| Thursday, 2nd September 2021, 12:50 pm

മതത്തെ പരിഷ്‌കരിക്കാന്‍ ശ്രമിക്കുമോ, അതോ പ്രാകൃത രീതികള്‍ പിന്തുടരുമോ? താലിബാന്റെ വിജയമാഘോഷിക്കുന്ന മുസ്‌ലിങ്ങളെ വിമര്‍ശിച്ച് നസ്‌റുദ്ദീന്‍ ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തത് ആഘോഷമാക്കുന്ന ഇന്ത്യക്കാര്‍ക്കെതിരെ നടന്‍ നസ്‌റുദ്ദീന്‍ ഷാ. താലിബാന്റെ ചെയ്തികള്‍ ആഘോഷമാക്കുന്ന ചില മുസ്‌ലിങ്ങള്‍ ഇവിടെയുണ്ടെന്നും ഇത് അപകടമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരമേറിയത് ലോകം ആശങ്കകളോടെ നോക്കിക്കാണുമ്പോള്‍, ഇന്ത്യയിലെ ചില മുസ്‌ലിങ്ങള്‍ ഇത് ആഘോഷമാക്കുകയാണെന്നും ഇത് അപകടകരമായ പ്രവണതയാണെന്നുമാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്.

താലിബാന്റെ വിജയത്തില്‍ ആഘോഷിക്കുന്നവര്‍ തങ്ങളുടെ മതത്തെ പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമോ അതോ പ്രാകൃതമായ ജീവിതരീതികള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നുവോ എന്ന വസ്തുത സ്വയം വിലയിരുത്തണമെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്.

താനൊരു ഹിന്ദുസ്ഥാനി മുസല്‍മാനാണെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ലോകെത്തെമ്പാടുമുള്ള മുസ്‌ലിങ്ങളില്‍ നിന്ന് വ്യത്യസ്തരാണെന്നും ആ കാര്യം നമുക്ക് തിരിച്ചറിയാന്‍ പോലും കഴിയാത്തവിധം മാറുന്ന ഒരു കാലം ദൈവം കൊണ്ടുവരാതിരിക്കട്ടെ എന്നും പറയുന്നു.

നേരത്തെ സംഗീത സംവിധായകനായ അദ്‌നന്‍ സാമിയും താലിബാനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഇസ്‌ലാമില്‍ സംഗീതം നിരോധിക്കപ്പെട്ടതാണ് എന്ന സബീഹുള്ള മുജാഹിദിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് അദ്‌നന്‍ സാമി വിമര്‍ശനമുന്നയിച്ചിരുന്നത്.

‘പ്രിയപ്പെട്ട സബീഹുള്ള മുജാഹിദ്, ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുകയാണ്, സംഗീതം ഹറാമാണെന്നും ഇസ്‌ലാമികമല്ലെന്നും വിശുദ്ധ ഖുറാനില്‍ എവിടെയാണ് പറയുന്നതെന്ന് നിങ്ങള്‍ കാണിച്ച് തരൂ,” എന്നാണ് അദ്‌നന്‍ സാമി പോസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 15, 16 തിയതികളിലായാണ് അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതായി താലിബാന്‍ പ്രഖ്യാപിച്ചത്. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റിയിരുന്നു. ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.

20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് താലിബാന്‍ ആക്രമണം ശക്തമാക്കിയത്. കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ടാണ് താലിബാന്‍ അഫ്ഗാന്‍ സൈന്യത്തെ തോല്‍പ്പിച്ചുകൊണ്ട് രാജ്യം പിടിച്ചടക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Naseeruddin Shah criticizes Muslims in India for celebrating Taliban’s victory

We use cookies to give you the best possible experience. Learn more