ത ഒരു സന്ദേശകാവ്യമാണ് ഈ സിനിമ.

വാഹനപ്രിയരായ മലയാളിക്ക് റോഡ് ഒരു അനിവാര്യതയാണല്ലോ. ആ അനിവാര്യതയില്‍ നിന്നാണ് ഈ സിനിമയിലേക്കുള്ള വഴി വെട്ടുന്നത്. ഭീമന്‍ എന്ന് വിളിപ്പേരുള്ള സഞ്ജീവ് ശങ്കറിന്റെ വീട്ടിലേക്കുള്ള വഴി വളരെ ഇടുങ്ങിയതായിരുന്നു. കഷ്ടിച്ച് ഒരു ടൂ വീലറിന് കടന്നുപോകാം. ആ വഴിയാണ് ചുരണ്ടി വലുതാക്കാനുള്ളത്. ആ കരയിലുള്ള മുഴുവനാളുകള്‍ക്കും അത് പ്രയോജനപ്പെടും. എല്ലാ പ്രശ്‌നങ്ങളിലും ഒരു താത്വികപ്രശ്‌നം കൂടി ഉള്ളടങ്ങിയിട്ടുണ്ട് എന്നാണല്ലോ!? ആ വഴിക്കുള്ള ഒരന്വേഷണമാണ് ഈ എഴുത്ത്.

ഭീമന്റെ വഴി വെറുമൊരു നടപ്പുവഴിയല്ലെന്നും അത് സദാചാരത്തിന്റെ ഇടുങ്ങിയ ഇടവഴിയാണെന്നും സിനിമ അല്‍പം മുന്നോട്ട് പോകുമ്പോള്‍ തന്നെ നമുക്ക് മനസിലാവും. ആ വഴി വെട്ടി വലുതാക്കുകയാണ് ഭീമന്റെ ലക്ഷ്യം. ആ വഴിക്ക് ഇരുപുറവുമായി ജീവിക്കുന്ന പലര്‍ക്കും പല താല്‍പര്യങ്ങളാണ്.

ഇത്രയും കാലം നാം ഈ വഴികളിലൂടെയാണല്ലോ സഞ്ചരിച്ചത്, അങ്ങനെയങ്ങ് പോയാല്‍പ്പോരേ- എന്ന് ചിന്തിക്കുന്നവരാണ് അധികവും. പൊതുബോധത്തിന്റെ അസ്‌ക്യത കൂടുതലുള്ളവരാണവര്‍. പുതുവഴി വെട്ടുമ്പോള്‍ താല്‍ക്കാലികമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ അവര്‍ക്ക് വലിയ വേവലാതിയുണ്ടാകും. എന്നാല്‍ വഴി വെട്ടിത്തീരുമ്പോള്‍ അവരത് സ്വീകരിക്കുകയും ചെയ്യും.

എന്നാല്‍ കൊസ്‌തേപ്പ് എന്ന കഥാപാത്രം അവസാന നിമിഷം വരെ ഇതിനെ എതിര്‍ത്തു കൊണ്ടിരിക്കും. കാരണം പുതിയ വഴി അയാളുടെ ഇരുണ്ട താല്‍പര്യങ്ങള്‍ക്കെതിരാണ്. അയാള്‍ ദുര്‍വൃത്തനും സ്വാര്‍ത്ഥനുമാണ്. ഇടുങ്ങിയ ഇടവഴികളും ഇരുണ്ട രാത്രികളുമാണ് അയാളുടെ താല്‍പര്യങ്ങള്‍ക്ക് ചേരുക. കട്ടിലില്‍ ചാകാന്‍ കിടക്കുന്ന അപ്പനാണ് അയാളുടെ മാര്‍ഗദര്‍ശി.

അപ്പന്റെ സുഹൃത്ത് വര്‍ഗീസ് ചേട്ടന്‍ ഒരു ഓട്ടോയാത്രക്കിടയില്‍ പെട്ടെന്ന് മരിച്ചു പോകുന്നു. എന്നാല്‍ അയാള്‍, കൊസ്‌തേപ്പിന്റെ അപ്പന്‍ എല്ലാ അവശതയോടെയും ചാവാതെ കിടക്കുകയാണ്. മരണം കാത്ത് കിടക്കുകയും എന്നാല്‍ ചാവാതിരിക്കുകയും ചെയ്യുന്ന ദീര്‍ഘായുസ്സുകളാണ് എല്ലാ പൊതുബോധങ്ങളും.

പഴഞ്ചന്‍ ആശയങ്ങള്‍, ആചാരങ്ങള്‍, പ്രാകൃത വിശ്വാസങ്ങള്‍ ഒക്കെ അങ്ങനെയാണ്. അത് അങ്ങനെ കിടക്കും. കട്ടിലില്‍ കിടന്ന് അത് നമ്മളെ നയിച്ചുകൊണ്ടിരിക്കും. ആധുനികതയുടെ കടന്നുവരവ് കട്ടിലില്‍ കിടന്നുകൊണ്ട് തന്നെ അയാള്‍ അറിയുന്നുണ്ട്. വഴിവെട്ടാന്‍ ജെ.സി.ബിയുമായി വരുന്നത് ഉണര്‍ന്നിരിക്കുന്ന കൊസ്‌തേപ്പ് അറിയുന്നതിന് മുമ്പ് അയാളുടെ അപ്പന്‍ അറിയുന്നുണ്ട്. അയാള്‍ ചൂണ്ടുന്ന ഇടത്തേക്കാണ് മക്കള്‍ നോക്കുന്നത്.

എല്ലാ ആചാരങ്ങളും സംരക്ഷിക്കപ്പെടുന്നത് അങ്ങനെയാണ്. ചൂണ്ടിക്കാണിക്കാന്‍ ആരെങ്കിലും ഒരാള്‍ ബാക്കി കാണും, കാരണവരായോ കരയോഗമായോ ഏതെങ്കിലും പരിവാരമായോ അങ്ങനെയങ്ങനെ.

കൊസ്‌തേപ്പ് കളം നിറഞ്ഞാടുന്ന അവസാനത്തെ ആ രംഗമുണ്ടല്ലോ, ഏറ്റവും നിര്‍ണായകമായ ഒരു സന്ദര്‍ഭമാണത്. ഭാര്യയെ വീട്ടില്‍ നിന്നും വലിച്ചിറക്കിക്കൊണ്ടു വന്നാണ് കൊസ്‌തേപ്പ് ജെ.സി.ബിയുടെ വഴി മുടക്കുന്നത്. കേരളീയ പൊതുമണ്ഡലത്തില്‍ സ്വന്തം ഇച്ഛകള്‍ക്കും താല്‍പര്യങ്ങള്‍ക്കും എതിരായി സ്ത്രീ വലിച്ചിഴക്കപ്പെട്ട സന്ദര്‍ഭങ്ങള്‍ക്ക് നാം ദൃക്‌സാക്ഷികളാണ്.

നാം നിസ്സഹായരായിപ്പോകുന്ന സന്ദര്‍ഭങ്ങളാണത്. ആ നിസ്സഹായതയെ മറികടക്കാന്‍ സഹായിച്ചത് അവളാണ്, ജൂഡോക്കാരി പെണ്‍കുട്ടി അഞ്ജു. കൃത്യസമയത്ത്, എന്നാല്‍ അപ്രതീക്ഷിതമായി കൊസ്‌തേപ്പിനെ അവള്‍ തൂക്കിയെടുത്ത് നിലത്തടിക്കുന്നു. അതുവരെ വലിയ ഒച്ചയൊന്നുമുണ്ടാക്കാതിരുന്ന, കൊച്ചുങ്ങളെ നിശ്ശബ്ദമായി ജൂഡോ പഠിപ്പിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയായിരുന്നു അവള്‍.

കൃത്യസമയത്തെ അവളുടെ ഇടപെടലാണ്, നിശ്ശബ്ദതയുടെ ആഴങ്ങളെ ഭേദിക്കുന്ന ആ പൊട്ടിത്തെറിയാണ് കാര്യങ്ങള്‍ക്ക് ഒരു തീര്‍പ്പുണ്ടാക്കുന്നത്. മാറുന്ന സമൂഹത്തിന് സ്ത്രികളുടെ ഇടപെടല്‍ വളരെ ആവശ്യമാണ്. അവള്‍ മനസുവെക്കാതെ മാറ്റങ്ങള്‍ പൂര്‍ത്തിയാവില്ല, എന്ന് ഇതിനേക്കാള്‍ ഭംഗിയായി പറഞ്ഞുവെക്കാനാവില്ല.

ഭീമനും കൊസ്‌തേപ്പും തമ്മിലെന്ത്?

സത്യത്തില്‍ ഈ രണ്ട് കഥാപാത്രങ്ങളും പൂര്‍ണമായും വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്നവരല്ല എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഒരേ താല്‍പര്യങ്ങളെ വ്യത്യസ്തമായി ആവിഷ്‌കരിക്കുന്ന രണ്ട് ആണുങ്ങളാണവര്‍. രണ്ട് കാലത്തിന്റെ പ്രതിനിധികള്‍.

കാലത്തിന്റെ വ്യത്യാസമല്ലാതെ താല്‍പര്യങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസങ്ങളില്ല. കൊസ്‌തേപ്പിന്റെ കാമനകള്‍, സ്വാര്‍ത്ഥതകള്‍ ഒക്കെ ഭീമനും ബാധകമാണ്. വഴി വലുതായി റോഡായി മാറുമ്പോള്‍ സ്ഥലങ്ങള്‍ക്ക് മാത്രമല്ല തനിക്കും വില കൂടുമെന്ന് ഭീമന്‍ മനസ്സിലാക്കുന്നുണ്ട്. തന്റെ സ്ത്രീധനത്തുക 10ല്‍ നിന്ന് 25 ലക്ഷത്തിലേക്ക് കുതിക്കുമെന്ന് അയാള്‍ കണക്കുകൂട്ടുന്നു.

ആധുനികതയുടെ കടന്നുവരവ് ഭീമനും കൂട്ടര്‍ക്കും മാത്രമാണ് ലാഭകരമാകുന്നത്. അത് കൊസ്‌തേപ്പിന്റെ താല്‍പര്യങ്ങള്‍ക്കെതിരാണ്. അയാളുടെ ഇടം അയാള്‍ക്ക് നഷ്ടമാവുകയും പുതുതായി ഒന്നും ലഭിക്കാതിരിക്കുകയും ചെയ്യുന്നു. ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഭീമന്‍ അയാളുമായി ഒരു വിലപേശലിന് തയ്യാറാവുന്നത്. അയാളെ വലുതായി പ്രകോപിപ്പിക്കാതിരിക്കാന്‍ ഭീമന്‍ പരമാവധി പരിശ്രമിക്കുന്നുണ്ട്.

സ്ത്രീ സൗഹൃദങ്ങള്‍ ഒരു സ്‌പോര്‍ട്‌സ് സ്പിരിറ്റിലാണ് ഭീമന്‍ എടുക്കുന്നത്. പ്രണയത്തിന്റെ ഏകാത്മക സൗന്ദര്യത്തിന് പകരം വൈവിധ്യത്തിന്റെ നാല്‍ക്കവലകളാണ് അയാളുടെ ആനന്ദദേശം. കൊസ്‌തേപ്പിന്റെ അറപ്പുളവാക്കുന്ന ഏകപക്ഷീയതക്ക് പകരം ആധുനികമായ ജനാധിപത്യബോധം ഭീമന്റെ കാമനകളെ സുന്ദരമാക്കുന്നുണ്ട്.

ഒരു വിടന്റെ ചിരിയും ശരീരഭാഷയും ചിലപ്പോഴെങ്കിലും അയാളെ മലിനപ്പെടുത്തുന്നുണ്ടെങ്കിലും ബന്ധങ്ങളില്‍ പാലിക്കേണ്ട പരസ്പര മര്യാദകളെക്കുറിച്ച് നവീനമായ ഒരു ബോധം അയാള്‍ സൂക്ഷിക്കുന്നുണ്ട്. ഒരു ചെറിയ നുണ കൊണ്ടോ തന്ത്രപരമായ മൗനം കൊണ്ടോ കര്‍ണാടകക്കാരിയായ റെയില്‍വേ എഞ്ചിനീയറുമായി സ്വപ്നസന്നിഭമായ ഒരു ലൈംഗികതയിലേക്ക് പോകാന്‍ കഴിയുമായിരുന്നിട്ടും അയാള്‍ അത് ചെയ്യാതിരുന്നത് ആധുനികതക്ക് സഹജമായ ചില മൂല്യങ്ങള്‍ കാരണമാണ്.

സ്ത്രീകളുടെ നെഞ്ചത്തേക്ക് മാത്രം നോക്കുന്ന കൊസ്‌തേപ്പില്‍ നിന്ന് ഭീമനെ വ്യത്യസ്തനാക്കുന്ന ഒരു പ്രധാനഘടകം അതാണ്. സ്ത്രീയെ ഒരു ശരീരം മാത്രമായി കാണുന്ന ഫ്യൂഡല്‍ മൂല്യബോധത്തിന് പകരം ആധുനികത സ്ത്രീക്ക് ഒരു മനസ് കൂടി പണിത് കൊടുക്കുന്നുണ്ട്. സഹിഷ്ണുതയും സത്യസന്ധതയും ഏറുമെങ്കിലും ഹൃദയത്തിന്റെ ഒരു കുറവ്, സ്‌നേഹ കാരുണ്യങ്ങളുടെ അഭാവം ആധുനികതയില്‍ സംഭവിക്കാറുണ്ട്. കാരണം ആധുനികത വെറും ആധുനികതയായിട്ടല്ല കടന്നുവരുന്നത്. ലാഭ കേന്ദ്രീകൃതമായ ‘മുതലാളിത്ത ആധുനികത’യായിട്ടാണ് അതിന്റെ വരവ്. അവനവന്റെ നേട്ടത്തിലാണ് അത് എപ്പോഴും കണ്ണുവെക്കുന്നത്. അവനവന്റെ താല്‍പര്യങ്ങളോട് അത് വിട്ടുവീഴ്ച ചെയ്യില്ല.

രണ്ട്തരം രാഷ്ട്രീയം

നാന്‍മുഖനാണ് രാഷ്ട്രീയം. സാക്ഷാല്‍ ബ്രഹ്മാവ്. അതിന് സൃഷ്ടിക്കാനും സംഹരിക്കാനും കഴിയും. ചിലപ്പോള്‍ അത് ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യും. ആചാരങ്ങള്‍ക്കെതിരെ സംസാരിക്കുകയും ഭക്തര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന പുതിയ രീതിയും അത് കണ്ടുപിടിച്ചിട്ടുണ്ട്.

പൊതുബോധത്തിന്റെ എളുപ്പവഴിയിലൂടെ സഞ്ചരിക്കാനാണ് അതിന് എപ്പോഴും ഇഷ്ടം. പൊതുബോധ നിര്‍മിതിയുടെ മേസ്തിരിമാരുമായി അത് എപ്പോഴും രാജിയാവുകയും ചിലപ്പോഴെങ്കിലും അവരുടെ കോടാലിക്കൈ ആവുകയും ചെയ്യുന്നു.

എന്നാല്‍ ആധുനികതയെ പുല്‍കുന്നതില്‍ നിന്ന് അതിന് പൂര്‍ണമായും ഒഴിഞ്ഞു നില്‍ക്കാനുമാവില്ല. പറ്റാവുന്നിടത്തോളം അതിനെ തടഞ്ഞുനിര്‍ത്തിയതിന് ശേഷം പെട്ടെന്ന് ആധുനികതയിലേക്ക് മറിഞ്ഞു വീഴുകയാണ് അവര്‍ ചെയ്യുക. അവരുടെ പ്രത്യയശാസ്ത്രം അതിന് സമ്മതിക്കുന്നത് കൊണ്ടല്ല, മറിച്ച് പണമുതലാളിത്തത്തിന്റെ മൂലധനത്തള്ളില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റാത്തത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.

പഴയ ആചാരങ്ങള്‍, സംസ്‌കാരം, സാങ്കേതികവിദ്യകള്‍ എല്ലാം ഈ സുനാമിയില്‍ ഒഴുകിപ്പോകുന്നു. ഇന്ത്യ പോലെ അശാസ്ത്രീയതയില്‍ ഊന്നിനില്‍ക്കുന്ന ഒരു ദരിദ്രരാജ്യത്ത് ആധുനികം എന്ന് തോന്നാവുന്ന മാറ്റങ്ങള്‍ക്ക് നിദാനമാവുന്നത് ഈ സാമ്പത്തിക സുനാമിയാണ്.

ഭീമന്റെ വഴിയിലും രണ്ട്തരം രാഷ്ട്രീയവും രണ്ട്തരം രാഷ്ട്രീയക്കാരുമുണ്ട്. ഒന്ന്, സമന്വയത്തിന്റെയും സമദൂരത്തിന്റെയും എന്ന് നാം മനസ്സിലാക്കുന്ന പ്രായോഗിക രാഷ്ട്രീയം. കാപട്യത്തിനാണ് അതില്‍ മേല്‍ക്കൈ. അത് പഴമയെ തലോടുകയും ആധുനികതയോടൊപ്പം നില്‍ക്കുന്നു എന്ന് ഭാവിക്കുകയും ചെയ്യുന്നു.

ഭീമന്റെ വഴിയിലെ ജോണ്‍സണ്‍ എന്ന മുന്‍ കൗണ്‍സിലര്‍ അങ്ങനെയൊരാളാണ്. വനിതാ സംവരണം എന്ന കടുത്ത അപരാധം കാരണം തുടര്‍ച്ചയായി കൗണ്‍സിലറാവാന്‍ കഴിയാതെ പോയയാളാണ് അയാള്‍. ഭീമന്റെ കൂടെയും കൊസ്‌തേപ്പിന്റെ കൂടെയും തരാതരം പോലെ അയാള്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ അയാളുടെ ആത്യന്തികമായ ഇടം കൊസ്‌തേപ്പിന്റെ വരാന്തയാണ്.

മറ്റൊരാള്‍ ഇപ്പോഴത്തെ കൗണ്‍സിലറായ റീത്തയാണ്. കരുത്തും കാമ്പുമുള്ള ഒരു സ്ത്രീ. ഈ സിനിമയുടെ വഴിയും വെളിച്ചവും ജീവനും അവരാകുന്നു. പ്രോഗ്രസീവ് പൊളിറ്റിക്‌സിന്റെ (Progressive Politics) ആകാര സൗഷ്ഠവം അവരില്‍ കാണാനുണ്ട്. പുതിയതും വിശാലവുമായ വഴിയാണ് അവര്‍ സ്വപ്നം കാണുന്നത്. അതിന് വേണ്ടി പ്രവര്‍ത്തിക്കാനും അവര്‍ സന്നദ്ധയാണ്.

എന്നാല്‍ മുഖ്യധാരക്കാരനായ ജോണ്‍സണ്‍ അവരെ ഒതുക്കാന്‍ പരമാവധി പരിശ്രമിക്കുന്നുണ്ട്. അതിനേക്കാള്‍ രൂക്ഷമാണ് കൊസ്‌തേപ്പിന്റെ ലൈംഗികാധിക്ഷേപങ്ങള്‍. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നിരന്തരം നേരിടേണ്ടി വരുന്ന ദുര്യോഗമാണ് ഇത്. എന്നാല്‍ ശരിയായ രാഷ്ട്രീയം കടന്നുവരുന്നത് സ്ത്രീകളിലൂടെ ആയിരിക്കും എന്ന് ഈ സിനിമ സൂചിപ്പിക്കുന്നു. അല്ലെങ്കില്‍ സ്ത്രീകളിലൂടെ കടന്നുവരുമ്പോഴാണ് രാഷ്ട്രീയം ശരിയാകുന്നത് എന്ന സൂചനയുമാവാം.

രാഷ്ട്രീയം സ്ത്രീപക്ഷമാകുമ്പോഴേ അത് ആധുനികമാവുകയുള്ളൂ. അതിന് നിലവിലുള്ള മാര്‍ഗതടസങ്ങള്‍ നീക്കേണ്ടതുണ്ട്. സ്ത്രീകള്‍ രംഗത്ത് വരാതിരിക്കാന്‍ കൊസ്‌തേപ്പുമാര്‍ എന്ത് കളിയും കളിച്ചേക്കാം. അവരെ മലര്‍ത്തിയടിച്ച് അവരുടെ നെഞ്ചത്ത് ഒരു ചവിട്ടുകൂടി കൊടുത്തേ സ്ത്രീകള്‍ക്ക് മുന്നോട്ട് പോകാനൊക്കൂ. സിനിമയിലെ റീത്ത അത് ചെയ്യുന്നുണ്ട്. ജീവിതത്തിലെ റീത്തമാര്‍ കൂടി അത് ചെയ്താല്‍ രാഷ്ട്രീയം ഒന്നുകൂടി മികച്ചതാവും.

ശീര്‍ഷകത്തിന്റെ ഔചിത്യം

ശീര്‍ഷകം ഒരു പാഠത്തിന് എങ്ങനെ പ്രസക്തമാകുന്നു എന്ന ചിന്തയാണ് ശീര്‍ഷകത്തിന്റെ ഔചിത്യം. സഞ്ജീവ് ശങ്കര്‍ എന്തുകൊണ്ട് ഭീമനായി എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയാലേ ഈ ഔചിത്യചിന്ത ഫലപ്രദമാകൂ. രൂപം കൊണ്ട് ആ വിളി അയാള്‍ക്ക് ഒട്ടും ചേരില്ല. മലയാള സിനിമയിലെ കാല്‍പനിക നായകന്റെ ശരീരത്തിന് ഇണങ്ങുന്നതല്ലല്ലോ ഭീമന്‍ എന്ന പേര്. വീട്ടില്‍ വിളിക്കുന്ന ഓമനപ്പേരായിട്ട് പോലും ഭീമനില്ല.

പിന്നെയെന്താവാം അങ്ങനെയൊരു വിളിയുടെ ഉല്‍പ്പത്തി? ഒരുപക്ഷെ സ്വഭാവം കൊണ്ടായിരിക്കണം! ഉദ്ദിഷ്ട കാര്യത്തില്‍ ഉറച്ചുനില്‍ക്കാനുള്ള ശേഷിയാവണം അങ്ങനെയൊരു വിളിക്ക് അയാളെ അര്‍ഹനാക്കുന്നത്. കേരളീയ ആധുനികതയില്‍ റീത്തയെപ്പോലുള്ള സ്ത്രീ രാഷ്ട്രീയക്കാര്‍ക്ക് മുന്നോട്ട് പോകാന്‍ ഒരു ഭീമന്‍ ഇപ്പോഴും ആവശ്യമുണ്ട്.

എത്ര പൊളിച്ചിട്ടും പൊളിയാത്ത ഒരു കോണ്‍ക്രീറ്റ് ചിന്തയാണത്. റീത്തയുടെ വഴി ഭീമന്റെ വഴിയാകുന്നത് അങ്ങനെയാണ്. മുകളില്‍ സൂചിപ്പിച്ചത് പോലെ ആധുനികത ഒറ്റക്കല്ല സഞ്ചരിക്കുന്നത്. അര്‍ധ സഹോദരനായ മുതലാളിത്തവും അതിന്റെ ഒപ്പം സഞ്ചരിക്കുന്നു. നവമുതലാളിത്തത്തിന് സ്ത്രീയെ ഉപയോഗിക്കാന്‍ ഏറ്റവും ആധുനികമായ രീതികളുണ്ട്.

വഴി വീതി കൂട്ടുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു നാട്ടുകൂട്ടായ്മ എന്ന അസംസ്‌കൃത കൂട്ടായ്മയേക്കാള്‍, സഞ്ജു ശങ്കര്‍ വിളിച്ചു ചേര്‍ക്കുന്ന ഒരു ബിസിനസ് മീറ്റിംഗ് ആണത്. കംപ്യൂട്ടര്‍, പ്രൊജക്റ്റര്‍ എന്നിവയുടെ സഹായത്തോടെ ഫ്‌ളോചാര്‍ട്ട് സങ്കേതങ്ങള്‍ കൂടി ഉപയോഗിച്ചാണ് അയാള്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

വ്യക്തമായ ഉദ്ദേശങ്ങളോടെ അയാള്‍ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണത്. സഞ്ജു ശരിക്കും ഒരു ഭീമനാണ്, കൊടും ഭീമന്‍.

ചുരുക്കത്തില്‍, ആധുനികത അത്ര നിഷ്‌കളങ്കമല്ല എന്നോ പുതിയ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാനാവാത്ത മറ്റൊരു തിന്മ മാത്രമാണ് എന്നോ സിനിമ നമുക്ക് പറഞ്ഞുതരുന്നുണ്ട്. വഴി വലുതാവുമ്പോള്‍ പുരോഗതി മാത്രമല്ല കയറി വരിക. അതുപേക്ഷിക്കാന്‍ ശ്രമിച്ച പഴയ മാലിന്യങ്ങളെല്ലാം വണ്ടി പിടിച്ച് വരും എന്നുകൂടി ഇന്ത്യന്‍ സാഹചര്യത്തില്‍ നാം തിരിച്ചറിയുന്നുണ്ട്. എന്തായാലും സമകാലികമായ കേരളീയാവസ്ഥയെ പ്രതീകാത്മകമായി വിവരിക്കാന്‍ ഭീമന് കഴിഞ്ഞിട്ടുണ്ട് എന്ന് നിസംശയം പറയാം. അയാള്‍ തന്റെ ഗദ കൊണ്ട് ഒന്നാഞ്ഞടിച്ചിട്ടുണ്ട്. അത് ആര്‍ക്കെങ്കിലും കൊണ്ടോ എന്ന് നമുക്കറിയില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Nasir K.C. writes about the women characters in Bheemante Vazhi movie

നാസിര്‍ കെ.സി.

അധ്യാപകന്‍, കണ്ണൂര്‍ സ്വദേശി

We use cookies to give you the best possible experience. Learn more