ഏഷ്യാ കപ്പില്‍ നിന്നും പാകിസ്ഥാന്‍ പേസ് ബൗളര്‍ നസീം ഷാ പുറത്ത്. ഇന്ത്യക്കെതിരെയുള്ള മത്സരത്തിനിടെ വലത്തെ തോളത്ത് പരിക്കേറ്റതിന് പിന്നാലെയാണ് താരത്തിന് പുറത്തുപോകേണ്ടി വന്നത്.
തന്റെ സ്‌പെല്ലിലെ അവസാന നാല് ബോളുകള്‍ എറിയാന്‍ താരത്തിന് സാധിച്ചില്ലായിരുന്നു. ഏഷ്യാ കപ്പില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ പാകിസ്ഥാന് നസീമിന്റെ അഭാവമുണ്ടാകും.
ഏകദിനത്തില്‍ ഇതുവരെ അരങ്ങേറാത്ത സമാന്‍ ഖാനാണ് നസീമിന് പകരം ടീമിലെത്തിയത്. താരം ടീമിനൊപ്പം ചേര്‍ന്നെന്നാണ് ടീം അറിയിച്ചത്. അതോടൊപ്പം ലോകകപ്പ് പരിഗണിച്ചുകൊണ്ട് നസീമിന് ആവശ്യമായുള്ള മുന്‍കരുതല്‍ നല്‍കുന്നുണ്ടെന്നും പി.സി.ബി അറിയിച്ചു.
‘പാകിസ്ഥാന്റെ 17 അംഗ സ്‌ക്വാഡില്‍ സമാന്‍ ഖാന്‍ നസീം ഷാക്ക് പകരം ടീമിനൊപ്പം ചേരും. സമാന്‍ ഖാന്‍ ഇന്ന് രാവിലെ ടീമിനൊപ്പം ചേര്‍ന്നു, വൈകുന്നേരം താരം സ്‌ക്വാഡിനൊപ്പം പരിശീലനം നടത്തും.
ഇന്ത്യക്കെതിരായ മത്സരത്തിനിടെ നസീമിന്റെ വലതു തോളിന് പരിക്കേറ്റിരുന്നു. ഏകദിന ലോകകപ്പ് കണക്കിലെടുത്ത് ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തുകൊണ്ട് ടീമിന്റെ മെഡിക്കല്‍ പാനല്‍ അദ്ദേഹത്തെ നിരീക്ഷിച്ചുവരുന്നു,’ പി.സി.ബി പറഞ്ഞു.
വ്യാഴാഴ്ച ശ്രീലങ്കക്കെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. നിലവില്‍ സൂപ്പര്‍ ഫോറില്‍ രണ്ട് മത്സരങ്ങള്‍ കളിച്ച് ഒന്നില്‍ വിജയിച്ച ഇരു ടീമുകള്‍ക്കും ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്. ഇവരില്‍ നിന്നും വിജയിക്കുന്ന ടീമായിരിക്കും ഇന്ത്യക്കെതിരെ ഫൈനലില്‍ കളിക്കുക.
ഇന്ത്യക്കെതിരെയാണ് ഇരു ടീമുകളും സൂപ്പര്‍ ഫോറില്‍ പരാജയപ്പെട്ടത്.
Content highlight: Naseem Shah Is Injured and Out Of Asia Cup 2023