നാസര്‍ ഫൈസി കൂടത്തായിയെ സസ്‌പെന്‍ഡ് ചെയ്ത് സമസ്ത; നടപടി വലിയ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന്
Kerala News
നാസര്‍ ഫൈസി കൂടത്തായിയെ സസ്‌പെന്‍ഡ് ചെയ്ത് സമസ്ത; നടപടി വലിയ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th January 2020, 10:47 am

കോഴിക്കോട്: നാസര്‍ ഫൈസി കൂടത്തായിയെ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടനകളിലെ ഔദ്യോഗിക ഭാരവാഹിത്വങ്ങളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്ന് സമസ്ത അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബി.ജെ.പി നടത്തുന്ന ഗൃഹസന്ദര്‍ശന പരിപാടിയുടെ ഭാഗമായി വീട്ടിലെത്തിയ ബി.ജെ.പി നേതാക്കളില്‍ നിന്ന് ലഘുലേഖ സ്വീകരിച്ച എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയുടെ നടപടി വിവാദമായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലഘുലേഖ സ്വീകരിക്കുന്ന ഫോട്ടോ ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ നാസര്‍ ഫൈസി കൂടത്തായിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സമസ്ത അന്വേഷണം നടത്തിയത്.

നാസര്‍ ഫൈസി കൂടത്തായിയുടെ നടപടിക്കെതിരെ മുസ്ലിം സമുദായത്തിലെ നിരവധി പ്രമുഖരടക്കം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പ്രസംഗ വേദിയില്‍ കാണിക്കുന്ന പോരാട്ട വീറ് വീട്ടിലെത്തിയ ബി.ജെ.പിക്കാരോട് വിഷയത്തില്‍ വിയോജിക്കാനും കാണിക്കണമായിരുന്നുവെന്നാണ് ഭൂരിപക്ഷം വിമര്‍ശനങ്ങളിലും ഉണ്ടായിരുന്നത്.