മുംബൈ: ബോളിവുഡിലെ മുന്‍നിര താരങ്ങളായ ആമിര്‍ ഖാനും ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും വിഷയങ്ങളില്‍ ഇടപെടുന്നില്ലെന്ന വിമര്‍ശനങ്ങളില്‍ തന്റെ കാഴ്ചപ്പാട് പങ്കുവെച്ച് നടന്‍ നസിറുദ്ദീന്‍ ഷാ. അഭിപ്രായം പറഞ്ഞാല്‍ തങ്ങള്‍ക്കെതിരെ വലിയ വിദ്വേഷ പ്രചരണവും ആക്രമണവും നടക്കുമെന്ന ആശങ്കയില്‍ തന്നെയാണ് അവര്‍ മിണ്ടാതിരിക്കുന്നതെന്ന് നസറുദ്ദീന്‍ ഷാ പറഞ്ഞു.
മുസ്‌ലിങ്ങള്‍ക്കെതിരെ മാത്രമല്ല, അഭിപ്രായങ്ങള്‍ പറയുന്നവര്‍ക്കെതിരെയെല്ലാം കടുത്ത ആക്രമണങ്ങളാണ് രാജ്യത്ത് നടക്കുന്നുതെന്നും നസിറുദ്ദീന്‍ ഷാ എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘അവര്‍ മൂന്ന് പേര്‍ക്കും വേണ്ടി എനിക്ക് സംസാരിക്കാനാകില്ല. പക്ഷെ എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒരുപാടുണ്ടെന്ന് എനിക്കറിയാം. സാമ്പത്തികമായി മാത്രമല്ല, എല്ലാ തരത്തിലുമുള്ള വിദ്വേഷാക്രമണങ്ങളും അവര്‍ക്ക് നേരിടേണ്ടി വരും.
മുസ്‌ലിങ്ങള്‍ക്കെതിരെ മാത്രമല്ല ഇത്തരം രൂക്ഷവിമര്‍ശനങ്ങളുയരുന്നത്. നിലപാടുകളുടെ പേരില്‍ സംവിധായകന്‍ ആനന്ദ് പട്‌വര്‍ധനെതിരെ വലതുപക്ഷത്ത് നിന്നും കടുത്ത ആക്രമണമല്ലേ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്,’ നസിറുദ്ദീന്‍ ഷാ പറഞ്ഞു.
സിനിമാമേഖലയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ വിവേചനം നിലനില്‍ക്കുന്നതായി തനിക്ക് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരാണ് ഏറ്റവും പണമുണ്ടാക്കുന്നത് എന്നതനുസരിച്ചാണ് ബോളിവുഡില്‍ ഓരോരുത്തരുടെയും വില നിശ്ചയിക്കുന്നതെന്നും ഇപ്പോഴും മൂന്ന് ഖാന്‍മാര്‍ (ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍) തന്നെയാണ് ഇന്‍ഡസ്ട്രിയില്‍ ഏറ്റവും മുന്‍പന്തിയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നസിറുദ്ദീന്‍ ഷാ എന്ന പേരിന് നീളം കൂടുതലാണെന്ന ഒറ്റക്കാരണം കൊണ്ടാണ് തന്റെ പേര് മാറ്റണമെന്ന തുടക്കകാലത്തില്‍ ആവശ്യമുയര്‍ന്നതെന്നും അല്ലാതെ മുസ്‌ലിം പേരായതുകൊണ്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കുന്നതിന്റെ പേരില്‍ തനിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നതെന്നും ഒരിക്കല്‍ പാകിസ്ഥാനിലേക്കുള്ള ടിക്കറ്റ് വരെ ആളുകള്‍ തനിക്ക് അയച്ചുതന്നിരുന്നെന്നും നസിറുദ്ദീന്‍ ഷാ പറഞ്ഞു.
സിനിമാമേഖലയില്‍ സര്‍ക്കാരിനെ പിന്തുണക്കുന്ന ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ സമ്മര്‍ദമേറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘സര്‍ക്കാരിനെയും നമ്മുടെ ‘പ്രിയപ്പെട്ട തലവനെയും’ പുകഴ്ത്തുന്ന സിനിമകള്‍ നിര്‍മ്മിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. സിനിമകള്‍ നിര്‍മ്മിക്കാനുള്ള സാമ്പത്തിക സഹായം മാത്രമല്ല, പ്രൊപ്പഗണ്ട സിനിമകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുമെന്ന വാഗ്ദാനവുമുണ്ട്.
സിനിമയിലെ വമ്പന്‍മാര്‍ പോലും ഈ ആവശ്യത്തിന് നിന്നുകൊടുക്കുന്നുണ്ട്. അവര്‍ മുട്ടുമടക്കി നമസ്‌കരിക്കുകയാണ്. നാസി ജര്‍മനിയിലും ഇത് തന്നെയായിരുന്നു നടന്നത്,’ നസിറുദ്ദീന്‍ ഷാ പറഞ്ഞു.
ഇതിന് വളരെ കൃത്യമായ തെളിവ് ചോദിച്ചാല്‍ തന്റെ കൈയ്യില്‍ ഉണ്ടാകില്ലെന്നും എന്നാല്‍ ഇന്നിറങ്ങുന്ന വലിയ സിനിമകളിലെ ‘നിറഞ്ഞുതുളുമ്പുന്ന ദേശസ്‌നേഹവും ദേശഭക്തിയും’ വളരെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.