കാന്തപുരം മുമ്പും ഇത്തരം പ്രസ്താവന നടത്തിയിരുന്നു; പുതിയതെന്തോ നടന്നെന്ന മട്ടില്‍ സ്വാഗതം ചെയ്യുന്നവര്‍ പഴയതൊക്കെ ഓര്‍ക്കണം: നാസര്‍ ഫൈസി
Kerala News
കാന്തപുരം മുമ്പും ഇത്തരം പ്രസ്താവന നടത്തിയിരുന്നു; പുതിയതെന്തോ നടന്നെന്ന മട്ടില്‍ സ്വാഗതം ചെയ്യുന്നവര്‍ പഴയതൊക്കെ ഓര്‍ക്കണം: നാസര്‍ ഫൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th June 2023, 4:42 pm

തിരുവനന്തപുരം: അഖിലേന്ത്യ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ നേരത്തെയും മനുഷ്യ ഐക്യമാണ് വേണ്ടതെന്ന ‘വിശാല ബോധം’ നേരത്തെ പ്രകടിപ്പിച്ചതാണെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. എന്നാല്‍ പുതിയതെന്തോ നടന്നെന്ന മട്ടില്‍ സ്വാഗതം ചെയ്യുന്നവര്‍ അദ്ദേഹത്തിന്റെ പഴയ പ്രസ്താവനകള്‍ ഓര്‍ക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പറഞ്ഞു.

പഴയതില്‍ വിള്ളലുണ്ടാകാതെ പുതിയത് തുന്നിച്ചേര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മീഡിയാ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ മുസ്‌ലിം ലീഗുമായി ഒന്നിച്ച് പോകാന്‍ താല്‍പര്യമുണ്ടെന്ന് കാന്തപുരം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് കൂടത്തായിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

‘ഏക സിവില്‍ കോഡ് എന്ന ഡമോക്ലസിന്റെ വാള്‍ ഫാസിസം വീണ്ടും താഴോട്ട് തൂക്കിയിറക്കുമ്പോള്‍ മതേതരത്വം പൊതുവെയും സമുദായം പ്രത്യേകിച്ചും ഐക്യപ്പെടേണ്ടത് അനിവാര്യമാണ്. അതിനായി നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ ശ്ലാഘനീയമാണ്.

കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ഇത്തരം പ്രസ്താവനകള്‍ നേരത്തെയും നടത്തിയതാണ്. മുസ്‌ലിം ഐക്യമല്ല മനുഷ്യ ഐക്യമാണ് വേണ്ടത് എന്ന ‘വിശാല ബോധം’ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

ഇപ്പോള്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖം കണ്ടപ്പോഴേക്ക് പുതിയതായി എന്തോ നടന്നു എന്ന മട്ടില്‍ അഹമഹമിക സ്വാഗതം ചെയ്യുന്നവരും പഴയതൊക്കെ മറന്ന് മതനിരാസരില്‍ പുതിയ ചങ്ങാത്തം കൊതിക്കുന്നവരും പൂര്‍വകാലത്ത് രൂപപ്പെടുത്തിയ സമുദായ നവോത്ഥാനത്തിന് കാരണമായ സഹകരണത്തിന് വിള്ളലുണ്ടാക്കുന്ന നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ പുതിയ സ്വാഗതമോത്തിന്റെയും ഭരണ സ്തുതിഗീതത്തിന്റെയും നാലിലൊന്ന് സമയമെങ്കിലും നീക്കിവെച്ചാല്‍ നന്നായിരുന്നു.

പുതിയത് തുന്നിച്ചേര്‍ക്കാം പഴയതില്‍ വിള്ളലുണ്ടാവാതെ,’ അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗും കാന്തപുരം വിഭാഗവും തമ്മില്‍ ഐക്യമുണ്ടാകണമെന്നാണ് തന്റെ അഭിലാഷമെന്ന് കാന്തപുരം മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലീഗ് അധ്യക്ഷനായി പാണക്കാട് സാദിഖലി തങ്ങള്‍ ചുമതലയേറ്റയുടനെ ലീഗ് സംഘടിപ്പിച്ച സുഹൃദ് സംഗമത്തിലും കാന്തപുരം പങ്കെടുത്തിരുന്നു.

‘എനിക്ക് അസുഖം ബാധിച്ചപ്പോള്‍ സാദിഖലി ശിഹാബ് തങ്ങളും പാണക്കാട്ടുള്ളവരും കുഞ്ഞാലിക്കുട്ടിയുമെല്ലാം എന്നെ കാണാന്‍ വന്നു.

ഇവിടെ എപ്പോഴും മുസ്ലിം സംഘടനകളും രാഷ്ട്രീയക്കാരും അല്ലാത്തവരും യോജിച്ച് പോയാല്‍ മാത്രമെ നമ്മുടെ രാജ്യത്തിന് പുരോഗതി ഉണ്ടാവുകയുള്ളൂ. അത് ചിന്തിക്കാത്ത ചില ആളുകള്‍ ഇപ്പോഴും ബാക്കിയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതില്ലാതാകണമെന്നാണ് ഞങ്ങളുടെ അഭിപ്രായം.

മതവിദ്വേഷം വെച്ച് തമ്മിലടിക്കുന്നത് രാജ്യത്തിന് ഗുണകരമാകില്ല. അതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും മുസ്ലിംകള്‍ക്കും ഗുണമുണ്ടാക്കില്ല. ഈ സംഘട്ടനം ഒഴിവാക്കാന്‍ എല്ലാ മതക്കാരും ശ്രമിക്കേണ്ടതാണെന്ന് അഭ്യര്‍ത്ഥിക്കുന്നു,’ കാന്തപുരം പറഞ്ഞു.

content highlights: nasar faizy koodathayi about kanthapuram’S statement