മുസ്‌ലിം പേരുകള്‍ ആവര്‍ത്തിക്കുന്ന കുറ്റകൃത്യങ്ങള്‍
DISCOURSE
മുസ്‌ലിം പേരുകള്‍ ആവര്‍ത്തിക്കുന്ന കുറ്റകൃത്യങ്ങള്‍
നാസിറുദ്ദീന്‍
Tuesday, 16th May 2023, 11:59 am
സംഘപരിവാറും ഇസ്‌ലാമോഫോബിയയും ഒരു ഭീകര യാഥാര്‍ത്ഥ്യമായി നമ്മുടെ മുന്നിലുണ്ട്. അവര്‍ക്ക് ആയുധം നല്‍കുന്ന പണിയല്ല സമുദായം ഏറ്റെടുക്കേണ്ടത്. അതിന് സ്വാഭാവിക പ്രതിരോധമാവേണ്ട ഒരു സമുദായമാണ് ഇന്നാവശ്യം.

കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്ന ക്രിമിനലുകളുടെ മതം ചികയുന്നതില്‍ തികഞ്ഞ രാഷ്ട്രീയ ശരികേടുണ്ട്, പ്രത്യേകിച്ചും വര്‍ത്തമാന കാലത്ത് വലിയ തോതില്‍ വേട്ടയാടപ്പെടുന്ന ഒരു സമുദായത്തെ അതിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സാഹചര്യത്തിന് അത് കാരണമാവുന്നുണ്ടെങ്കില്‍. ‘നാര്‍കോട്ടിക് ജിഹാദ്’ പോലുള്ള വിഷലിപ്ത പ്രചാരണത്തില്‍ ഇത് കണ്ടതാണ്. പക്ഷേ അതിനര്‍ത്ഥം ഒരു സമുദായം തന്നെ അതിന്റെ ആശയാടിത്തറയോടും ചരിത്രത്തോടും അകന്ന് സ്വയം ജീര്‍ണിക്കുമ്പോള്‍ അവഗണിക്കണമെന്നല്ല. അങ്ങനെ ചെയ്യുന്നത് ഫലത്തില്‍ സമുദായത്തെ ഇല്ലാതാക്കാന്‍ നോക്കുന്നവര്‍ക്ക് പാകത്തിലുള്ള വടിയൊരുക്കലാവും.

നിര്‍ഭാഗ്യവശാല്‍ മുസ്‌ലിം സമുദായത്തിനകത്തെ പുഴുക്കുത്തുകളോട് സമുദായം പുലര്‍ത്തുന്ന നിലപാട് ഇങ്ങനെയായി മാറിക്കൊണ്ടിരിക്കുന്നു. കാലികമായി നവീകരിക്കാനുള്ള ഘടനയും ചലനാത്മകമായ അതിന്റെ ചരിത്ര പാരമ്പര്യവുമാണ് ഇസ്‌ലാമിന്റെ മുഖമുദ്ര. അതില്‍ നിന്ന് പുറം തിരിഞ്ഞ് പൌരോഹിത്യ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി ആന്തരിക വിമര്‍ശനങ്ങളും പുനപ്പരിശോധനകളും പണയംവെക്കുന്ന ശൈലി കേരള മുസ്‌ലിങ്ങള്‍ക്കിടയില്‍ അപകടകരമായ രീതിയില്‍ വേരോടുകയാണ്.

ഇവിടെ മുസ്‌ലിം സമുദായ നേതൃത്വം നിരന്തരം അതിനകത്തെ പ്രശ്‌നങ്ങള്‍ അവഗണിക്കുന്നത് സമുദായത്തെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കാനും പ്രതിരോധത്തിലാക്കാനും കാരണമാവുന്നുണ്ട് എന്നത് അവഗണിച്ചിട്ട് കാര്യമില്ല. ഈ വിഷയം അഡ്രസ് ചെയ്യാതിരിക്കുകയും താരതമ്യേന നിസാരമായതോ അടിസ്ഥാന രഹിതമോ ആയ പ്രശ്‌നങ്ങളുടെ പിന്നാലെ പോയി സമുദായത്തിന്റെ ചിന്തയും ഊര്‍ജവും കളയുന്നു എന്നതാണ് കൂടുതല്‍ ഗൗരവം.

‘മാതൃകാ സമുദായം’ എന്നാണ് ഖുര്‍ആനും പ്രവാചകനും മുസ്‌ലിം സമുദായത്തെ വിശേഷിപ്പിച്ചത്, അഥവാ മുസ്‌ലിം സമുദായം ആകേണ്ടത് അങ്ങനെയാണ്. നിലവിലെ സാഹചര്യത്തില്‍ അതിവേഗം അതിന് വിപരീത ദിശയിലേക്ക് സമുദായം നീങ്ങുന്നു എന്നത് കാണാതിരുന്ന് കൂടാ. ആവര്‍ത്തിക്കട്ടെ, ചില മുസ്‌ലിം പേരുകള്‍ ഇങ്ങനെയുള്ള സംഭവങ്ങളില്‍ വരുന്നതല്ല ഇവിടെ യഥാര്‍ത്ഥ പ്രശ്‌നം. നിരന്തരം ഇങ്ങനെ ആവര്‍ത്തിക്കപ്പെട്ടിട്ടും അത് സമുദായത്തില്‍ ഒരു ചര്‍ച്ചക്കും ആന്തരിക വിമര്‍ശനത്തിനും കാരണമാവുന്നില്ല എന്നതാണ് പ്രശ്‌നം.

കിഴിശ്ശേരിയിലെ ആള്‍ക്കൂട്ട കൊലയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. രണ്ട് മണിക്കൂറിലധികമാണ് ഒരു ഡസനോളം ആളുകള്‍ ബീഹാര്‍ സ്വദേശിയും അതിഥി തൊഴിലാളിയുമായ രാജേഷിനെ മര്‍ദിച്ചത്. ഒരുപാട് നന്മയുടെ വാഴ്ത്തുപാട്ടുകള്‍ പാടുന്ന മലബാറിലെ ഒരു ശരാശരി പ്രദേശമാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തുള്ള ഈ കിഴിശ്ശേരി. അവിടെയാണ് ദുര്‍ബലനായ ഒരാളെ മണിക്കൂറുകള്‍ മര്‍ദിച്ച് കൊന്നത്.

കിഴിശ്ശേരി ആള്‍കൂട്ടക്കൊലക്കേസിലെ പ്രതികള്‍

ഇനി മറ്റൊരു കാര്യം, ഇതില്‍ ആകെയുള്ള 13 പ്രതികളില്‍ മുസ്‌ലിം പ്രാതിനിധ്യം 100 ശതമാനമാണ്. മോഷണ ശ്രമത്തിനിടയില്‍ പിടി കൂടിയതായിരുന്നു കൊല്ലപ്പെട്ട തൊഴിലാളി എന്ന വാദം ശരിയാണോ എന്നറിയില്ല. ആണെങ്കില്‍ പോലും ഒരു മനുഷ്യനെ നിയമ സംവിധാനത്തിന് പോലും വിട്ട് കൊടുക്കാതെ മരിക്കുന്നത് വരെ സംഘടിതമായി മര്‍ദിക്കാനുള്ള മനസ് അതിഭീകരമാണ്. അതിന് ശേഷം തെളിവുകള്‍ ഒന്നൊന്നായി നശിപ്പിക്കാനും ഈ ഐക്യം പ്രകടമായി. കേരളീയ സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ള ജനവിഭാഗത്തിന്റെ പ്രതിനിധിയും മാനസിക വെല്ലുവിളികള്‍ നേരിടുകയും ചെയ്തിരുന്ന മധുവിനെ കൊന്നതില്‍ ഭൂരിഭാഗവും മുസ്‌ലിങ്ങളായിരുന്നു. കുറ്റം ചെയ്ത ശേഷവും പശ്ചാത്തലത്തിന്റെ ലാഞ്ചന പോലും കാണിക്കാത്ത പ്രതികള്‍ അവസാന നിമിഷം വരെ നിയമം അട്ടിമറിക്കാന്‍ ശ്രമിച്ചു. പൊതു സമൂഹത്തിന്റെ ജാഗ്രത കൊണ്ട് മാത്രം അതിലവര്‍ക്ക് വിജയിക്കാന്‍ സാധിക്കാതെ പോയി.

 

കൊല്ലപ്പെട്ട അതിഥി തൊഴിലാളി രാജേഷ്

എന്റെ തൊട്ടപ്പുറത്തെ പ്രദേശത്ത് ഷഹീദ് ബാവ എന്ന ചെറുപ്പക്കാരനെ നിഷ്ഠൂരമായി ദുരാചാര കൊല നടത്തിയതില്‍ മുഴുവനും മുസ്‌ലിങ്ങളായിരുന്നു. ഈ നാടിന്റെയും പ്രതികളുടേയും പശ്ചാത്തലം വ്യക്തമായറിയാം. നല്ല ‘മത ബോധം’ അവകാശപ്പെടുന്ന നാടാണ്. മത സംഘടനകളും മദ്രസാ സംവിധാനങ്ങളുമെല്ലാം സജീവമാണ്. അതിന്റെയൊക്കെ ഭാഗമായി ജീവിത വീക്ഷണം രൂപപ്പെടുത്തി എടുത്തവരാണ് തങ്ങളെ ഒരു നിലക്കും ബാധിക്കുക പോലും ചെയ്യാത്ത ഒരു പ്രവൃത്തിയുടെ പേരില്‍ ഒരു മനുഷ്യനെ സംഘടിതമായി മര്‍ദിച്ച് കൊന്നത്. കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത ഈ കൊല പക്ഷേ ഇവിടെ എവിടെയും സമുദായത്തിനകത്ത് ചര്‍ച്ചക്കോ വിമര്‍ശനത്തിനോ കാരണമായതായി കണ്ടില്ല.

കള്ളക്കടത്ത് വാര്‍ത്തകളിലെ മുസ്‌ലിം പ്രാതിനിധ്യത്തിന്റെ കാര്യം പറയാതിരിക്കുകയാവും ഭേദം. ഉംറ തീര്‍ത്ഥാടനത്തിന് പോയി വരുമ്പോള്‍ മലദ്വാരത്തില്‍ സ്വര്‍ണം കടത്തിയതൊക്കെ തമാശക്കപ്പുറം വലിയൊരു ദുരന്ത ചിത്രം കൂടിയാണ് പറയുന്നത്. ഇതിലേറ്റവുമധികം ഇടം പിടിക്കുന്ന പ്രദേശങ്ങളെ എടുത്ത് നോക്കിയാലും അറിയാം മത, രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ മുന്നിട്ട് നില്‍ക്കുന്ന ചില പ്രദേശങ്ങള്‍ തന്നെയാണ് ഇവയെന്ന്.

മദ്രസാ പീഡനങ്ങള്‍ എന്നത് സമുദായം മൗനം വഴി അംഗീകരിച്ച് പോരുന്ന ഒരു ഏര്‍പ്പാടാണ്. ഒരു സംഘടനയും ഇതിനെതിരില്‍ പ്രതികരിക്കാനോ വിഷയത്തില്‍ ക്രിയാത്മക നടപടികള്‍ എടുക്കാനോ ഇതുവരേ തയ്യാറായിട്ടില്ല. പകരം പരിഹാസ്യമായ രീതിയില്‍ പ്രശ്‌നത്തെ നിഷേധിക്കാനും ഉന്നയിക്കുന്നവരെ സമുദായത്തിനകത്തോ പുറത്തോയുള്ള ശത്രുക്കളായി മുദ്ര കുത്താനുമാണ് താല്‍പര്യം. ഇതെഴുതുമ്പോള്‍ 17 കാരിയായ പെണ്‍കുട്ടി ബാലരാമപുരത്തെ മത പഠനശാലയില്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത വന്നിട്ട് രണ്ട് ദിവസത്തോളമായി. മുസ്‌ലിം സംഘടനകളോ നേതാക്കളോ വിഷയത്തില്‍ പ്രതികരിച്ച് കാണുന്നില്ല.

മുകളില്‍ പറഞ്ഞതെല്ലാം ചില ഉദാഹരണങ്ങളാണ്. വാര്‍ത്തകളില്‍ വലിയ തോതില്‍ നിറഞ്ഞ് നിന്നതും ചര്‍ച്ച ചെയ്തതുമായ സംഭവങ്ങള്‍(ഈയടുത്ത ദിവസങ്ങളില്‍ നടന്ന സംഭവങ്ങള്‍ വിടാം). പക്ഷേ ക്രൂരത, സംഘടിത ആക്രമണം, തട്ടിപ്പ്/അഴിമതി, പീഡനം ഇങ്ങനെയുള്ള ഗൗരവ കുറ്റങ്ങളാണിവയെല്ലാം. അതാവട്ടെ കാരുണ്യം, സ്‌നേഹം, ഒഴിവാക്കേണ്ട ആര്‍ത്തി തുടങ്ങി ഇസ്‌ലാം മുന്നോട്ട് വെക്കുന്ന അടിസ്ഥാന മൂല്യ സങ്കല്‍പങ്ങള്‍ക്ക് കടകവിരുദ്ധവുമാണ്.

യുദ്ധത്തില്‍ പോലും വിജയിക്കുന്ന ഘട്ടം വന്നാല്‍ എതിരാളികളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ ശ്രമിച്ച പ്രവാചകന്റെ അനുയായികള്‍ എന്നവകാശപ്പെടുന്നവരാണ് സംഘം ചേര്‍ന്ന് ഒറ്റപ്പെട്ട വ്യക്തികളെ നിഷ്ഠൂരമായി കൊന്നൊടുക്കുന്നത്. സമ്പത്ത് വര്‍ധിപ്പിക്കാനും പരസ്പരം മത്സരിക്കാനുമുള്ള ശ്രമങ്ങളെ ‘തകാസുര്‍’ എന്ന് വിശേഷിപ്പിച്ച ഖുര്‍ആന്‍ അത് ശവക്കല്ലറകളില്‍ എത്തുന്നത് വരെ മാത്രമേ കാണൂ എന്നോര്‍മിപ്പിച്ചു. അതേ ഖുര്‍ആന്റെ അനുയായികളില്‍ ഒറ്റപ്പെട്ട ചിലര്‍ സ്വര്‍ണം കടത്തുന്നതോ കള്ള നോട്ട് അടിക്കുന്നതോ അല്ല വലിയ പ്രശ്‌നം, അത് സമുദായത്തിനും സംഘടനകള്‍ക്കും ഒരു പ്രശ്‌നമല്ല എന്നതാണ് വലിയ പ്രശ്‌നം. ഇങ്ങനെയുള്ള ആളുകളില്‍ നിന്ന് പിരിവെടുത്ത് പള്ളികളും മത സംവിധാനങ്ങളും ആഡംബരം കൊണ്ടുവരുന്നു.

ഒരിക്കല്‍ പോലും ഈ സംഭവങ്ങളോ അതിലെ വലിയ മുസ്‌ലിം പ്രാതിനിധ്യമോ വെള്ളിയാഴ്ച ഖുതുബകളില്‍ ചര്‍ച്ചയായത് ഞാന്‍ കേട്ടിട്ടില്ല. എന്തുകൊണ്ട് ഇതില്‍ പല മേഖലകളിലും മുസ്‌ലിങ്ങള്‍ വളരെ കൂടുതല്‍ ഉണ്ടാവുന്നു എന്നതും ഖുതുബയില്‍ പരാമര്‍ശിക്കുന്നത് കണ്ടിട്ടില്ല. എന്നാല്‍ കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷത്തിനിടയില്‍ മാത്രം ചുരുങ്ങിയത് പത്ത് തവണയെങ്കിലും എല്‍.ജി.ബി.ടി, ലിബറലിസം, ജെന്‍ഡര്‍ ന്യൂട്രാലിറ്റി തുടങ്ങിയവയിലെ ‘അപകടത്തെ’ പറ്റി ഖുതുബകളില്‍ പറയുന്നത് കേട്ടിട്ടുണ്ട്. ഖുതുബയുടെ കാര്യം എടുത്ത് പറഞ്ഞെന്നേയുള്ളൂ. സമുദായത്തില്‍ ഒരു ശതമാനം പോലും നടപ്പിലാക്കാത്ത മുത്വലാഖിനുള്ള അവകാശ സംരക്ഷണത്തിനായി നിരവധി ഖുതുബകളും പള്ളി കേന്ദ്രീകരിച്ച് ഒപ്പ് ശേഖരണങ്ങളും നടന്നിരുന്നു. അഴിമതിയുടെ കൂത്തരങ്ങായി മാറിയ വഖഫ് ബോഡിലെ നിയമനം പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചപ്പോഴും അതിനനെതിരില്‍ പള്ളി മിമ്പറുകളും ചര്‍ച്ചകളും സജീവമായിരുന്നു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിനെതിരെ പോലും ശക്തമായ ഖുതുബ കേട്ടതോര്‍ക്കുന്നു.

പൗരോഹിത്യ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള മത വ്യാഖ്യാനങ്ങളും ചര്‍ച്ചകളുമാണ് സമാദായത്തില്‍ നടക്കുന്നത്. അതില്‍ ഗൗരവമുള്ള പ്രശ്‌നങ്ങള്‍ പലതും ചര്‍ച്ചയാവാതെ പോവുന്നതും ഇല്ലാത്ത ഗൗരവം നല്‍കി ചില പ്രശ്‌നങ്ങളെ ഊതി വീര്‍പ്പിച്ച് വിശ്വാസികളെ പേടിപ്പിക്കുന്നതും സ്വാഭാവികം. ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന പേടിയാണ് പൗരോഹിത്യത്തിന്റെ ജീവവായു. നിര്‍ഭാഗ്യവശാല്‍ ഇങ്ങനെ പൗരോഹിത്യ താല്‍പര്യങ്ങള്‍ക്കന്യുസൃതമായിട്ടാണ് മത സംഘടനകള്‍ ഇന്നവരുടെ സംവിധാനം ചലിപ്പിക്കുന്നത്. നീതി ബോധവും കാരുണ്യവും മുഖ മുദ്രയാക്കിയ ഒരു മതത്തിന്റെ ലോക വീക്ഷണവും അത് സ്വന്തം ജീവിതത്തിലൂടെ നടപ്പിലാക്കിയ പ്രവാചക മാതൃകയും സമുദായത്തിന് പരിചയപ്പെടുത്തുന്നതില്‍ ഈ സംവിധാനങ്ങള്‍ പരാജയപ്പെടുകയാണ്.

സംഘപരിവാറും ഇസ്‌ലാമോഫോബിയയും ഒരു ഭീകര യാഥാര്‍ത്ഥ്യമായി നമ്മുടെ മുന്നിലുണ്ട്. അവര്‍ക്ക് ആയുധം നല്‍കുന്ന പണിയല്ല സമുദായം ഏറ്റെടുക്കേണ്ടത്. അതിന് സ്വാഭാവിക പ്രതിരോധമാവേണ്ട ഒരു സമുദായമാണ് ഇന്നാവശ്യം. കാരുണ്യവും സ്‌നേഹവും തിരിച്ചുപിടിക്കണം. സമുദായത്തിനകത്തും പുറത്തുമുള്ള എല്ലാ ന്യൂനപക്ഷങ്ങളോടും ഐക്യധാര്‍ഡ്യപ്പെടാനും ഈ മൂല്യങ്ങളുടെ ഗുണഭോക്താക്കളാവാന്‍ അവര്‍ക്കവസരം ഒരുക്കാനും കഴിയണം. അതിന് സാധിക്കാത്ത ഇന്നത്തെ സംവിധാനങ്ങള്‍ ഉടച്ചുവാര്‍ക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഇങ്ങനെയുള്ള കൊടും ക്രൂര സംഭവങ്ങളുടെ കൂടെ മുസ്‌ലിം പേരുകള്‍ നിരന്തരം കാണേണ്ടി വരും.

Content Highlight :Narieudheen’s  write up about Offenses repeating Muslim names