| Tuesday, 18th October 2022, 1:46 pm

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്; നാസിക്കില്‍ 34 പഞ്ചായത്തുകള്‍ പിടിച്ച് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാസിക്: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ നാസിക്കിലെ സുര്‍ഗണ താലൂക്കില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന് 34 സീറ്റുകളില്‍ വിജയം. ജില്ലയിലെ 194 ഗ്രാമപഞ്ചായത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 61 ഗ്രാമപഞ്ചായത്തിലെ ഫലമാണ് പുറത്തുവന്നത്.

34 ഗ്രാമ പഞ്ചായത്തുകളിലെ വിജയവുമായി സി.പി.ഐ.എം നാസിക്കില്‍ മുന്നേറ്റം കാഴ്ചവെച്ചപ്പോള്‍ രണ്ടാമതായി നില്‍ക്കുന്നത് എന്‍.സി.പിയാണ്. എട്ട് സീറ്റുകളിലാണ് എന്‍.സി.പിയുടെ വിജയം. ശിവസേന-3, ബി.ജെ.പി-3, സ്വതന്ത്രര്‍-4, മറ്റുള്ള പാര്‍ട്ടികള്‍- 8, എന്നിങ്ങനെയാണ് നിലവിലെ കണക്കുകള്‍.

നാസിക്കിലെ സുര്‍ഗുണ താലൂക്കിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ വര്‍ഷങ്ങളായി പ്രദേശത്ത് സ്വാധീനമുള്ള സി.പി.ഐ.എം തന്നെ മുന്നേറ്റം കാഴ്ചവെച്ചു. എന്നാല്‍ സംസ്ഥാനം ഭരിക്കുന്ന എക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് ഒരു സീറ്റ് പോലും ലഭിച്ചില്ല.

അതേസമയം, മഹാരാഷ്ട്രയില്‍ 1,079 ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 75 ശതമാനത്തോളം സീറ്റുകളിലെ ഫലം പുറത്ത് വന്നപ്പോള്‍ ഷിന്‍ഡെയുടെ ബാലസാഹെബാംചി ശിവസേനയാണ് 478 സീറ്റുകളുമായി മുന്നില്‍ നില്‍ക്കുന്നത്. 397 ഇടത്ത് വിജയവുമായി ബി.ജെ.പി രണ്ടാം സ്ഥാനത്തുണ്ട്.

അതേസമയം, ആര്‍.എസ്.എസ് ആസ്ഥാനമായ നാഗ്പൂര്‍ ജില്ലയിലെ 13 പഞ്ചായത്തുകളിലെ പഞ്ചായത്ത് സമിതി ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങളിലേക്ക് നടന്ന് തെരഞ്ഞെടുപ്പിലാണ് ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടത്.

13 പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒമ്പത് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും മൂന്നിടത്ത് എന്‍.സി.പിയും ചെയര്‍പേഴ്സണ്‍ സ്ഥാനം നേടി. ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല.

Content Highlight: Nashik Grampanchayat Election: CPIM has won nearly 34 seats

We use cookies to give you the best possible experience. Learn more