| Saturday, 9th March 2019, 9:10 pm

സ്ത്രീകളുടെ നിയന്ത്രണത്തില്‍ സ്ത്രീകള്‍ തന്നെ നടത്തുന്ന ബഹിരാകാശ നടത്തത്തിനൊരുങ്ങി നാസ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: സ്ത്രീകളുടെ നിയന്ത്രണത്തില്‍ സ്ത്രീകള്‍ തന്നെ നടത്തുന്ന ബഹിരാകാശ നടത്തത്തിന് (സ്‌പെയ്‌സ് വാക്ക്) ഒരുങ്ങുകയാണ് നാസ. വനിതാ ശാസ്ത്രജ്ഞരായ ആന്‍ മക്ലെയ്‌നും ക്രിസ്റ്റിന കോച്ചുമാണ് സ്‌പെയ്‌സ് വാക്കിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് 29 നാണ് ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്തേക്കിറങ്ങുക.

മേരി ലോറന്‍സ്, ജാകി കാകെ എന്നീ വനിതാ ശാസ്ത്രജ്ഞരാണ് ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷനില്‍ നിയന്ത്രണം ഏറ്റെടുക്കുക.

ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷന് പുറത്തിറങ്ങി ഗുരുത്വാകര്‍ഷണമില്ലാത്ത ബഹിരാകാശത്ത് കൂടിയുള്ള ഒഴുകി നടത്തമാണ് സ്‌പെയ്‌സ് വാക്ക്. മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് മുഴുവന്‍ വനിതാ പങ്കാളിത്തത്തോടെയുള്ള ബഹിരാകാശ നടത്തം എന്ന പദ്ധതി നാസ പ്രഖ്യാപിക്കുന്നത്.

ALSO READ: ‘ബോലോ’; കുട്ടികളെ വായനയില്‍ സഹായിക്കാന്‍ അപ്ലിക്കേഷനുമായി ഗൂഗിള്‍

ബഹിരാകാശത്തിന്റെ സ്വഭാവ സവിശേഷതകള്‍ പഠിക്കാനും ഭൗതികമാറ്റങ്ങള്‍ എങ്ങനെ ബഹിരാകാശത്ത് പ്രതിഫലിക്കുന്നു എന്ന് മനസിലാക്കാനും സ്‌പെയിസ് വാക്ക് ഉപകരിക്കും. സാറ്റ്‌ലൈറ്റുകള്‍ ഭൂമിയിലെത്തിക്കാതെ ബഹിരാകാശത്ത് വെച്ച് അറ്റകുറ്റ പണികള്‍ നടത്താനും സ്‌പെയ്‌സ് വാക്ക് സഹായിക്കും.

അപകടകരവും സാഹസികത നിറഞ്ഞതുമായ സ്‌പെയ്‌സ് വാക്ക് സ്ത്രീകളുടെ മാത്രം പ്രയത്‌നത്തില്‍ നടത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

1984 ജൂലായ് 25 നാണ് ആദ്യമായി ഒരു വനിത ബഹിരാകാശ നടത്തം നടത്തുന്നത്. സോവിയറ്റ് യൂണിയന്റെ സ്വെറ്റ്ലാനാ സാവിറ്റ്സ്‌കായാണ് ആദ്യ സ്‌പെയ്‌സ് വാക്ക് നടത്തിയ വനിത.

We use cookies to give you the best possible experience. Learn more