| Thursday, 18th February 2021, 9:43 pm

'പഞ്ചാബില്‍ ബി.ജെ.പി തോല്‍ക്കാന്‍ കാരണം കര്‍ഷക സമരമല്ല'; തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പുതിയ കാരണവുമായി നരേന്ദ്രസിംഗ് തോമര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: പഞ്ചാബ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്‌ക്കേറ്റ കനത്ത പരാജയത്തിന് കാരണം കര്‍ഷക സമരമല്ലെന്ന് കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമര്‍. അസമിലെ ഗുവാഹത്തിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു തോമറുടെ പരാമര്‍ശം.

‘കര്‍ഷക സമരമാണ് പഞ്ചാബ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന രീതിയില്‍ നടക്കുന്ന പ്രചരണങ്ങള്‍ തികച്ചും വാസ്തവ വിരുദ്ധമാണ്. പഞ്ചാബില്‍ ഞങ്ങള്‍ അശക്തരാണെന്ന കാര്യം സമ്മതിക്കുന്നു. ശിരോമണി അകാലിദളുമായി സഖ്യം ചേര്‍ന്നാണ് മുമ്പ് വിജയിച്ചത്. എന്നാല്‍ ഇത്തവണ ബി.ജെ.പി ഒറ്റയ്ക്കാണ് മത്സരിച്ചത്. അതാണ് പരാജയത്തിന് കാരണം, തോമര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. അമ്പത് വോട്ടുപോലും തികയ്ക്കാതെയാണ് റാഹോണ്‍ മുന്‍സിപ്പല്‍ കൗണ്‍സിലിലെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റാഹോണിലെ 13 വാര്‍ഡുകളില്‍ കോണ്‍ഗ്രസിന് ഏഴും, ശിരോമണി അകാലിദളിന് നാലും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിക്ക് 2 ഉം സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ ഈ വാര്‍ഡുകളില്‍ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് അമ്പത് വോട്ടു പോലും തികയ്ക്കാനായില്ല.

റാഹോണില്‍ പാരാജയം ഭയന്ന് ബി.ജെ.പിയുടെ പല സ്ഥാനാര്‍ത്ഥികളും സ്വതന്ത്രരായി മത്സരിച്ചിരുന്നു. 53 വര്‍ഷത്തിന് ശേഷം ആദ്യമായി കോണ്‍ഗ്രസിന് ബതിന്ദ ഭരിക്കാനാകുമെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.

പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവെച്ചത്. ഏഴ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ആറെണ്ണത്തിലും കോണ്‍ഗ്രസാണ് വിജയിച്ചത്. മൊഗ, ഹോഷിയാര്‍പൂര്‍, കപൂര്‍ത്തല, അഭോര്‍, പത്താന്‍കോട്ട്, ബതിന്ദ എന്നിവിടങ്ങളിലാണ് വിജയം.

ആദ്യഘട്ട വോട്ടെണ്ണലില്‍ ബി.ജെ.പിക്ക് ചിത്രത്തില്‍ വരാന്‍ സാധിച്ചിട്ടുപോലുമില്ല എന്നാണ് റിപ്പോര്‍ട്ട്. ശിരോമണി അകാലി ദളിനും തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.എട്ട് മുനിസിപ്പല്‍ കോര്‍പറേഷനുകളും 109 മുനിസിപ്പല്‍ കൗണ്‍സിലുകളും ഉള്‍പ്പെടെ 117 തദ്ദേശ ഭരണസ്ഥാപനങ്ങളിലെ 2302 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മൊത്തം 9222 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

അതേസമയം സി.പി.ഐ മികച്ച പ്രകടനമാണ് തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചത്. മാനസ ജില്ലയിലെ ജോഗ പഞ്ചായത്തില്‍ സി.പി.ഐ പിന്തുണച്ച പതിമൂന്ന് സ്ഥാനാര്‍ത്ഥികളില്‍ പന്ത്രണ്ടും പേരും വിജയിച്ചു. 2015ല്‍ സി.പി.ഐക്ക് പതിമൂന്നില്‍ പന്ത്രണ്ട് സീറ്റായിരുന്നു ലഭിച്ചത്. ഇത് രണ്ടാം തവണയാണ് ജോഗയില്‍ സി.പി.ഐ നേട്ടമുണ്ടാക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Narendra Singh Tomar On Punjab Polls Failure

We use cookies to give you the best possible experience. Learn more