| Sunday, 28th August 2022, 11:37 pm

കഴിഞ്ഞ തവണ ഷഹീന്‍ അഫ്രിദി, ഇത്തവണ നസീം ഷാ; പാകിസ്ഥാന്‍ തീയുണ്ടകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ബൗളര്‍മാര്‍ പുറത്തെടുത്തത്.

പാകിസ്ഥാനെ വെറും 147 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ഇന്ത്യക്കായി മീഡിയം പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റുകള്‍ നേടിയപ്പോള്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി കൊണ്ട് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ മികച്ച പിന്തുണ് നല്‍കി. ബുംറയ്ക്ക് പകരക്കാരനായി ടീമിലെത്തിയ അര്‍ഷദീപ് സിങ്ങ് രണ്ട് വിക്കറ്റ് സ്വന്തമാക്കി തന്റെ സെലക്ഷനെ ജസ്റ്റിഫൈ ചെയ്തു. ആവേശ് ഖാന്‍ ഒരു വിക്കറ്റ് നേടിയിരുന്നു.

പാകിസ്ഥാന് വേണ്ടി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍ 42 പന്തുകളില്‍ നിന്നും 43 റണ്‍സ് നേടിയപ്പോള്‍ നായകനായ ബാബര്‍ അസമിന് തിളങ്ങനായില്ല. ഒമ്പത് പന്ത് നേരിട്ട ബാബര്‍ 10 റണ്‍സുമായി ഭുവിക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റിരുന്നു. ആദ്യ പന്തില്‍ തന്നെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനെ ബൗള്‍ഡാക്കാന്‍ നസീം ഷാക്ക സാധിച്ചു. പിന്നീട് കണ്ടത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെയും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയെയും വെള്ളം കുടിപ്പിക്കുന്ന നസീം ഷായെയാണ്.

മുന്‍ കാലങ്ങളിലെ സൂപ്പര്‍താരങ്ങളായ അക്തര്‍, അക്രം എന്നിവരെയൊക്കെ അനുസ്മരിപ്പിക്കുന്ന പേസ് ബൗളിങ്ങായിരുന്നു അദ്ദേഹം നടത്തിയത്. 140ന് തുടര്‍ച്ചയായി എറിഞ്ഞ അദ്ദേഹത്തിന്റെ മുന്നില്‍ ഇന്ത്യന്‍ സൂപ്പര്‍താരങ്ങള്‍ പതറുകയായിരുന്നു.

എന്നാല്‍ മറ്റു ബൗളര്‍മാരെ അക്രമിച്ചുകൊണ്ട് ഇന്ത്യ മത്സരത്തില്‍ തിരിച്ചെത്തിയരുന്നു. അഞ്ചാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവും ജഡേജയും പാര്‍ട്ട്‌നര്‍ഷിപ്പ് ഉയര്‍ത്തുന്നതിനിടയില്‍ അദ്ദേഹം തിരിച്ചെത്തികൊണ്ട് സൂര്യയെ ബൗള്‍ഡ് ആക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഷഹീന്‍ അഫ്രിദി നടത്തിയ പ്രകടനത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് ആദ്യ മൂന്ന് ഓവറില്‍ നസീം പുറത്തെടുത്തത്.

എന്നാല്‍ തന്റെ നാലാം ഓവറില്‍ അദ്ദേഹത്തിന് മികച്ച താളം കണ്ടെത്താന്‍ സാധിച്ചില്ല. എന്നാലും പാക് ക്രിക്കറ്റിന്റെ ഭാവിയാകാന്‍ അദ്ദേഹത്തിന് സാധിക്കും.

Content Highlight: Naseem shah is Next Big thing of Pakistan Cricket

We use cookies to give you the best possible experience. Learn more