| Friday, 29th July 2016, 11:59 am

നര്‍സിങ്ങിന്റെ വാദങ്ങള്‍ക്ക് വിശ്വാസ്യതയില്ലെന്ന് നാഡ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ഗുസ്തിതാരം നര്‍സിങ്ങിന്റെ വാദത്തിന് വിശ്വാസ്യതയില്ലെന്ന് നാഡ. നര്‍സിങ്ങിനും അദ്ദേഹത്തിന്റെ അഭിഭാഷകനും ഇതുസംബന്ധിച്ച് തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും നാഡ അഭിഭാഷകന്‍ ഗൗരങ് കാന്ത് വ്യക്തമാക്കി.

“തന്റെ ഭാഗത്തുനിന്നും പിഴവോ അശ്രദ്ധയോ ഉണ്ടായിട്ടില്ലെന്നാണ് നര്‍സിങ് അറിയിച്ചത്. എന്നാല്‍ നാഡയെ സംബന്ധിച്ച് ഇത് നിലനില്‍ക്കില്ല.” അദ്ദേഹം വ്യക്തമാക്കി.

നര്‍സിങ് വിഷയത്തില്‍ നാഡയുടെ വിധി ശനിയാഴ്ചയോ തിങ്കളാഴ്ചയോ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. നാലു വര്‍ഷം വരെ വിലക്ക് ലഭിക്കാവുന്ന കുറ്റമാണിതെന്നാണ് നാഡ അഭിഭാഷകന്‍ പറയുന്നത്.

ഭക്ഷണത്തില്‍ ആരോ ഉത്തേജകം ചേര്‍ത്തതാണെന്ന വാദമാണ് നര്‍സിങ് നാഡയ്ക്കു മുമ്പില്‍ വെച്ചത്. എന്നാല്‍ ഈ വാദത്തിന് തെളിവു നല്‍കാന്‍ നര്‍സിങ്ങിന്റെ അഭിഭാഷകര്‍ക്കു കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

നര്‍സിങ്, അദ്ദേഹത്തിന്റെ റൂംമേറ്റായിരുന്ന സന്ദീപ് തുള്‍സി യാദവ്, പാകചക്കാരന്‍ ചന്ദന്‍ യാദവ് എന്നിവര്‍ നാഡയ്ക്കു സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

എപ്പോഴാണ് ഉത്തേജകം കലര്‍ത്തിയത് എന്ന കാര്യം നര്‍സിങ്ങിന്റെയും സന്ദീപിന്റെയും സത്യവാങ്മൂലത്തില്‍ പറയുന്നില്ലെന്ന് നാഡ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഉത്തേജകം കലര്‍ത്തുന്നത് ഇവര്‍ കണ്ടിരുന്നോ എന്ന കാര്യവും വ്യക്തമാക്കുന്നില്ല. ഭക്ഷണത്തിലാണോ വെള്ളത്തിലാണോ മായം ചേര്‍ത്തതെന്ന് ഉറപ്പിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

We use cookies to give you the best possible experience. Learn more