| Monday, 13th September 2021, 3:25 pm

ലവ് ജിഹാദ് പുരുഷാധിപത്യത്തിന്റെ പ്രദര്‍ശനം: സ്ത്രീകള്‍ക്ക് ബുദ്ധിയില്ലെന്നും അവരെ എളുപ്പത്തില്‍ കീഴ്പ്പെടുത്താമെന്നുമാണ് പറഞ്ഞുവെക്കുന്നത്: നസറുദ്ദീന്‍ ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ലവ് ജിഹാദ് വിഷയത്തില്‍ വീണ്ടും നിലപാട് വിശദീകരിച്ച് നടന്‍ നസറുദ്ദീന്‍ ഷാ. ലവ് ജിഹാദ് എന്നത് പുരുഷാധിപത്യത്തിന്റെ പ്രദര്‍ശനം മാത്രമാണെന്നാണ് എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദഹേം പറഞ്ഞത്.

‘എന്താണീ ലവ് ജിഹാദ്? അത് പുരുഷാധിപത്യത്തിന്റെ പ്രദര്‍ശനം മാത്രമാണ്. സ്ത്രീകള്‍ക്ക് ബുദ്ധിയില്ലെന്നും അവരെ വിശ്വസിക്കാനാവില്ലെന്നും അവരെ എളുപ്പത്തില്‍ കീഴ്പ്പെടുത്താമെന്നുമാണ് അത് പറഞ്ഞുവെക്കുന്നത്,’ നസറുദ്ദീന്‍ ഷാ പറഞ്ഞു.

രാജ്യത്ത് ലവ് ജിഹാദിന്റെ പേരില്‍ ഹിന്ദു മുസ്‌ലീം മതസ്ഥര്‍ക്കിടയില്‍ രൂപപ്പെട്ട് വരുന്ന വിഭാഗീയതയില്‍ അദ്ദേഹം നേരത്തേയും ആശങ്ക അറിയിച്ചിരുന്നു.

”ഇപ്പോള്‍ രാജ്യത്ത് തീരുമാനങ്ങളെടുക്കുന്ന രീതിയില്‍ എനിക്ക് വലിയ രോഷമുണ്ട്. യു.പിയില്‍ നടക്കുന്ന ലവ് ജിഹാദ് പോലുള്ള കാര്യങ്ങള്‍ നോക്കൂ. ഒന്നാമതായി ഈ പ്രയോഗത്തിന്റെ അര്‍ത്ഥം അതുണ്ടാക്കിയവര്‍ക്ക് പോലും അറിയില്ല. മുസ്ലിങ്ങള്‍ ഹിന്ദു ജനസംഖ്യയെ മറികടക്കുമെന്ന് ചിന്തിക്കുന്നത് തന്നെ വിഡ്ഢിത്തമാണെന്ന് ഞാന്‍ കരുതുന്നു,” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ലവ് ജിഹാദ് നിയമം ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിലുള്ള സമ്പര്‍ക്കം ഇല്ലാതാക്കാന്‍ കൊണ്ടുവന്നതാണെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞിരുന്നു.

”അവരുടെ ലക്ഷ്യം മറ്റു മത വിശ്വാസികളുമായുള്ള വിവാഹം ഇല്ലാതാക്കുക മാത്രമല്ല. അവര്‍ തമ്മിലുള്ള ആശയ വിനിമയം കൂടി റദ്ദ് ചെയ്യുക എന്നതാണ്. ഞാന്‍ എന്റെ കുട്ടികളെ എല്ലാ മതങ്ങളെക്കുറിച്ചും പഠിപ്പിച്ചിട്ടുണ്ട്. അവരേതെങ്കിലും പ്രത്യേക മതവിശ്വസത്തില്‍ പെടുന്നവരാകണമെന്ന് ഞങ്ങളവരോട് ഒരിക്കലും പറഞ്ഞിട്ടില്ല.

മതത്തിന്റെ പേരിലുള്ള ഈ വിഭാഗീയതകളൊക്കെ ഒരു ദിവസം ഇല്ലാതാകുമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. ഒരു ഹിന്ദു വിശ്വാസിയായ സ്ത്രീയെയാണ് ഞാന്‍ വിവാഹം ചെയ്തത്. അതൊരു തെറ്റായി എനിക്കൊരിക്കലും തോന്നിയിട്ടില്ല. എന്റെ അമ്മ തികച്ചും പരമ്പരാഗത കെട്ടുപാടുകളില്‍ വളര്‍ന്ന വ്യക്തിയാണ്. അവര്‍ക്ക് വിദ്യാഭ്യാസവുമില്ല. എന്നിട്ടും ഒരാളുടെ മതം മാറ്റുന്നതിനോട് അവര്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. അവര്‍ ചോദിച്ചത് ചെറുപ്പം മുതല്‍ ശീലിച്ചുവരുന്ന കാര്യങ്ങള്‍ ഒരാള്‍ക്ക് എങ്ങിനെ മാറ്റാന്‍ സാധിക്കും എന്നാണ്,” നസറുദ്ദീന്‍ ഷാ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Naseeruddin Shah, Actor, on the right wing bogey of ‘Love Jihad.’

We use cookies to give you the best possible experience. Learn more