| Sunday, 1st November 2020, 5:41 pm

'ഒരു പക്ഷെയുമില്ല, ഫ്രാന്‍സ് ഭീകരാക്രമണത്തിലെ ന്യായീകരണം ആശങ്കാ ജനകം'; പ്രശാന്ത് ഭൂഷണും നസ്‌റുദ്ദീന്‍ ഷായുമുള്‍പ്പെടെ നൂറു പ്രമുഖര്‍ രംഗത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രവാചകന്റെ കാര്‍ട്ടൂണിന്റെ പേരില്‍ ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണങ്ങളെ അപലപിച്ച് ഇന്ത്യയില്‍ നിന്നുള്ള 100 പ്രമുഖ വ്യക്തിത്വങ്ങള്‍. നടന്‍ നസ്‌റുദ്ദീന്‍ ഷാ, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, സംവിധായകന്‍ കബീര്‍ ഖാന്‍, നര്‍മ്മദ ബച്ചാവോ ആന്തോളന്‍ ആക്ടിവിസ്റ്റ് മേധാ പട്കര്‍, നടി സ്വര ഭാസ്‌കര്‍, ഷബാന അസ്മി തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള നൂറ് പ്രമുഖ വ്യക്തിത്വങ്ങളാണ് ഭീകരാക്രമണത്തെ അപലപിച്ചു കൊണ്ട് സംയുക്ത പ്രസ്താവനയിറക്കിയത്.

ഇന്ത്യയിലെ പ്രമുഖ മതനേതാക്കളും രാഷ്ട്രീയ നേതാക്കളും വിഷയത്തില്‍ ഫ്രാന്‍സിനെ വിമര്‍ശിച്ചതിനെയും ഇവര്‍ വിമര്‍ശിച്ചു.

‘ വിശ്വാസത്തിന്റെ പേരില്‍ രണ്ടു മതഭ്രാന്തന്‍മാര്‍ അടുത്തിടെ ഫ്രാന്‍സില്‍ നടത്തിയ കൊലപാതകങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ സ്വയംപ്രഖ്യാപിത രക്ഷാധികാരികളുടെയും ചില രാഷ്ട്രത്തലവന്‍മാരുടെയും നിന്ദ്യമായ പരാമര്‍ശങ്ങളിലും കൊലപാതകത്തെ ന്യായീകരിക്കുന്നതിലും ഞങ്ങള്‍ വളരെയധികം അസ്വസ്ഥരാണ്,’ പ്രസ്താവനയില്‍ പറയുന്നു.

‘മതത്തിന്റെ പേരില്‍ നടന്ന ഈ ആക്രമണത്തെ ‘പക്ഷെ, എങ്കിലും’ തുടങ്ങിയ വാക്കുകളിലൂടെ ന്യായീകരിക്കുന്നതിനെ ഞങ്ങള്‍ എതിര്‍ക്കുന്നു,’
ഒപ്പം ഭീകരാക്രമണത്തെ അപലപിക്കുന്നതിന്റെ ഭാഗമായി ഫ്രാന്‍സിലെ മുസ്‌ലിങ്ങള്‍ നബിദിനം ആഘോഷിക്കുന്നത് ഇത്തവണ ഒഴിവാക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

ആക്ടിവിസ്റ്റ് യോഗേന്ദര്‍ യാദവ്, ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോണ്‍ ദയാല്‍, പ്രൊഫ. താഹിര്‍ മുഹമ്മദ്, ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജാവേദ് ആനന്ദ് തുടങ്ങിയവരും സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചു.

പ്രവാചക നിന്ദ ആരോപിക്കപ്പെട്ട ഷാര്‍ലെ ഹെബ്ദോ കാര്‍ട്ടൂണിന്റെ പേരില്‍ മൂന്ന് ഭീകരാക്രമണങ്ങളാണ്  കഴിഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഫ്രാന്‍സില്‍ നടന്നത്.

ഫ്രാന്‍സിലെ ലിയോയില്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് പുരോഹിതന് നേരെ ശനിയാഴ്ച്ച വൈകുന്നേരം വെടിവെപ്പ് നടന്നു. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ഇതിനു തൊട്ടു മുന്‍പത്തെ ദിവസം നൈസ് നഗരത്തിലെ ചര്‍ച്ചില്‍ നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നൈസിലെ പള്ളിക്കുള്ളില്‍ വെച്ച് 60 വയസുള്ള ഒരു സ്ത്രീയുടെ തലയറുക്കുകയും ഇതിന് ശേഷം പള്ളി ജീവനക്കാരനായ 55 കാരനെ കൊലപ്പെടുത്തുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ കഴുത്തും മുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബ്രസീലിയന്‍ സ്വദേശിയായ യുവതിയേയും കൊലപ്പെടുത്തിയത്.

ടുണീഷ്യയില്‍ നിന്നും ഫ്രാന്‍സിലെത്തിയ 21 കാരനായ യുവാവാണ് ആക്രമണത്തില്‍ പ്രതി. ഫ്രഞ്ച് ഇറ്റാലിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ബ്രാഹിം അയ്സുറി എന്നാണ് പ്രതിയുടെ പേര്. ഇറ്റാലിയന്‍ റെഡ് ക്രോസ് ഡോക്യുമെന്റ് ഇറക്കിയ അറിയിപ്പ് പ്രകാരം സെപ്റ്റംബര്‍ 20 നാണ് ഇയാള്‍ യൂറോപ്പിലെത്തിയത്. ഇറ്റലിയില്‍ എത്തിയ ഇയാള്‍ പിന്നീട് ഫ്രാന്‍സിലേക്ക് കടക്കുകയായിരുന്നു.

ഇതിനു പുറമെ ഒക്ടോബര്‍ 17 നാണ് സാമുവേല്‍ പാറ്റി എന്ന ചരിത്രാധ്യാപകന്‍ കൊല്ലപ്പെട്ടത്. വിവാദമായ ഷാര്‍ലേ ഹെബ്ദോ മാഗസിനിലെ കാര്‍ട്ടൂണാണ് അധ്യാപകന്‍ ക്ലാസില്‍ കാണിച്ചിരുന്നു. കാര്‍ട്ടൂണ്‍ കാണിക്കുന്നതിന് മുമ്പേ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ ക്ലാസില്‍ നിന്ന് പുറത്തുപോവാമെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു.  ഈ സംഭവത്തിനു പിന്നാലെയാണ് അധ്യാപകനെ കൊലപ്പെടുത്തിയത്.

പതിനെട്ട് വയസ്സുകാരനായ അബ്ദുള്ളഖ് അന്‍സൊരൊവ് എന്ന പ്രതിയെ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്നിരുന്നു. മോസ്‌കോവില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി.

പ്രവാചക നിന്ദ ആരോപിക്കപ്പെടുന്ന ഷാര്‍ലെ ഹെബ്ദോയുടെ കാര്‍ട്ടൂണുകള്‍ സെപ്റ്റംബറിലാണ് പുനപ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Naseeruddin Shah, Prashant Bhushan Among 100 To Condemn France Attacks

We use cookies to give you the best possible experience. Learn more