| Friday, 20th April 2018, 7:51 pm

' ഞങ്ങളുടെ കുട്ടികളെ ഞങ്ങളാണോ കൊന്നത് ? രണ്ട് കൊല്ലം കഴിഞ്ഞാല്‍ അവര്‍ ബാബു ബജ്‌രംഗിയെയും വെറുതെ വിടും' : നരോദാപാട്യ വിധി ചോദ്യം ചെയ്ത് ഇരകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: നരോദാപാട്യ കൂട്ടക്കൊലക്കേസില്‍ മുന്‍മന്ത്രിയും ബി.ജെ.പി നേതാവുമായ മായാ കൊട്‌നാനിയെ വെറുതെ വിട്ട വിധിയെ ചോദ്യം ചെയ്ത് ഇരകള്‍. വിധി വന്ന ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് വിധിയില്‍ അതൃപ്തി പ്രകടിപ്പിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രംഗത്തെത്തിയത്.

“”ഞങ്ങളുടെ കണ്‍മുന്നില്‍ വെച്ചാണ് കുടുംബത്തിലെ എട്ടുപേര്‍ കൊല്ലപ്പെട്ടത്. പ്രതികള്‍ നിരപരാധികളാണെങ്കില്‍ ഞങ്ങളുടെ കുട്ടികളെ കൊന്നത് ഞങ്ങളാണോ ? മായാ കൊട്‌നാനിയെ നിരപരാധിയെന്ന് വിധിച്ച് വെറുതെ വിട്ടിരിക്കുകയാണ്. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ ബാബു ബജ്‌രംഗിയെയും വെറുതെ വിടും.”” വാര്‍ത്ത സമ്മേളനത്തില്‍ ഇരകളിലൊരാള്‍ പറഞ്ഞു,

മായാ കോട്‌നാനിയെ സംശയത്തിന്റെ ആനുകൂല്യത്തിലായിരുന്നു ഗുജറാത്ത് ഹൈക്കോടതി വെറുതെവിട്ടത്. വിചാരണ കോടതി വിധിക്കെതിരായ നല്‍കിയ ഹരജിയില്‍ മായാ കോട്‌നാനി ഉള്‍പ്പടെ 17 പേരെയാണ് കുറ്റവിമുക്തരാക്കിയിരുന്നത്.

അതേസമയം കേസിലെ പ്രതിയായ ബജ് രംഗ്ദള്‍ നേതാവ് ബാബു ബജ്‌രംഗിയുടെ ജീവപര്യന്തം ശിക്ഷ കോടതി ശരിവെച്ചിരുന്നു.

95 പേര്‍ കൊല്ലപ്പെട്ട നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ഉള്‍പ്പെട്ട ഏറ്റവും പ്രമുഖ രാഷ്ട്രീയ നേതാവാണ് മായാ കോട്നാനി. കേസില്‍ ഇവരെ 28 വര്‍ഷത്തെ കഠിന തടവിനാണ് വിചാരണ കോടതി അവരെ ശിക്ഷിച്ചിരുന്നത്.

പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) അന്വേഷിച്ച ഒമ്പതു കലാപക്കേസുകളില്‍ കുറ്റക്കാരിയാകുന്ന ആദ്യ വനിതയാണ് കോട്‌നാനി. മൂന്നു തവണ നരോദ മേഖലയിലെ എം.എല്‍.എ ആയിരുന്നു കോട്‌നാനി.


Read more: ‘പള്ളിയില്‍ കയറി വെട്ടും ഞങ്ങള്‍’; ആര്‍.എസ്.എസിന്റെ പ്രകോപനപരമായ മുദ്രാവാക്യത്തിനെതിരെ ജനകീയ നീതിവേദിയുടെ പരാതി


2002 ഫെബ്രുവരി 27 ന് ഗോധ്ര സംഭവത്തിന്റെ തൊട്ടടുത്ത ദിവസം വിശ്വ ഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിലാണു നരോദ പാട്യയില്‍ കൂട്ടക്കൊല നടന്നത്. കലാപത്തില്‍ 97 പേര്‍ മരിക്കുകയും 33 പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

നരോദയിലെ എം.എല്‍.എയും നരേന്ദ്ര മോഡി മന്ത്രിസഭയിലെ മുന്‍ മന്ത്രിയുമായ കോട്‌നാനി, വി.എച്ച്.പി മുന്‍ നേതാവ് ബാബു ബജ്രംഗി, പ്രാദേശിക ബി.ജെ.പി നേതാക്കളായ ബിപിന്‍ പഞ്ചല്‍, കിഷന്‍ കോറാനി, അശോക് സിന്ധി തുടങ്ങിയവരാണ് കേസിലെ മുഖ്യപ്രതികള്‍. 62 പേരെ പ്രതിചേര്‍ത്ത് 2009 ഓഗസ്റ്റിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

46 പേരെയാണ് കൂട്ടക്കൊലയെത്തുടര്‍ന്ന് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. 2008ല്‍ സുപ്രീംകോടതി കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. 24 പേരെ എ.സ്.ഐ.ടിയും അറസ്റ്റ് ചെയ്തു. മൊത്തം 70 പേരാണു കേസില്‍ അറസ്റ്റിലായത്.

കലാപകാരികള്‍ക്ക് മണ്ണെണ്ണയും വാളുകളും എത്തിച്ചുനല്‍കിയതു കോട്‌നാനിയും ബംജ്രംഗിയും ചേര്‍ന്നാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more