വിജയകരമായ ബഹിരാകാശ ദൗത്യത്തിന് ശേഷം സുനിത വില്യംസ് തിരിച്ചെത്തി
World
വിജയകരമായ ബഹിരാകാശ ദൗത്യത്തിന് ശേഷം സുനിത വില്യംസ് തിരിച്ചെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th November 2012, 9:35 am

ന്യൂദല്‍ഹി: വിജയകരമായ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി സുനിത വില്യംസ് തിരിച്ചെത്തി. 127 ദിവസം പിന്നിട്ട യാത്രയ്ക്ക് ശേഷമാണ് സുനിത ഭൂമിയിലെത്തിയത്.[]

ഇന്ത്യന്‍ സമയം രാവിലെ 7.50ന് കസാഖിസ്ഥാനിലെ ബൈക്കനൂരിലാണ് സുനിത വില്യംസും സംഘവും അടങ്ങുന്ന ബഹിരാകാശ വാഹനമായ സോയൂസ് ഇറങ്ങിയത്. രണ്ട് ബഹിരാകാശ നടത്തങ്ങളും ഗവേഷണങ്ങളുമടക്കം നാസ ഏല്‍പ്പിച്ച ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അവര്‍ മടങ്ങിയെത്തിയത്.

ഇന്നലെ ഉച്ചതിരിഞ്ഞ് യൂറോപ്യന്‍ സമയം 5.26 നാണ് സോയൂസ് മടക്കയാത്ര തുടങ്ങിയത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയില്‍ നിന്നുള്ള യൂറി മലെന്‍ചെങ്കോ, ജപ്പാന്‍ ബഹിരാകാശ പര്യവേക്ഷണ ഏജന്‍സിയുടെ അകിഹികോ ഹോഷൈഡ് എന്നിവരായിരുന്നു സുനിതയ്‌ക്കൊപ്പം ഉണ്ടായിരുന്നത്.

കല്‍പ്പന ചൗളയ്ക്ക് ശേഷം “നാസ” ബഹിരാകാശ ദൗത്യത്തിന് തിരഞ്ഞെടുത്ത ഇന്ത്യന്‍ വംശജയാണ് സുനിത വില്യംസ്. സുനിതയുടെ പിതാവ് ഗുജറാത്തുകാരനും അമ്മ സ്ലൊവേനിയന്‍ വംശജയുമാണ്.

ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ബഹിരാകാശ യാത്രിക സുനിതാ വില്യംസ് ബഹിരാകാശ നടത്തത്തില്‍ റെക്കോഡിട്ടിരുന്നു. സ്വന്തം പേരിലുള്ള റെക്കോര്‍ഡ് തന്നെയാണ് സുനിത തിരുത്തിക്കുറിച്ചത്.

ഏറ്റവും കൂടുതല്‍ സമയവും ഏറ്റവുമധികം സമയവും ബഹിരാകാശത്ത് നടന്ന വനിതയെന്ന റെക്കോഡാണ് സുനിതാ വില്യംസിനുള്ളത്.
അന്താരാഷ്ട്ര ബഹിരാകാശസ്‌റ്റേഷന്റെ കമാന്‍ഡര്‍കൂടിയായ സുനിതയുടെ ഏഴാമത്തെ ബഹിരാകാശ നടത്തമായിരുന്നു അത്.

മുമ്പ്  ആറ് തവണയായി സുനിത ബഹിരാകാശ നടത്തത്തിലൂടെ 44 മണിക്കൂറിന്റെ റിക്കോര്‍ഡാണ് സൃഷ്ടിച്ചിരുന്നത്. വൈദ്യുതി സംവിധാനത്തിലുള്ള ഉപകരണം ഘടിപ്പിക്കാനാണ് കഴിഞ്ഞ തവണ സുനിത ബഹിരാകാശ താവളത്തിന് പുറത്തിറങ്ങിയത്.

2006ല്‍ രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തില്‍ ആറ് മാസം താമസിച്ച് റിക്കോര്‍ഡിട്ട സുനിത ഏറ്റവും കൂടുതല്‍ ദിവസം ബഹിരാകാശത്ത് കഴിഞ്ഞ വനിത എന്ന റെക്കോര്‍ഡിന് ഉടമയാണ്. 1998 ലാണ് ബഹിരാകാശ ദൗത്യത്തിനായി നാസ സുനിതാ വില്യംസിനെ തിരഞ്ഞെടുക്കുന്നത്.