'ലാസ്റ്റ് ഓവര്‍ വില്ലന്‍'; ഞെട്ടിക്കാന്‍ വന്നവരെ പെട്ടിയിലാക്കി നസീം ഷാ
Sports News
'ലാസ്റ്റ് ഓവര്‍ വില്ലന്‍'; ഞെട്ടിക്കാന്‍ വന്നവരെ പെട്ടിയിലാക്കി നസീം ഷാ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 25th August 2023, 9:21 am

അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തിലും വിജയിച്ച് പാകിസ്ഥാന്‍. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ പാകിസ്ഥാന്‍ 2-0ന് സീരീസ് സ്വന്തമാക്കിയിരിക്കുകയാണ്.

അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 301 റണ്‍സിന്റെ വിജയലക്ഷ്യം പാകിസ്ഥാന്‍ ഒരു പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. അവസാന ഓവറില്‍ വിജയിക്കാന്‍ 11 റണ്‍സ് വേണമെന്നിരിക്കെ നസീം ഷാ ടീമിന്റെ രക്ഷകനാവുകയായിരുന്നു.

49ാം ഓവര്‍ അവസാനിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സായിരുന്നു പാകിസ്ഥാന്‍ നേടിയത്. 35 പന്തില്‍ നിന്നും 48 റണ്‍സ് നേടിയ ഷദാബ് ഖാനും ഒരു പന്തില്‍ ഒരു റണ്‍സ് നേടിയ നസീം ഷായുമായിരുന്നു ക്രിസിലുണ്ടായിരുന്നത്. ഫസലാഖ് ഫാറൂഖിയെറിഞ്ഞ 50ാം ഓവറില്‍ അത്യന്തം നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കാണ് മഹീന്ദ രാജപക്‌സെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

49.0 – അവസാന ഓവറിലെ ആദ്യ പന്തെറിയും മുമ്പ് തന്നെ വിക്കറ്റ്. ഡെലിവെറിക്ക് മുമ്പ് തന്നെ ക്രീസ് വിട്ടോടിയ ഷദാബ് ഖാനെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ റണ്‍ ഔട്ടാക്കി ഫസലാഖ് ഫാറൂഖി. ചര്‍ച്ചകള്‍ക്ക് ശേഷം തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചു. ഒമ്പതാം വിക്കറ്റായി ഷദാബ് ഖാന്‍ പുറത്തേക്ക്. അവസാന താരമായി ഹാരിസ് റൗഫ് ക്രീസിലെത്തി.

49.1 – ഫസലാഖ് ഫാറൂഖിയെറിഞ്ഞ ഫുള്ളര്‍ കവറിന് മുകളിലൂടെ ബൗണ്ടറിക്ക് പായിച്ച് നസീം ഷാ. സ്‌കോര്‍ 294/4

49.2 – വീണ്ടും മറ്റൊരു ഫുള്ളര്‍, റണ്‍സ് നേടാന്‍ സാധിക്കാതെ നസീം ഷാ. പാകിസ്ഥാന് വിജയിക്കാന്‍ നാല് പന്തില്‍ വേണ്ടത് ഏഴ് റണ്‍സ്.

49.3 – നസീം ഷാ സിംഗിള്‍ നേടി സട്രൈക്ക് ഹാരിസ് റൗഫിന് കൈമാറി.

49.4 – ഫസലാഖ് ഫാറൂഖിയുടെ ഷോര്‍ട്ട് ലെങ്ത് ഡെലിവെറി ഡീപ് മിഡ്‌വിക്കറ്റിലൂടെ കളിച്ച് മൂന്ന് റണ്‍സ് ഓടിയെടുത്ത് ഹാരിസ് റൗഫ്. വിജയിക്കാന്‍ രണ്ട് പന്തില്‍ മൂന്ന് റണ്‍സ്.

49.5 ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ഫസലാഖിന്റെ പന്ത് നസീം ഷായുടെ ബാറ്റില്‍ ഔട്ട് സൈഡ് എഡ്ജ് ചെയ്ത് ബൗണ്ടറി ലൈനിലേക്ക്. ആവേശകരമായ മത്സരത്തില്‍ പാകിസ്ഥാന് ഒരു വിക്കറ്റിന്റെ വിജയം.

ഇമാം ഉള്‍ ഹഖും ബാബര്‍ അസവും ഷദാബ് ഖാനും അടിത്തറയൊരുക്കിയ ഇന്നിങ്‌സില്‍ പാകിസ്ഥാനെ നസീം ഷാ വിജയത്തിലേക്ക് നയിച്ചപ്പോള്‍ അഫ്ഗാന്‍ ഡഗ് ഔട്ട് മൂകമായി. വിജയിക്കുമെന്ന് കരുതിയിടത്ത് നിന്നും പരാജയമേറ്റുവാങ്ങിയാണ് അഫ്ഗാനിസ്ഥാന്‍ ആരാധകരെ നിരാശപ്പെടുത്തിയത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാന്‍ ഓപ്പണര്‍ റഹ്‌മത്തുള്ള ഗുര്‍ബാസിന്റെ സെഞ്ച്വറി കരുത്തില്‍ 300 റണ്‍സ് പടുത്തുയര്‍ത്തിയിരുന്നു. ടീം സ്‌കോറിന്റെ പകുതിയിലധികവും ഗുര്‍ബാസ് തന്നെയായിരുന്നു നേടിയത്. 151 പന്തില്‍ നിന്നും 151 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

ഗുര്‍ബാസിന് പുറമെ 101 പന്തില്‍ 80 റണ്‍സ് നേടിയ സഹ ഓപ്പണര്‍ ഇബ്രാഹിം സദ്രാനും ടോട്ടലിലേക്ക് സംഭാവന ചെയ്തു.

301 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ പാകിസ്ഥാന് വേണ്ടി ഇമാം ഉള്‍ ഹഖും ക്യാപ്റ്റന്‍ ബാബര്‍ അസവും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഇമാം 150 പന്തില്‍ 91 റണ്‍സ് നേടി പുറത്തായപ്പോള്‍ 66 പന്തില്‍ നിന്നും 53 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം.

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഷദാബ് ഖാനാണ് പാകിസ്ഥാന്‍ വിജയത്തില്‍ നിര്‍ണായകമായ മറ്റൊരു ഘടകം. 35 പന്തില്‍ 48 റണ്‍സാണ് താരം നേടിയത്.

ഓഗസ്റ്റ് 26നാണ് പരമ്പരയിലെ അവസാന മത്സരം. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയമാണ് വേദി.

 

Content highlight: Naseem Shah with brilliant finishing against Afghanistan