മുംബൈ: നാസിക്കില്‍ മലയാളിയെ വെടിവച്ചുകൊന്ന മോഷണ സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി ജിതേന്ദ്ര പ്രതാപ് സിങ്ങാണ് പിടിയിലായത്.് സൂറത്തില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന അഞ്ചുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
നാസിക്കിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ കവര്‍ച്ച നടത്താന്‍ എത്തിയ സംഘമായിരുന്നു മലയാളിയായ സാജു സാമുവേലിനെ വെടിവെച്ചത്.
മുത്തൂറ്റ് ഫിനാന്‍സിന്റെ മുംബൈ ശാഖയിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായിരുന്നു സാജു. നാസിക് ശാഖയില്‍ ഓഡിറ്റിങ്ങിന് പോയപ്പോഴാണ് ആക്രമണമുണ്ടായത്.
മോഷണത്തിനെത്തിയ അഞ്ചംഗ സംഘത്തില്‍ രണ്ടു പേര്‍ സുരക്ഷാ ജീവനക്കാരെ പിടിച്ചു വെക്കുകയും ബാക്കിയുള്ളവര്‍ മോഷണത്തിനായി അകത്തു കടക്കുകയുമായിരുന്നു. ഈ സമയം സാജു മോഷ്ടാക്കളില്‍ ഒരാളെ തടയാന്‍ ശ്രമിച്ചതോടെ വെടിയേറ്റു നിലത്തു വീണു.
ചെറിയ പിസ്റ്റല്‍ ഉപയോഗിച്ചായിരുന്നു വെടിയുതിര്‍ത്തത്. പരുക്കേറ്റിട്ടും സാജു എഴുന്നേറ്റ് ഓഫിസിലെ അപായസൈറന്‍ അടിച്ചതോടെ പൊലീസ് അടക്കം ഉടന്‍ സ്ഥലത്തെത്തുമെന്ന് മോഷ്ടാക്കള്‍ക്ക് വ്യക്തമായി.ഇവര്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ എഴുന്നേറ്റ സാജു ഏറ്റവും പിന്നിലുണ്ടായിരുന്ന മോഷ്ടാവിനെ പിടിച്ചു വയ്ക്കാന്‍ ശ്രമിച്ചതോടെ മോഷ്ടാവ് സാജുവിനു നേരെ പല തവണ വെടിവെക്കുകയായിരുന്നു.
സാജുവിനൊപ്പം മുംബൈ ശാഖയില്‍ നിന്ന് പോയ മലയാളി ജീവനക്കാരന്‍ കൈലാഷ് ജയ (22)നും നാസിക് ശാഖാ മാനേജര്‍ സി.ബി ദേശ്പാണ്ഡെ (64) ക്കും ഒരു സുരക്ഷാ ജീവനക്കാരനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ആക്രമണ സമയത്ത് ബാങ്കില്‍ അഞ്ച് ജീവനക്കാരും എട്ട് ഇടപാടുകാരും ഉണ്ടായിരുന്നു.