| Tuesday, 14th May 2013, 9:00 am

നരോദ പാട്യ കൂട്ടക്കൊല: മായാ കോട്‌നാനിക്ക് വധശിക്ഷ വേണ്ടെന്ന് മോഡി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: നരോദ്യ പാട്യ കൂട്ടക്കൊലക്കേസില്‍ പ്രതിയായ മുന്‍ മന്ത്രി മായാ കോട്‌നാനിക്ക് വധശിക്ഷ നല്‍കേണ്ടെന്ന് മോഡി സര്‍ക്കാര്‍. ഇതുസംബന്ധിച്ച കത്ത് നിയമ വകുപ്പ് കേസിലെ ചീഫ് പ്രോസിക്യൂട്ടര്‍ക്ക് അയച്ചു.

കേസില്‍ മായാ കോട്‌നാനിക്കും ബജ്‌രംഗ്ദള്‍ നേതാവ് ബാബു ബജ്‌രംഗിക്കും വധശിക്ഷ നല്‍കണമെന്ന് സര്‍ക്കാര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിനായി അപ്പീല്‍ നല്‍കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനിടയിലാണ് വീണ്ടും മോഡി സര്‍ക്കാര്‍ മലക്കം മറിഞ്ഞിരിക്കുന്നത്.[]

കോട്‌നാനിക്കും ബാബു ബജ്‌റങ്കിക്കും പുറമേ മറ്റ് എട്ട് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന അന്വേഷണ കമ്മീഷന്റെ ആവശ്യമായിരുന്നു സര്‍ക്കാര്‍ അംഗീകരിച്ചിരുന്നത്. എന്നാല്‍ തല്‍ക്കാലം അപ്പീല്‍ നല്‍കേണ്ടെന്നാണ് നിയമ വകുപ്പിന്റെ പുതിയ നിര്‍ദേശം.

വി.എച്ച്.പി, ആര്‍.എസ്.എസ് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സര്‍ക്കാറിന്റെ മലക്കം മറിച്ചില്‍ എന്നാണ് അറിയുന്നത്. മുന്‍ ശിശുക്ഷേമ മന്ത്രികൂടിയായ മായാ കോട്‌നാനി മോഡിയുമായി അടുത്ത ബന്ധമുള്ളയാളുമാണ്.

2002ല്‍ ഗുജറാത്ത് കൂട്ടക്കൊലയ്ക്കിടെ നരോദാ പാട്യ കൂട്ടക്കൊല കേസിലാണ് മായ കോട്‌നാനിയും ബാബു ബജ്‌രംഗിയും ഉള്‍പ്പെടെ പത്ത് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് എസ്.ഐ.ടി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട നരോദ പാട്യ കൂട്ടക്കൊലയില്‍ ബി.ജെ.പി. എം.എല്‍.എയും മുന്‍ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുമായ മായാ കോട്‌നാനിക്ക് 21 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അഹമ്മദാബാദ് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ബജ്‌രംഗ്ദള്‍ നേതാവ് ബാബു ബജ്‌രംഗിക്ക് മരണം വരെ തടവ് ശിക്ഷയും കോടതി വിധിച്ചിരുന്നു.

പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) അന്വേഷിച്ച ഒമ്പതു കലാപക്കേസുകളില്‍ കുറ്റക്കാരിയാകുന്ന ആദ്യ വനിതയാണ് കോട്‌നാനി.
മൂന്നു തവണ നരോദ മേഖലയിലെ എം.എല്‍.എ ആയിരുന്നു കോട്‌നാനി.

2002 ഫെബ്രുവരി 27 ന് ഗോധ്ര സംഭവത്തിന്റെ തൊട്ടടുത്ത ദിവസം വിശ്വ ഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിലാണു നരോദ പാട്യയില്‍ കൂട്ടക്കൊല നടന്നത്. കലാപത്തില്‍ 97 പേര്‍ മരിക്കുകയും 33 പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഗുജറാത്ത് കലാപം: കോട്‌നാനിക്ക് വധശിക്ഷ നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാറിന്റെ അംഗീകാരം

അവരെ കൊന്നപ്പോള്‍ മഹാറാണാ പ്രതാപ് ആണെന്ന് തോന്നി: ബാബു ബജ്‌റംഗി

We use cookies to give you the best possible experience. Learn more