| Monday, 19th September 2022, 11:59 pm

കഥ കേള്‍ക്കാന്‍ വന്ന എന്നോട് മിഷ്‌കിന്‍ പറഞ്ഞത് ഞാന്‍ ഉദ്ദേശിച്ച നടന്‍ നിങ്ങളല്ലെന്നാണ്: നരേന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് ഡയറക്ടര്‍ മിഷ്‌കിന്റെ തുടരെയുള്ള മൂന്ന് സിനിമകളില്‍ അഭിനയിച്ച നടനാണ് നരേന്‍. കഥാപാത്രത്തിന് യോജിച്ച മുഖം അല്ലെന്ന് പറഞ്ഞ് മിഷ്‌കിന്‍ തന്നെ സിനിമയില്‍ നിന്ന് റിജക്ട് ചെയ്തിട്ടുണ്ടെന്ന് പറയുകയാണ് നരേന്‍. കാന്‍ചാനല്‍ മീഡിയയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മിഷ്‌കിന്‍ പലപ്പോഴും ടെറര്‍ ആണ്. പക്ഷേ എനിക്ക് അത് പുതുമയല്ലാത്തത് കൊണ്ട് കുഴപ്പമില്ല. ആല്ലാത്ത ഒരാള്‍ക്ക് പറ്റില്ല. റിജക്ട് ചെയ്യാന്‍ വളരെ എളുപ്പമാണ്, ഉള്‍കൊള്ളാനാണ് ബുദ്ധിമുട്ട്.

ഒരാള്‍ എന്തുകൊണ്ട് നമ്മളെ റിജക്ട് ചെയ്യുന്നു എന്ന് മനസിലാക്കാന്‍ പറ്റണം. സിനിമാറ്റോഗ്രഫിക്ക് പഠിക്കുമ്പോള്‍ എന്റെ ഒരു ഫ്രണ്ട് ദിവാകറിന്റെ ഷോര്‍ട്ട് ഫിലിമില്‍ ഞാന്‍ അഭിനയിച്ചിരുന്നു.

അവിടെ ഉള്ളവര്‍ക്ക് എല്ലാം അറിയാം എനിക്ക് അഭിനയിക്കാനാണ് ഇഷ്ടമാണെന്ന്, ടീച്ചര്‍മാരും കുട്ടികളും എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. വെറുതെ സീറ്റ് പാഴാക്കി നീ കാരണം വേറെ ഒരാളുടെ ഭാവി പോയി എന്നൊക്കെ പറഞ്ഞു.

നീ ആദ്യം ക്യാമറ നന്നാക്ക് എന്നിട്ട് ആകാം അഭിനയം എന്ന് പറഞ്ഞവര്‍ വരെ ഉണ്ടായിരുന്നു. അഭിനയിക്കണമെന്ന ആഗ്രഹം ഉള്ളിലുള്ളത് കൊണ്ട് എന്നെ അതൊന്നും ബാധിച്ചില്ല.

ദിവാകറിന്റെ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചത് കൊണ്ട് ദിവാകറും മിഷ്‌കിനും ഒന്നിച്ച് ഒരു സിനിമയില്‍ വന്നപ്പോള്‍ ദിവാകര്‍ മിഷ്‌കിനോട് എന്നെക്കുറിച്ച് പറഞ്ഞു. മിഷ്‌കിന്‍ പറഞ്ഞ കഥകേട്ടപ്പോള്‍ എനിക്ക് റിജക്ട് ചെയ്യാന്‍ പറ്റിയില്ല.

പക്ഷേ അദ്ദേഹം എന്നെ നോക്കി പറഞ്ഞത് ഞാന്‍ ഉദ്ദേശിച്ച നടന്‍ അല്ല നിങ്ങളെന്നായിരുന്നു. നിങ്ങള്‍ക്ക് സോഫ്റ്റ് മുഖമാണ്, സോഫ്റ്റ് നേച്ചറാണ്. എന്റെ കഥാപാത്രം അടിക്കാന്‍ നടക്കുന്ന ആളാണ് എന്നായിരുന്നു.

ഞാന്‍ ആ സമയത്ത് ക്ലീന്‍ ഷേവായിരുന്നു. താടിയും മുടിയും നീട്ടി വന്നാല്‍ ശരിയാവുമോ എന്ന് ഞാന്‍ ചോദിച്ചു. എന്നാലും ഒരു പരിധി ഇല്ലെയെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് മാസം കഴിഞ്ഞ് ഞാന്‍ താടിയും മുടിയും നീട്ടി കാണാന്‍ ചെന്നു, അപ്പോള്‍ മിഷ്‌കിന്‍ എന്നെ ഓടി വന്ന് കെട്ടിപ്പിടിച്ചു,’ നരേന്‍ പറഞ്ഞു.

അങ്ങനെയാണ് മിഷ്‌കിന്റെ ആദ്യ സിനിമയിലെത്തുന്നതെന്നും അറുപത് ദിവസത്തെ ഷൂട്ട് എന്ന് പറഞ്ഞിട്ട് ആറുമാസത്തോളം സിനിമയുടെ ഷൂട്ടിങ്ങ് നീണ്ടുവെന്നും നരേന്‍ പറഞ്ഞു.

‘ഇതുപോലെ ഞാന്‍ ഒരുപാട് സിനിമ മിസ് ചെയ്തിട്ടുണ്ട്. ആ സമയത്ത് ആരു വിളിക്കുമ്പോഴും ഞാന്‍ ഈ സിനിമയുടെ ലൊക്കേഷനിലാണ്. മലയാളം സിനിമ ചെയ്യുന്നില്ലേ എന്ന് പലരും ചോദിക്കാന്‍ വരെ തുടങ്ങി. പകുതി നിര്‍ത്തി വരാന്‍ എന്റെ മനസ്സ് അനുവദിക്കുന്നില്ലായിരുന്നു.

ഒമ്പത് മാസം കഴിഞ്ഞ് ലാസ്റ്റ് ഷെഡ്യൂളിന്റെ സമയത്ത് ഭാവന ഒരു പാട്ട് സീനിന് വേണ്ടി വന്നിരുന്നു. ഈ സിനിമ ഇതുവരെ കഴിഞ്ഞില്ലേ, ഞാന്‍ നാല് സിനിമ അതിനിടക്ക് അഭിനയിച്ചു .അതില്‍ ഒരു സിനിമ ഇറങ്ങുകയും ചെയ്തു എന്നും പറഞ്ഞ് അവള്‍ എന്നെ കളിയാക്കാന്‍ തുടങ്ങി.

അവസാനം ചിത്രം റിലീസായപ്പോള്‍ തിയറ്ററിലാകെ 50 ആള്‍ക്കാരെ ഉണ്ടായിരുന്നുള്ളു. എനിക്ക് ആകെ സങ്കടമായി. കണ്ണില്‍ നിന്ന് വെള്ളം വന്നു. പക്ഷേ പിന്നെ സിനിമ പെട്ടെന്ന് ചര്‍ച്ചയായി വീണ്ടും റീ റിലിസായി 125 ദിവസം തിയേറ്ററില്‍ ഓടിയ സിനിമയാണ് ചിത്തരം പേശുതടി,’ നരേന്‍ കൂട്ടിച്ചേര്‍ത്തു.

CONTEN HIGHLIGHTS: Narian says director Myshkin told me that we were not the actor I intended

We use cookies to give you the best possible experience. Learn more