|

മോദി എന്നെങ്കിലും തൊപ്പി ധരിക്കുന്നത് കാണണം: നസറുദ്ദീന്‍ ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോദി എന്നെങ്കിലും തൊപ്പി ധരിക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് നടന്‍ നസറുദ്ദീന്‍ ഷാ. ദി വയറില്‍ കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്തിലാണ് ഷാ മോദിയെ വിമര്‍ശിച്ചത്. മോദിക്ക് മുസ്‌ലിങ്ങളോട് വെറുപ്പില്ലെങ്കില്‍ അദ്ദഹം അത് അവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുത്താല്‍ വലിയ സഹായമായിരിക്കും എന്നും ഷാ പറഞ്ഞു.

2015ല്‍ അഹമ്മദാബാദില്‍ വെച്ച് സദ്ഭാവന മിഷന്‍ നടത്തുന്നതിനിടെ മുസ്‌ലിം പണ്ഡിതന്‍ വാഗ്ദാനം ചെയ്ത തൊപ്പി ധരിക്കാന്‍ മോദി വിസമ്മതിച്ചിരുന്നു. ഇത് വലിയ വിമര്‍ശങ്ങള്‍ ഉണ്ടാക്കിയിരുന്നു. തന്നെയല്ല ഇസ്‌ലാമിനെയാണ് മോദി അപമാനിക്കുന്നതെന്ന് മുസ്‌ലിം പണ്ഡിതന്‍ തന്നെ പറയുകയും ചെയ്തിരുന്നു.

‘മോദിയുടെ സംസാരം കേട്ടാലറിയാം, വര്‍ഷങ്ങളായി മോദിക്ക് വിവേകം കുറഞ്ഞുവരികയാണ്. താന്‍ ആജീവനാന്ത കാലത്തേക്കുള്ള പ്രധാനമന്ത്രിയാണെന്ന് അദ്ദേഹം കരുതുന്നു.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിയുടെ മോശം സമയം ആയിരുന്നു. 10 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ലോക്സഭാ ഫലത്തിലേക്ക് ബി.ജെ.പി കൂപ്പു കുത്തിയെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ ശരിക്കും സന്തോഷിച്ചു. ആശ്വാസത്തിന്റെ നെടുവീര്‍പ്പായിരുന്നു എനിക്കപ്പോള്‍.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും മോദിയുടെ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള വലിയ ഒരവസരം കൂടിയാണ് ഇത്,’ നസറുദ്ദീന്‍ ഷാ പറഞ്ഞു.

ഒരു സാധാരണ മനുഷ്യന്‍, അല്ലെങ്കില്‍ ഒരു നിരീക്ഷകന്‍ എന്ന നിലക്ക് തനിക്ക് പറയാനുള്ളത്, മോദി വലിയ ബുദ്ധിമാനാണെന്നും അധികാരത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ ശ്രമത്തില്‍ സാധാരണക്കാരുടെ വിഷയങ്ങള്‍ കടന്നുവരില്ല എന്നുമാണെന്ന് ഷാ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് ഫലം മോദിക്ക് തിരിച്ചടിയുണ്ടാക്കി. പ്രതീക്ഷിക്കാത്ത ഫലം ആയിരുന്നു അവര്‍ക്ക് കിട്ടിപ്പോയത്. ഭൂരിപക്ഷം പോലും കിട്ടിയില്ല. വരാനിരിക്കുന്ന മന്ത്രിസഭ മോദിക്ക് കയ്പേറിയ കടമ്പയാണ്. മോദി പുതിയ ആളാവേണ്ടതുണ്ടെന്നും എന്നാല്‍ അതിന് എത്രത്തോളം സാധിക്കും എന്ന കാര്യത്തില്‍ സംശയമാണെന്നും ഷാ പറഞ്ഞു.

മോദിയുടെ കള്ളക്കണ്ണീരും പുഞ്ചിരിയുമൊന്നും തന്നെ ബാധിക്കില്ലെന്നും, തനിക്ക് അതില്‍ ഒരു തരത്തിലുള്ള വിശ്വാസവും ഇല്ലെന്നും മോദിക്ക് പുതിയ മോദിയാവാന്‍ ഒരിക്കലും കഴിയില്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

Content Highlight: Naseeruddin Shah says he’d like to See Modi in a skullcap Someday