ഇന്ന് മലയാളം സിനിമാ ഇന്‍ഡസ്ട്രിയുടെ തലതൊട്ടപ്പന്‍ മമ്മൂട്ടിയാണെന്ന് പറയുകയാണ് നടനും നിര്‍മാതാവുമായ നാസര്‍ ലത്തീഫ്. ഇന്‍ഡസ്ട്രി വാഴുന്ന ഒരു ചക്രവര്‍ത്തിയാണ് മമ്മൂട്ടിയെന്നും മോഹന്‍ലാല്‍ അദ്ദേഹത്തെ സ്വന്തം ജ്യേഷ്ഠനായാണ് കാണുന്നതെന്നും നാസര്‍ പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയെ പറ്റി അദ്ദേഹം സംസാരിച്ചത്.
‘അമ്മ സംഘടനയുടെ കാര്യങ്ങളില്‍ ആവശ്യമുള്ള സമയത്ത് മമ്മൂക്ക ഇടപെടാറുണ്ട്. മമ്മൂക്ക പറഞ്ഞാല്‍ പറഞ്ഞതുപോലെയാണ്. അത് എല്ലാവരും അനുസരിക്കാറുണ്ട്. അദ്ദേഹം ഒരു തലതൊട്ടപ്പനാണ്. ഇന്ന് മലയാളം ഇന്‍ഡസ്ട്രിയില്‍ എല്ലാമെല്ലാമായ മനുഷ്യനാണ്. ഇന്‍ഡസ്ട്രി വാഴുന്ന ഒരു ചക്രവര്‍ത്തി എന്ന് തന്നെ പറയാം. ഇന്ന് അദ്ദേഹത്തിന്റെ വാക്കിനപ്പുറം ഒന്നുമില്ല.
ലാലാണെങ്കില്‍ പോലും അദ്ദേഹത്തെ സ്വന്തം ജ്യേഷ്ഠനായാണ് കാണുന്നത്. ഇച്ചാക്ക എന്നാണ് വിളിക്കുന്നത്. മമ്മൂട്ടിയുടെ അനുജന്മാരാണ് അങ്ങനെ വിളിക്കുന്നത്. ആ ഒരു ബഹുമാനവും സ്‌നേഹവും ലാല്‍ മമ്മൂക്കക്ക് കൊടുക്കാറുണ്ട്.
സിനിമാക്കാരും ക്രിട്ടിക്‌സും ഇവരെ പറ്റി എന്തൊക്കെ പറഞ്ഞാലും ഇവര്‍ തമ്മില്‍ അങ്ങനെയൊന്നുമില്ല. ഇവര്‍ ഒന്നാണ്, സഹോദരങ്ങളാണ്, ഒന്നിച്ച് ജീവിക്കുന്ന രണ്ട് അംഗങ്ങളാണ്. മലയാളം സിനിമ രണ്ട് പേര്‍ക്കും സ്ഥാനം കൊടുത്തിട്ടുണ്ടല്ലോ, മമ്മൂക്കക്ക് അദ്ദേഹത്തിന്റേതായ സ്ഥാനമാനമുണ്ട്, ലാലിന് അദ്ദേഹത്തിന്റേതായ സ്ഥാനമാനമുണ്ട്.
മമ്മൂക്ക വളരെ രസമായി അഭിനയിക്കുന്ന ആളാണ്. വാപ്പച്ചി എന്‍ജോയ് ചെയ്യുകയാണെന്ന് ദുല്‍ഖര്‍ എവിടെയോ പറഞ്ഞു. അങ്ങേരെ വെച്ച് സിനിമ എടുക്കുമ്പോള്‍ സാമ്പത്തിക വിജയങ്ങള്‍ ഉണ്ടാകുന്നു. എടുക്കുന്ന ആള്‍ക്ക് പൈസ കിട്ടുന്നു. ലാലിനെ വെച്ചെടുക്കുന്ന സിനിമകളും പൈസ ഉണ്ടാക്കുന്നുണ്ട്.
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പേരിലല്ലേ സിനിമ വിറ്റുപോകുന്നത്. നാസര്‍ ലത്തീഫ് വന്ന് സിനിമയില്‍ അഭിനയിച്ചാല്‍ ആരെങ്കിലും എടുക്കുമോ. അത് എനിക്ക് തന്നെ അറിയാം. നമ്മളെന്നും ബിരിയാണിക്കൊപ്പമുള്ള കൂട്ടുകറികളാണ്. അച്ചാറെന്നോ അവിയലെന്നോ എന്തുവേണമെങ്കിലും വിളിച്ചോളൂ. എനിക്കതില്‍ വിരോധമൊന്നുമില്ല. സത്യസന്ധമായ കാര്യമാണ്,’ നാസര്‍ ലത്തീഫ് പറഞ്ഞു.
Content Highlight: nasar latheef about mammootty and amma