പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സിന് വേണ്ടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്റെ യുവപേസര്‍ നസീം ഷായാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം.
ക്വേറ്റാ ഗ്ലാഡിയേറ്റേഴ്‌സും മുള്‍ട്ടാന്‍ സുല്‍ത്താനും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു നസീം ഷാ ക്രിക്കറ്റ് ലോകത്തിന് മുമ്പില്‍ പരിഹാസ്യനായി നിന്നത്.
മത്സരത്തില്‍ ടോസ് നേടിയ സുല്‍ത്താന്‍സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അത്ര മികച്ച തുടക്കമായിരുന്നില്ല ഗ്ലാഡിയേറ്റേഴ്‌സിന് ലഭിച്ചത്.
ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ ആറ് പന്തില്‍ നിന്നും ഏഴ് റണ്‍സിന് പുറത്തായി. പിന്നാലെയെത്തിയ അബ്ദുള്‍ ബംഗാല്‍സായി ഒരു റണ്‍സിനും ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് രണ്ട് റണ്‍സിനും പുറത്തായി.
ഒരറ്റത്ത് ജേസണ്‍ റോയ് ചെറിയ തോതിലുള്ള പ്രതിരോധത്തിന് ശ്രമിക്കുമ്പോഴും മറുതലക്കല്‍ ഒന്നൊന്നായി വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു.
ഒടുവില്‍ ഒമ്പതാമനായി പാകിസ്ഥാന്റെ യുവതാരം നസീം ഷായും ബാറ്റിങ്ങിനിറങ്ങി. സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെത്തിയ നസീം ഷായുടെ ഹെല്‍മെറ്റ് കണ്ട ആരാധകര്‍ ഒരു നിമിഷം അമ്പരന്നു, അത് ഗ്ലാഡിയേറ്റേഴ്‌സിന്റെ ഹെല്‍മെറ്റ് അല്ല. പി.എസ്.എല്ലിലെ മറ്റേതെങ്കിലും ടീമിന്റെ ഹെല്‍മെറ്റാണോ, അതുമായിരുന്നില്ല.
ഒടുവില്‍ ഹെല്‍മെറ്റിലെ ലോഗോയിലേക്ക് സൂക്ഷിച്ച് നോക്കിയപ്പോഴാണ് ആരാധകര്‍ക്ക് കാര്യം മനസിലായത്. കോമില്ല വിക്ടോറിയന്‍സിന്റെ ഹെല്‍മെറ്റും വെച്ചാണ് നസീം ഷാ ബാറ്റിങ്ങിനിറങ്ങിയത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ ടീമിന്റെ അറ്റയറും കൊണ്ടാണ് ആശാന്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ എത്തിയതെന്ന് സാരം.
സംഭവം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ചില്ലറയൊന്നുമല്ല ചൊടിപ്പിച്ചത്. മാച്ച് ഫീയുടെ പത്ത് ശതമാനം പിഴ ചുമത്തിയാണ് പി.സി.ബി നസീം ഷാക്ക് ശിക്ഷ വിധിച്ചത്.
മത്സരത്തില്‍ നസീം ഷാ ഒറ്റ റണ്‍സ് മാത്രമെടുത്ത് പുറത്തായി.
പത്താമനായി ഇറങ്ങിയ മുഹമ്മദ് ഹസ്‌നെയ്‌നാണ് ക്വേറ്റ നിരയിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയത്. 20 പന്തില്‍ നിന്നും 22 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്.
ഒടുവില്‍ 18.5 ഓവറില്‍ 110 റണ്‍സിന് ഗ്ലാഡിയേറ്റേഴ്‌സ് ഓള്‍ ഔട്ടാവുകയായിരുന്നു. നാല് ഓവറില്‍ 12 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇഷാനുള്ള ഗ്ലാഡിയേറ്റേഴ്‌സിനെ അക്ഷരാര്‍ത്ഥത്തില്‍ നിഷ്പ്രഭമാക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുള്‍ട്ടാന്‍ റിലി റൂസോയുടെ കരുത്തില്‍ 39 പന്ത് ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. 42 പന്തില്‍ നിന്നും 78 റണ്‍സുമായാണ് റൂസോ സുല്‍ത്താന്‍സിന്റെ കരുത്തായത്. ഇഷാനുള്ളയാണ് മാന്‍ ഓഫ് ദി മാച്ച്.
Content highlight: Naseem Shah fined by PCB for wearing wrong helmet