| Saturday, 29th October 2016, 12:02 pm

നരോദപാട്യാ കേസ്: ബാബു ബജ്‌റംഗിക്ക് ഏഴ് ദിവസത്തെ ജാമ്യം: ശിക്ഷാകാലാവധിക്കിടെ അനുവദിക്കുന്ന 14 ാമത്തെ ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശിക്ഷാകാലാവധിക്കിടെ ഇത് 14 ാം തവയാണ് ബാബു ബജ്‌റംഗിക്ക് കോടതി ജാമ്യം അനുവദിക്കുന്നത്.


ഗുജറാത്ത്: നരോദാപാട്യ കേസിലെ പ്രതിയും ബജ്‌റംഗ്ദളിന്റെ മുന്‍നേതാവുമായ ബാബു ബജ്‌റംഗിക്ക് ഏഴ് ദിവസത്തെ ജാമ്യം അനുവദിച്ചു. ഗുജറാത്ത് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഭാര്യയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടത്. ശിക്ഷാകാലാവധിക്കിടെ ഇത് 14 ാം തവയാണ് ബാബു ബജ്‌റംഗിക്ക് കോടതി ജാമ്യം അനുവദിക്കുന്നത്.

30 ദിവസത്തെ ജാമ്യമായിരുന്നു ബാബു ഭജ്‌റംഗി ആവശ്യപ്പെട്ടത്. ജസ്റ്റിസ് ബി.എന്‍ കറിയ ആണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഇക്കഴിഞ്ഞ മേയ് മാസത്തിലും ഇദ്ദേഹത്തിന് ഏഴ് ദിവസത്തെ ജാമ്യം ജസ്റ്റിസ് കറിയ അനുവദിച്ചിരുന്നു.

ജൂണ്‍മാസത്തിലും ജാമ്യാപേക്ഷക്കായി ഇദ്ദേഹം ഹരജി സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി അത് തള്ളുകയായിരുന്നു. പ്രതി മൂന്ന് വര്‍ഷവും ഏഴ് മാസവും രണ്ട് ദിവസവുമാണ് ജയില്‍ ശിക്ഷഅനുഭവിച്ചതെന്നും ഇക്കാലയളവിനുള്ളില്‍ അനുവദിക്കാന്‍ കഴിയുന്നതിനേക്കാള്‍ തവണ ജാമ്യം നല്‍കി എന്നുമായിരുന്നു അന്ന് കോടതി വിധിച്ചത്.

2002ലെ നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാബു ബജ്‌രംഗി ഗുജറാത്ത് ഗവര്‍ണര്‍ക്ക് ദയാഹര്‍ജി നല്‍കിയിരുന്നു. തനിക്ക് കാഴ്ച നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നുമായിരുന്നു ഗുജറാത്ത്  ഗവര്‍ണര്‍ ഓം പ്രകാശ് കോഹ്‌ലിക്ക് നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തനിക്ക് നിരവധി അസുഖങ്ങളാണ് പിടിപെട്ടിട്ടുള്ളതെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2002ലെ കേസിനു പുറമേ നരോദ ഗാം കലാപക്കേസിലും ബജ്‌രംഗി നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.

2012 ആഗസ്റ്റ് 31നാണ് നരോദ പാട്യ കേസുമായി ബന്ധപ്പെട്ട് ബജ്‌രംഗിയുള്‍പ്പെടെ 31 പേരെ പ്രത്യേക കോടതി കുറ്റക്കാരാണെന്നു കണ്ടെത്തുന്നത്.

അദ്ദേഹത്തിന്റെ ജീവിതത്തിലെ ഇനിയുള്ള കാലം കഠിന തടവില്‍ കഴിയാനായിരുന്നു കോടതി വിധി. വ്യക്തമായ കാരണമുണ്ടെങ്കില്‍ സര്‍ക്കാറിനു ശിക്ഷാവിധിയില്‍ ഇളവു നല്‍കാമെന്നും വിധി ന്യായത്തില്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more