പ്രതികാരം; വിജയമില്ലാത്ത ആദ്യ മത്സരം, മെസിയെ പിടിച്ചുകെട്ടി ലീഗ്‌സ് കപ്പ് ഫൈനലില്‍ തോല്‍വിയേറ്റുവാങ്ങിയവര്‍
Sports News
പ്രതികാരം; വിജയമില്ലാത്ത ആദ്യ മത്സരം, മെസിയെ പിടിച്ചുകെട്ടി ലീഗ്‌സ് കപ്പ് ഫൈനലില്‍ തോല്‍വിയേറ്റുവാങ്ങിയവര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 31st August 2023, 8:25 am

 

ഇന്റര്‍ മയാമിയില്‍ മെസിയുടെ വിജയക്കുതിപ്പിന് തടയിട്ട് നാഷ്‌വില്‍. എം.എല്‍.എസ്സില്‍ ഓഗസ്റ്റ് 31ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഇന്റര്‍ മയാമിയെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുകെട്ടിയാണ് നാഷ്‌വില്‍ ആരാധകരുടെ കയ്യടി നേടിയത്.

ഹെറോണ്‍സിന്റെ കൂടാരത്തില്‍ ലയണല്‍ മെസി എത്തിയതിന് പിന്നാലെ ജയമില്ലാത്ത ആദ്യ മത്സരമാണ് ഇത്. ഇന്റര്‍ മയാമിയുടെ ഹോം ഗ്രൗണ്ടില്‍, അവരുടെ കാണികള്‍ക്ക് മുമ്പില്‍ മെസിയെയും സംഘത്തെയും ജയിക്കാന്‍ അനുവദിക്കാതെ പിടിച്ചുകെട്ടിയ നാഷ്‌വില്ലിന് അഭിനന്ദന പ്രവാഹമാണ്.

ലീഗ്‌സ് കപ്പ് ഫൈനലില്‍ നാഷ്‌വില്ലിനെ തകര്‍ത്താണ് മെസിയും സംഘവും കപ്പുയര്‍ത്തിയത്. നിശ്ചിത സമയത്ത് മത്സരം സമനിലയില്‍ അവസാനിച്ചതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടൊണ് വിജയികളെ തെരഞ്ഞെടുത്തത്. ഇരു ടീമിലെയും ഗോള്‍ കീപ്പര്‍മാരടക്കം കിക്കെടുത്ത മത്സരത്തില്‍ 10-9നായിരുന്നു മയാമിയുടെ വിജയം.

ഇന്ന് ഡി.ആര്‍.വി പി.എന്‍.കെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിജയിച്ചിരുന്നുവെങ്കില്‍ പോയിന്റ് പട്ടികയില്‍ നില മെച്ചപ്പെടുത്താന്‍ ഇന്റര്‍ മയാമിക്ക് സാധിക്കുമായിരുന്നു. നിലവില്‍ ടീം 14ാം സ്ഥാനത്ത് തുടരുകയാണ്.

മത്സരത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ നേടാന്‍ മാത്രം മയാമിക്ക് സാധിച്ചില്ല. 13 ഷോട്ടുകള്‍ ഇന്റര്‍ മയാമി താരങ്ങള്‍ തൊടുത്തപ്പോള്‍ നാലെണ്ണമായിരുന്നു ഗോള്‍മുഖം ലക്ഷ്യമാക്കി കുതിച്ചത്. നാഷ്‌വില്‍ രണ്ട് ഷോട്ടുകളാണ് ഓണ്‍ ടാര്‍ഗെറ്റിലേക്ക് നിറയൊഴിച്ചത്. എന്നാല്‍ ഇതിനൊന്നും ഗോള്‍ വല ചലിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.

716 പാസുകള്‍ പൂര്‍ത്തിയാക്കിയ ഇന്റര്‍ മയാമി മത്സരത്തിന്റെ 70 ശതമാനം സമയവും പന്ത് കൈവശം വെക്കുകയും ചെയ്തിരുന്നു.

4-3-3 എന്ന ഫോര്‍മേഷനിലായിരുന്നു ജെറാര്‍ഡോ മാര്‍ട്ടിനോ ഇന്റര്‍ മയാമിയെ കളത്തിലിറക്കിയത്. 4-2-3-1 എന്ന ഫോര്‍മേഷനായിരുന്നു നാഷ്‌വില്‍ അവലംബിച്ചത്. മയാമി നിരയില്‍ നാല് താരങ്ങള്‍ മഞ്ഞക്കാര്‍ഡ് കണ്ടപ്പോള്‍ രണ്ട് നാഷ്‌വില്‍ താരങ്ങള്‍ക്കെതിരെയും റഫറി യെല്ലോ കാര്‍ഡ് ഉയര്‍ത്തി.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇരുവരും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. 24 മത്സരത്തില്‍ നിന്നും ആറ് ജയവും നാല് സമനിലയും 14 തോല്‍വിയുമായി മയാമി 14ാം സ്ഥാനത്താണ്.

26 മത്സരത്തില്‍ നിന്നും 11 ജയവും ആറ് സമനിലയും ഒമ്പത് തോല്‍വിയുമായി 39 പോയിന്റോടെ ഏഴാം സ്ഥാനത്താണ് നാഷ്‌വില്‍.

സെപ്റ്റംബര്‍ നാലിനാണ് എം.എല്‍.എസ്സില്‍ ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം. ഡിഫന്‍ഡിങ് ചാമ്പ്യന്‍സായ ലോസ് ആഞ്ചലസാണ് എതിരാളികള്‍.

 

CONTENT HIGHLIGHT: Nashville vs Inter Miami ends in goal less draw