| Monday, 21st August 2023, 11:18 am

ഞങ്ങളായിരുന്നു മികച്ച ടീം; എന്നാലും അവനെ അഭിനന്ദിക്കാതിരിക്കാനാവില്ല; മെസിയെ പ്രശംസിച്ച് എതിര്‍ ടീം പരിശീലകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലീഗ്സ് കപ്പിന്റെ ഫൈനലില്‍ നാഷ്‌വില്ലിനെ തകര്‍ത്ത് കപ്പുയര്‍ത്തി ഇന്റര്‍ മയാമി കിരീടമുയര്‍ത്തിയിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനിലയില്‍ തുടര്‍ന്നതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് മെസിപ്പട കപ്പുയര്‍ത്തിയത്.

ഇന്റര്‍ മയാമി ജേഴ്സിയെത്തിയതിന് ശേഷമുള്ള മെസി നേരിട്ട ഏറ്റവും കഠിനമേറിയ മത്സരമായിരുന്നു ലീഗ്സ് കപ്പിന്റെ ഫൈനലിലേത്. മേജര്‍ ലീഗ് സോക്കറിന്റെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള നാഷ്‌വില്ലിനെ മറികടക്കുന്നത് ഇന്റര്‍ മയാമിക്ക് ഒട്ടും എളുപ്പമായിരുന്നില്ല. മെസിയുടെ പ്രകടനത്തിന്റെ മികവിലാണ് മയാമിക്ക് വമ്പന്‍ ജയം സാധ്യമായത്.

താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ നാഷ്‌വില്‍ കോച്ച് ഗാരി സ്മിത്ത്. ആ രാത്രിയില്‍ ഏറ്റവും മികച്ച് നിന്നത് തങ്ങളുടെ ടീമായിരുന്നെന്നും മെസി ഇല്ലായിരുന്നെങ്കില്‍ ഫൈനലില്‍ തങ്ങള്‍ വിജയിക്കുമായിരുന്നെന്നും സ്മിത്ത് പറഞ്ഞു. മെസിയുടെ പ്രകടനത്തെ അഭിനന്ദിക്കാതിരിക്കാനാവില്ലെന്നും അദ്ദേഹം ലോകത്തിലെ മികച്ച താരമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ മത്സരത്തിലെ മികച്ച ടീമും മികച്ച മത്സരങ്ങളും സൃഷ്ടിച്ചത് ഞങ്ങളായിരുന്നു. മെസിയുടെ നീക്കങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ഫൈനല്‍ മത്സരം അനായാസം വിജയിക്കുമായിരുന്നു. മെസി നേടിയ ആ ഒരു ഗോള്‍ അവിശ്വസീയമായിരുന്നു. അദ്ദേഹമെടുത്ത മറ്റൊരു ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്കും പോയി. എനിക്ക് മെസിയെ അഭിനന്ദിക്കാതിരിക്കാന്‍ സാധിക്കില്ല. കാരണം, മെസി ലോകത്തിലെ മികച്ച താരമാണ്,’ സ്മിത്ത് പറഞ്ഞു.

ഇന്റര്‍ മയാമിയിലെത്തിതിന് ശേഷം കളിച്ച ഏഴ് മത്സരങ്ങളിലും സ്‌കോര്‍ ചെയ്ത് ടീമിനെ ജയത്തിലേക്ക് നയിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് 10 ഗോളും ഒരു അസിസ്റ്റുമാണ് മെസിയുടെ സമ്പാദ്യം. ലീഗ്‌സ് കപ്പില്‍ മയാമിക്കായി കപ്പുയര്‍ത്തിയതോടെ മറ്റൊരു റെക്കോഡ് കൂടി മെസിയെ തേടിയെത്തിയിരുന്നു. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോഡാണ് മെസി സ്വന്തമാക്കിയത്.

മത്സരത്തില്‍ 433 എന്ന ശൈലിലിയില്‍ മാര്‍ട്ടീനോ ഇന്റര്‍ മയാമിയെ വിന്യസിച്ചപ്പോള്‍ 4-4-2 എന്ന രീതിയാണ് നാഷ്വില്‍ അവലംബിച്ചത്. മത്സരത്തിന്റെ 23ാം മിനിട്ടില്‍ മെസിയിലൂടെ ഇന്റര്‍ മയാമി മുമ്പിലെത്തിയിരുന്നു. പെനാല്‍ട്ടി ബോക്സിന് വെളിയില്‍ നിന്ന് സകല നാഷ്വില്‍ ഡിഫന്‍ഡര്‍മാരെയും കബളിപ്പിച്ച് നേടിയ ഷോട്ട് എതിരാളികളുടെ വലകുലുക്കി.

തുടര്‍ന്ന് ഗോള്‍ ലീഡ് നേടാന്‍ ഇന്റര്‍ മയാമിയും ഗോള്‍ മടക്കാന്‍ നാഷ്വില്ലും പൊരുതിക്കളിച്ചതോടെ മത്സരം ആവേശത്തിലായി. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് വഴങ്ങേണ്ടി വന്ന നാഷ്വില്‍ രണ്ടാം പകുതി ആരംഭിച്ച് 12ാം മിനിട്ടില്‍ തിരിച്ചടിച്ചു. ഫാഫേ പികൗള്‍ട്ടാണ് നാഷ് വില്ലിനായി സ്‌കോര്‍ ചെയ്തത്.

ഇതോടെ മത്സരം ഒന്നുകൂടി ശക്തമായി. ഗോള്‍ നേട്ടം ഇരട്ടിയാക്കാന്‍ ഇരുടീമും കിണഞ്ഞു ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്കും സഡന്‍ ഡെത്തിലേക്കും നീങ്ങി.

ആദ്യ ഷോട്ട് ഇരുവരും ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ നാഷ് വില്ലിനായി രണ്ടാം കിക്കെടുത്ത റാന്‍ഡെല്‍ ലീലിന് പിഴച്ചു. അഞ്ചാം കിക്കിന് മുമ്പ് വരെ ലീഡ് ഉണ്ടായിരുന്ന മയാമിക്ക് അഞ്ചാം കിക്കില്‍ പിഴച്ചതോടെ എതിരാളികള്‍ അവസരം മുതലാക്കി.

സഡന്‍ ഡെത്തില്‍ ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ഇരുവരും സ്‌കോര്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍ പതിനൊന്നാം കിക്കില്‍ നാഷ്വെല്ലിനെ മറികടന്ന് മെസിയും സംഘവും ഇന്റര്‍ മയാമിക്ക് അവരുടെ ചരിത്രത്തിലെ ആദ്യ കപ്പ് നേടിക്കൊടുക്കുകയായിരുന്നു.

Content Highlights: Nashville coach praises Lionel Messi

We use cookies to give you the best possible experience. Learn more