ഗെയില്‍ സമരം കൂടുതല്‍ രൂക്ഷമാവുകയാണ്. വഴിയിലുടനീളം ചോര തെറിച്ചു കിടക്കുന്നുണ്ട്. ഒരുപാടു പേര് മുറിവേറ്റു കിടക്കുന്നുണ്ട്. എന്ത് ചെയ്യണമെന്നറിയാതെ നിസഹായരായി നില്‍ക്കുന്ന ഒരു വലിയ കൂട്ടം ജനം ഈ സര്‍ക്കാരിനോട്, ഇടതുപക്ഷ നിലപാടുകളോട്, മിസ്റ്റര്‍ മുഖ്യമന്ത്രിയോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്; അവര്‍ക്കത് കേള്‍ക്കാന്‍ സൗകര്യമില്ലെങ്കിലും.
കൊച്ചിയില്‍ നിന്ന് മംഗലാപുരത്തേക്ക് പ്രകൃതി വാതകം കൊണ്ട് പോകുന്ന പൈപ്പ് ലൈന്‍; അതാണ് ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. നമ്മുടെ നാട്ടില്‍ അത് കടന്നു പോകുന്നത് ഒരുപാട് ഗ്രാമങ്ങളെ കീറിമുറിച്ച് കൊണ്ടാണ്.
അവിടെ തന്നെയാണ് ജനകീയ സമരങ്ങള്‍ ഉയരുന്നതും. രാഷ്ട്രീയ കക്ഷി ഭേദമന്യേ, വീടും കൃഷിയിടവും കച്ചവടവുമെല്ലാം നഷ്ടപെടുന്ന ഇരകള്‍ ഒരുമിച്ചു നില്‍ക്കുന്നു. സമരം ചെയ്യുന്നു. പദ്ധതിക്കെതിരെയല്ല, മറിച്ച്, ജനവാസ മേഖലകളില്‍ നിന്ന് പദ്ധതിയുടെ റൂട്ട് മാറ്റാന്‍. നടപടികളില്‍ സുതാര്യത വേണമെന്ന് ആവശ്യപ്പെട്ട്.
ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ പ്രതിരോധം. നാളുകള്‍ ഒരുപാടായി. “”വെള്ളം കൊണ്ട് പോകുന്ന പൈപ്പ്”” എന്ന് പറഞ്ഞു സര്‍വ്വേ നടത്തിയപ്പോള്‍ സര്‍വേക്കാര്‍ക്കു ചായയും ചോറും വിളമ്പിയ ജനങ്ങള്‍ക്ക് പോകുന്നത് പ്രകൃതിവാതക പൈപ്പ് ലൈന്‍ ആണെന്ന് മനസ്സിലായത് വൈകിയാണ്. അതറിഞ്ഞപ്പോഴും “ഗെയില്‍ പൈപ്പ് ലൈന്‍ വേണ്ട” എന്ന് പറഞ്ഞു പദ്ധതിയെ എതിര്‍ക്കാനല്ല അവര്‍ സമരം തുടങ്ങിയത്.
മറിച്ച്, ജനവാസ മേഖലയിലൂടെ ഇത് കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന അ പകടത്തെക്കുറിച്ചും, വീടും തൊടിയും നഷ്ടമാവുന്നവര്‍ എന്ത് ചെയ്യും എന്നൊക്കെ ചോദിച്ചാണ്. അവരുടെ ചോദ്യങ്ങള്‍ക്കു വ്യക്തമായ ഉത്തരം കൊടുക്കാന്‍ ഇത് വരെ അധികാരികള്‍ തയാറായിട്ടില്ല.
ഇതുപോലെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നടപ്പാക്കിയ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതികളില്‍ ചിലയിടങ്ങളില്‍ അപകടം ഉണ്ടായിട്ടുണ്ട്. ജീവന്‍ പൊലിഞ്ഞിട്ടുണ്ട്. അങ്ങനെ നടന്നാലോ എന്ന ഞങ്ങളുടെ ചോദ്യത്തിന് “സാധ്യത കുറവാണു” എന്ന് മറുപടി. ഉറപ്പു കൊടുക്കാന്‍ സര്‍ക്കാറുമില്ല ഗെയ്ലുമില്ല. ജനവാസ മേഖലയിലൂടെ ഇത്തരം പൈപ്പ് ലൈന്‍ പദ്ധതികള്‍ കടത്തി വിടരുതെന്ന നിയമം തന്നെയുണ്ട്.
അതിവിടെ വ്യക്തമായി ലംഘിക്കപ്പെടുന്നു. വീടുകള്‍ നഷ്ടപ്പെടുന്നു. ഭൂമി ഏറ്റെടുക്കുന്നിടത്തു കൃത്യമായ രേഖകളോ ധാരണകളോ ഉണ്ടാകുന്നില്ല. ഇങ്ങനെ ഒരു ഗ്രാമത്തിന്റെ, നാടിന്റെ നിലനില്‍പ്പും അതിജീവനും തന്നെ ചോദ്യം ചെയ്തു ഒരു പദ്ധതി മുന്നോട്ടു പോകുമ്പോഴും ഇരകളായ മനുഷ്യരുടെ ചോദ്യങ്ങള്‍ക്കു ഉത്തരമില്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചര്‍ച്ചകളെങ്കിലും നടന്നിരുന്നു. മുഖ്യമന്ത്രിയും വ്യവസായമന്ത്രിയുമെല്ലാം ഇരകള്‍ക്കു പറയാനുള്ളത് കേട്ടിരുന്നു. തല്‍ക്കാലം പണി നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ അതൊന്നുമില്ല. ഇവരെ കേള്‍ക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ല. എന്ത് വിലകൊടുത്തും നിശ്ചയിച്ച പ്രകാരം തന്നെ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായതിനാലാവണം, സമരം ചെയ്യുന്നവര്‍ “തീവ്രവാദികള്‍” ആണെന്ന് എളമരം കരീമും മറ്റു ഇടതു നേതാക്കളും. കമ്മ്യൂണിസ്‌റുകാരായ മനുഷ്യരും സമരപ്പന്തലിലുണ്ടെന്നു അവര്‍ക്കറിയാഞ്ഞിട്ടല്ല; അതിനേക്കാള്‍ വലുതാണ് പദ്ധതി. ഗെയില്‍ കരാര്‍. സമര സമിതിയുടെ നേതാക്കളായുണ്ടായിരുന്ന പലരും ഇപ്പൊ പദ്ധതിയുടെ വക്താക്കളായതും ഇങ്ങനെയൊക്കെയാണ്. തുരുമ്പെടുത്ത പൈപ്പുകളും ലംഘിക്കപ്പെടുന്ന നിയമങ്ങളും കാണാതെ പോകുന്നതും ഈ വ്യഗ്രതയിലാണ്.
ഒരു മാസത്തിലേറെ ആയി സമരപ്പന്തലും കെട്ടി ഒരുപാട് മനുഷ്യര്‍ അവിടെ പ്രതിരോധം തീര്‍ക്കുന്നു. പ്രതിരോധം കുറഞ്ഞ പലയിടങ്ങളിലും പൈപ്പ് ഇടാന്‍ തൊടികള്‍ ജെ.സി.ബി കീറിമുറിക്കുന്നുണ്ട്. സമരം ശക്തമായിടത്തു നിര്‍മാണം തല്‍ക്കാലം നിര്‍ത്തിവെക്കപ്പെട്ടിരുന്നു.
അങ്ങനെ നിര്‍ത്തിവെക്കപ്പെട്ടിടത്തേക്കാണ് ഇന്ന് പോലീസ് അകമ്പടിയോടെ ഗെയില്‍ അധികൃതര്‍ എത്തിയത്. നാട്ടുകാര്‍ സംഘടിച്ചു അവരുടെ പ്രവര്‍ത്തനം തടഞ്ഞു. തുടര്‍ന്ന് പോലീസ് സമരപ്പന്തല്‍ പൊളിച്ചു നീക്കി. നാട്ടുകാര്‍ പലയിടങ്ങളിലായി കൂട്ടം കൂടി നില്‍ക്കുന്നുണ്ടായിരുന്നു. പിന്നീടവിടെ നടന്നത് പറഞ്ഞു കേട്ട അടിയന്തരാവസ്ഥ കാലത്തെ ഓര്‍മിപ്പിക്കുന്ന പോലീസ് ഭരണമാണ്. ചീറിപ്പാഞ്ഞെടുത്തിയ ബസ്സുകളില്‍ നിന്ന് ചാടിയിറങ്ങി ആള്‍ക്കൂട്ടത്തിനു നേരെ ആക്രോശിക്കുന്നു പോലീസ്. ഓടിച്ചിട്ട് ലാത്തി വീശി. റോഡിനു വശങ്ങളില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ ചവിട്ടി നിലത്തിട്ടു.
പലതായി ചിതറിയോടി നാട്ടുകാരില്‍ ചിലര്‍ കല്ലെടുത്തു തിരിച്ചറിയാന്‍ തുടങ്ങി. പക്ഷെ പോലീസ് സംഘത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പാകത്തിലൊന്നുമില്ല. റോഡ് ഉപരോധിച്ചു. അപ്പോഴേക്കും കണ്ണീര്‍വാതകവും ലാത്തിയും റോഡില്‍ നിന്ന് സമീപത്തെ വീടുകളിലേക്കും തൊടികളിലേക്കും ഓടിയിറങ്ങിത്തുടങ്ങിയിരുന്നു. സ്ത്രീകളോടൊക്കെ പോലീസ് ഉപയോഗിച്ച ഭാഷയുടെ മഹത്വം! കണ്ണില്‍ കണ്ടവരെയെല്ലാം അടിച്ചു. കടമുറികള്‍ക്കു മുന്‍പില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ പോലും ചവിട്ടി പൊളിച്ചു സ്റ്റേഷനിലേക്ക് നീക്കി. (“പത്രപ്രവര്‍ത്തകന്‍” എന്ന ടാഗിന്റെ ബലത്തില്‍ മാത്രമാണ് അവിടെ നില്‍ക്കാന്‍ കഴിഞ്ഞത്). രാവിലെയോടെ തുടങ്ങിയ നായാട്ടു വൈകുന്നേരം മൂന്നോടെയാണ് ഏകദേശം അവസാനിച്ചത്.
പോലീസിന്റെ പാച്ചിലിനിടെ അകപ്പെട്ട കുറച്ചു പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു മുക്കം സ്റ്റേഷനിലെത്തിച്ചു. അവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ അവിടെ ഉപരോധം അരങ്ങേറി. രാത്രിയോടെ അവര്‍ക്കു നേരെയും പോലീസ് ലാത്തി വീശി. ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ “ക്ളിയറന്‍സ്”. മുന്നില്‍ വരുന്നവരെയെല്ലാം തല്ലിയൊടിച്ചു, ചോര തുപ്പിച്ചു പരിസരം വൃത്തിയാക്കല്‍! അരക്കു താഴെയൊന്നുമല്ല, കൃത്യം തല നോക്കി വീശുന്നുണ്ട് പിണറായിയുടെ പോലീസ്. ഓടിയകലുന്നവര്‍ക്കു പിന്നാലെ ലാത്തിയെറിഞ്ഞു വീഴ്ത്തുന്നു. കൂട്ടം കൂടി തല്ലുന്നു. മാധ്യമ പ്രവര്‍ത്തകരടക്കം ഒരുപാട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ആരെയാണ് ഈ തല്ലിയൊടിക്കുന്നത് എന്നോര്‍ക്കണം! സ്വന്തം വീടും തൊടിയും നഷ്ടപ്പെടുന്ന, അതിനെക്കുറിച്ചുള്ള സംശയങ്ങള്‍ ആരോട് ചോദിക്കും, ആരു മറുപടി തരുമെന്നറിയാതെ നിസ്സഹായരായി സമരം ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരെ. അവരോടൊപ്പം നില്‍ക്കുന്നവരെ. പോലീസിന്റെ കയ്യില്‍ നിന്ന് ഇടതടവില്ലാതെ അടി കിട്ടുന്നതിനിടെ ഒരു സമരക്കാരന്‍ പറയുന്നുണ്ടായിരുന്നു – ഞാന്‍ ഇടതുപക്ഷക്കാരാണെന്ന്. കമ്മ്യൂണിസ്റ്റാണെന്ന്!.
“തന്റെ ശവത്തിനു മുകളിലൂടെ മാത്രമേ ഈ പദ്ധതി നടപ്പിലാകൂ” എന്ന് പ്രസംഗിച്ചു ജയിച്ച സ്വന്തം എം.എല്‍.എ ജോര്‍ജ് എം തോമസ്, “”പോലീസ് അവരുടെ ജോലിയാണ് ചെയ്തത്. അതില്‍ ഒരു തെറ്റുമില്ല.” എന്ന് പറഞ്ഞ്, സമരത്തിലേക്കൊന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ “വികസന നായകനാവുന്നത്” കണ്ടപ്പോള്‍ ആ മനുഷ്യന്റെ ചങ്കു പൊട്ടിക്കാണും. പാവം, അയാള്‍ക്ക് നേതാവിനെ പോലെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കാന്‍ ഇരട്ടചങ്കില്ലല്ലോ!
വീഡിയോ: നസീല്‍ വോയ്‌സി