Entertainment news
ചാന്ദ്ര ദൗത്യത്തിനായി മൂന്ന് ബി.ടി.എസ് ഗാനങ്ങള്‍ തെരഞ്ഞെടുത്ത് നാസ; ഒപ്പം ആര്‍.എമ്മിന്റെ സോളോ ഗാനവും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 03, 12:14 pm
Wednesday, 3rd January 2024, 5:44 pm

തങ്ങളുടെ വരാനിരിക്കുന്ന ചാന്ദ്ര ദൗത്യത്തിനായി മൂന്ന് ബി.ടി.എസ് ഗാനങ്ങള്‍ തെരഞ്ഞെടുത്ത് യു.എസ് ബഹിരാകാശ ഏജന്‍സി നാസ. ബി.ടി.എസ് ലീഡറായ ആര്‍.എമ്മിന്റെ (കിം നാം-ജൂണ്‍) ഒരു സോളോ ഗാനവും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ കൊറിയന്‍ ഗായകനായി ആര്‍.എം മാറി.

അപ്പോളോ 11ന്റെ 50ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് നാസയുടെ ഈ ചാന്ദ്ര ദൗത്യം. 2019ലായിരുന്നു നാസ 2024-ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള തങ്ങളുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചിരുന്നത്.

നാസ ‘മൂണ്‍ ട്യൂണ്‍സ്’ എന്ന പേരില്‍ പ്രത്യേക പ്ലേലിസ്റ്റും തയ്യാറാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആളുകളോട് ഗാനങ്ങള്‍ തെരെഞ്ഞെടുക്കാനായി അവര്‍ ആവശ്യപ്പെടുകയായിരുന്നു.

പ്ലേലിസ്റ്റിലെ ഗാനങ്ങള്‍ ചന്ദ്രനിലേക്കുള്ള മൂന്ന് ദിവസത്തെ യാത്രയുടെ സൗണ്ട് ട്രാക്കിന്റെ ഭാഗമാകും. ഇതിന് വേണ്ടിയാണ് ആളുകള്‍ ബി.ടി.എസിന്റെ മൂന്ന് ഗാനങ്ങള്‍ സബ്മിറ്റ് ചെയ്തിരുന്നത്.


ബി.ടി.എസ് ഗാനങ്ങള്‍ തെരഞ്ഞെടുത്തതിന് പിന്നാലെ നാസ അവരുടെ എക്‌സ് അകൗണ്ടിലൂടെ ഈകാര്യം അറിയിച്ചു. ആര്‍.എമ്മിന്റെ സോളോ ഗാനം ‘മൂണ്‍ചൈല്‍ഡ്’ ബി.ടി.എസിന്റെ ‘മൈക്രോകോസ്‌മോസ് Mikrokosmos)’, ‘134340’ എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട ഗാനങ്ങള്‍. 2024ലാകും നാസയുടെ ഈ ചാന്ദ്ര ദൗത്യം.

ലോകത്താകമാനം ഒരുപാട് ആരാധകരുള്ള കെ-പോപ്പ് ബാന്‍ഡാണ് ബി.ടി.എസ്. രാജ്യത്ത് നിര്‍ബന്ധിത സൈനിക സേവനം നിലനില്‍ക്കുന്നതിനാല്‍ 2022ല്‍ അവര്‍ കരിയര്‍ ബ്രേക്ക് പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ സൈനിക സേവനത്തിന് വേണ്ടിയുള്ള ഇടവേളയിലാണ് ഇവര്‍. 2025ല്‍ ബാന്‍ഡ് വീണ്ടും ഒന്നിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: NASA selects three BTS songs for lunar mission; And RM’s solo song