| Friday, 8th January 2021, 5:01 pm

മൂക്കിലൊഴിക്കുന്ന വാക്‌സിനുമായി ഭാരത് ബയോടെക്; അനുമതി തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മൂക്കിലൊഴിക്കാവുന്ന വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി തേടി മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്. വാക്‌സിന്റൈ ഒന്നാം ഘട്ട പരീക്ഷണത്തിനാണ് ഭാരത് ബയോടെക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്.

അപേക്ഷ ഉന്നതാധികാര സമിതിക്ക് വിട്ടിരിക്കുകയാണ്. ശരീരത്തില്‍ കുത്തിവെയ്ക്കുന്നതിനെക്കാള്‍ സൗകര്യമാണ് മൂക്കിലൊഴിക്കുന്ന വാക്‌സിന്‍.
ഐ.സി.എം.ആറുമായി സഹകരിച്ചാണ് ഭാരത് ബയോടെക് മൂക്കിലൊഴിക്കാവുന്ന വാക്സിന്‍ വികസിപ്പിച്ചത്.

രാജ്യത്ത് രണ്ട് വാക്സിനുകള്‍ക്കാണ് ഡി.ജി.സി.ഐ അനുമതി നല്‍കിയിരിക്കുന്നത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച്, പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച കൊവിഷീല്‍ഡിനും ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിനുമാണ് അടിയന്തര ഉപയോഗ അനുമതി. നിയന്ത്രിതമായ രീതിയിലാകും വാക്സിന്‍ വിതരണം നടത്തുക.

ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ രണ്ട് കോടി ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളായ പൊലീസുദ്യോഗസ്ഥര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, സന്നദ്ധസേവകര്‍, മുന്‍സിപ്പല്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുക. 50 വയസ്സിന് മുകളിലുള്ളവരും, ആരോഗ്യസംബന്ധമായ അവശതകളുമുള്ള 27 കോടിപ്പേര്‍ക്കും വാക്സിന്‍ നല്‍കും.

ഡിസംബറില്‍ത്തന്നെ ആരോഗ്യപ്രവര്‍ത്തകരുടെ കൃത്യമായ പട്ടിക തയ്യാറാക്കി കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനസര്‍ക്കാരുകളോട് നിര്‍ദേശിച്ചിരുന്നു.

അതേസമയം ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്സിന് മൂന്നാം ഘട്ട ട്രയല്‍ പൂര്‍ത്തിയാക്കാതെ വിതരണത്തിന് അനുമതി നല്‍കിയത് വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. പല നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ടാണ് ഈ അനുമതി നല്‍കിയതെന്ന് ആരോഗ്യവിദഗ്ധരടക്കം ചൂണ്ടിക്കാണിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Nasal spray covid 19 vaccine Bharat Biotech; Permission sought

We use cookies to give you the best possible experience. Learn more