മുംബൈ: മതവിദ്വേഷം പ്രചരിപ്പിരിക്കുന്ന കേരള സ്‌റ്റോറി സിനിമയുടെ അജണ്ട തുറന്നുകാട്ടിയ ബോളിവുഡ് ഇതിഹാസ നടന്‍ നസറുദ്ദീന്‍ ഷായെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ്. നസറുദ്ദീന്‍ ഷാ മികച്ച നടനാണെങ്കിലും അദ്ദേഹം നല്ലൊരു ഇന്ത്യക്കാരനല്ലെന്നാണ് നടന്‍ കൂടിയായ മനോജ് തിവാരി പറഞ്ഞിരിക്കുന്നത്.
കേരള സ്റ്റോറിയുടെ ബോക്‌സോഫീസ് വിജയം അപകടകരമായ ഒരു ട്രെന്‍ഡ് ആണെന്നാണ് നസറുദ്ദീന്‍ ഷാ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ആജ് തക് ടി.വി.യിലെ അഭിമുഖത്തിലൂടെ ഷായ്ക്ക് മറുപടി നല്‍കുകയായിരുന്നു ബി.ജെ.പി നേതാവ്.
കേരള സ്റ്റോറി യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള സിനിമയാണെന്നും നസറുദ്ദീന്‍ ഷായ്ക്ക് പ്രശ്‌നങ്ങളുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും തിവാരി പറഞ്ഞു. ‘അദ്ദേഹം നല്ലൊരു നടനാകാം എന്നാല്‍ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധി അത്ര നല്ലതല്ല.
ദുഖത്തോടെയാണ് ഇത് പറയുന്നത്. സിനിമകളില്‍ ഒരു കടക്കാരന്‍ ഒരു സ്ത്രീയെ നോക്കി മോശം ഭാഷയില്‍ സംസാരിക്കുമ്പോള്‍ നസറുദ്ദീന്‍ ഷായ്ക്ക് ഒന്നും മിണ്ടാനില്ലായിരുന്നു. എന്നാല്‍ അല്ലാത്ത സമയങ്ങളില്‍ എന്തും പറയാം. ഒരു മനുഷ്യനെന്ന നിലയിലും, ഇന്ത്യക്കാരനെന്ന നിലയിലും അദ്ദേഹം സ്വയം മനസിലാക്കിയിട്ടുള്ളത് അത്ര നല്ല രീതിയിലല്ല,’ മനോജ് തിവാരി പറഞ്ഞു.
നേരത്തെ ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നസറുദ്ദീന്‍ ഷാ കേരള സ്‌റ്റോറിയുടെ അജണ്ടയെ വിമര്‍ശിച്ചത്. കേരള സ്റ്റോറിയുടെ വിജയം അപകടകരമായ പ്രവണതയാണെന്നതില്‍ സംശയമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
‘ഭീഡ്, അഫ്വാഹ്, ഫറാസ് തുടങ്ങിയ മൂല്യവത്തായ മൂന്ന് ഹിന്ദി ചിത്രങ്ങളും പരാജയപ്പെട്ടു. ആരും അവ കാണാന്‍ പോയില്ല. പക്ഷേ ഞാന്‍ കണ്ടിട്ടില്ലാത്ത കേരള സ്റ്റോറി എന്ന സിനിമ കാണാന്‍ ആളുകള്‍ തിരക്ക് കൂട്ടുന്നത് കണ്ടു. ഈ ചിത്രത്തെക്കുറിച്ച് ഞാന്‍ നന്നായി വായിച്ചിരുന്നതിനാല്‍ അത് കാണാന്‍ എനിക്ക് തോന്നിയിട്ടില്ല. ഇത് അപകടകരമായ പ്രവണതയാണെന്നതില്‍ സംശയമില്ല.
ഹിറ്റ്ലറുടെ കാലത്ത് ഭരണാധികാരിയെ പുകഴ്ത്തിയും അദ്ദേഹം രാജ്യവാസികള്‍ക്കായി ചെയ്ത കാര്യങ്ങളും ഉള്‍പ്പെടുത്തി സിനിമയെടുക്കാന്‍ നിര്‍മാതാക്കളെ കൂട്ടുപിടിച്ച നാസി ജര്‍മ്മനിയുടെ വഴിയിലൂടെയാണ് നമ്മളും പോകുന്നത്. ജൂതമതക്കാരെ അപകീര്‍ത്തിപ്പെടുത്താനായിരുന്നു ഇത്,’ എന്നായിരുന്നു നസറുദ്ദീന്‍ ഷാ പറഞ്ഞത്.