ന്യൂദല്‍ഹി: ബി.ജെ.പിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബോളിവുഡ് താരം ജയാ ബച്ചനെ ആട്ടക്കാരിയെന്ന് വിളിച്ച് വിവാദത്തില്‍ അകപ്പെട്ട രാജ്യസഭാ എം.പി നരേഷ് അഗര്‍വാള്‍ ഒടുവില്‍ ഖേദപ്രകടനവുമായി രംഗത്ത്.
താന്‍ പറഞ്ഞ കാര്യം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് നരേഷിന്റെ വാദം. ആരേയും വേദനിപ്പിക്കണമെന്ന് കരുതി ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം രേഖപ്പെടുത്തുകയാണെന്നും നരേഷ് പറഞ്ഞു.” എന്റെ വാക്കുകള്‍ പിന്‍വലിക്കുന്നു. എന്റെ വാക്കുകളെ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. എല്ലാത്തിനും മാപ്പ്”- നരേഷ് അഗര്‍വാള്‍ പറയുന്നു.
ജയാബച്ചനെതിരായ പരാമര്‍ശം പിന്‍വലിച്ച് അഗര്‍വാള്‍ മാപ്പുപറയണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു. അഗര്‍വാളിന്റെ പ്രസ്താവന ഇന്ത്യയിലെ മൊത്തം സ്ത്രീകളെ അപമാനിക്കുന്നതാണെന്നും ബി.ജെ.പി യഥാര്‍ത്ഥത്തില്‍ സ്ത്രീകളെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ അഗര്‍വാളിനെതിരെ നടപടിയെടുക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടിരുന്നു.
Dont Miss നാണമില്ലാത്തവരേ, ഇവരാണ് ഇന്ത്യയുടെ അവകാശികള്‍, ഇവരെ നിങ്ങള്‍ കണ്ടിട്ടില്ലാ; നിങ്ങളുടെ ഉദ്ദേശം സാധാരണക്കാരന് മനസ്സിലാകുന്നുണ്ട്; കെ. സുരേന്ദ്രനെതിരെ സനല്‍ കുമാര്‍ ശശിധരന്‍
സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ജയാ ബച്ചനെതിരായ “ബോളിവുഡ് ആട്ടക്കാരി”യെന്ന പരാമര്‍ശമാണ് അഗര്‍വാളിനെ പ്രശ്‌നത്തിലാക്കിയത്. അഗര്‍വാളിന്റെ പാര്‍ട്ടി പ്രവേശനം പ്രഖ്യാപിക്കുന്നതിനായി റയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ വാര്‍ത്താസമ്മേളനം വിളിക്കുന്നതിനിടെയായിരുന്നു തനിക്ക് രാജ്യസഭാ ടിക്കറ്റ് നിഷേധിച്ചെന്നും അത് സിനിമകളില്‍ നൃത്തം ചെയ്തവള്‍ക്ക് നല്‍കിയെന്നും അഗര്‍വാള്‍ പറഞ്ഞത്.
തുടര്‍ന്ന് കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജും സ്മൃതി ഇറാനിയും വിമര്‍ശനവുമായി രംഗത്തെത്തി. അഗര്‍വാള്‍ ബി.ജെ.പിയിലേക്കു വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ജയാ ബച്ചനെക്കുറിച്ചുള്ള പരാമര്‍ശം അനുചിതവും അംഗീകരിക്കാനാവാത്തതുമാണെന്നും സുഷമ സ്വരാജ് പറഞ്ഞിരുന്നു.
തൊട്ടുപിന്നാലെ സ്മൃതി ഇറാനിയും വിമര്‍ശനവുമായി രംഗത്തെത്തി. സഞ്ജയ് നിരുപമിനെതിരായ എന്റെ കേസ് കോടതിയിലെത്തിയിട്ട് അഞ്ചുവര്‍ഷമായി. എന്നാല്‍ എന്റെ പോരാട്ടം മറ്റൊരു സ്ത്രീയെ അപമാനിക്കുന്നതിനുള്ള ഒഴിവുകഴിവല്ല.
സ്ത്രീകളിലൊരാള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കും. രാഷ്ട്രീയം പോലും കണക്കെടുക്കില്ല സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു. നരേഷ് അഗര്‍വാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലും വലിയ പ്രതിഷേധമാണ് അലയടിക്കുന്നത്.
ഏഴുതവണ ഉത്തര്‍പ്രദേശ് നിയമസഭയില്‍ എംഎല്‍എയും നിലവില്‍ സമാജ്വാദി പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എം.പിയുമാണു നരേഷ് അഗര്‍വാള്‍. ഇത്തവണ പക്ഷേ, അഗര്‍വാളിനു വീണ്ടും സീറ്റ് നല്‍കാതെ ജയ ബച്ചനെയാണ് സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയത്. രാജ്യസഭ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചു നരേഷ് അഗര്‍വാള്‍ ബി.ജെ.പിയില്‍ ചേരുകയായിരുന്നു.