| Thursday, 25th February 2021, 5:16 pm

പന്ത്രണ്ട് തവണ കര്‍ഷകരുമായി ചര്‍ച്ച നടത്തി, ഇനിയും ചര്‍ച്ച നടത്താന്‍ തയ്യാറാണ്; നരേന്ദ്രസിംഗ് തോമര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം സമവായത്തിലെത്താത്തതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമര്‍. ഇതുവരെ 12 തവണ കര്‍ഷകരുമായി ചര്‍ച്ച നടത്തിയെന്നും ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും തോമര്‍ പറഞ്ഞു.

’12 തവണ കര്‍ഷകരുമായി ചര്‍ച്ച നടത്തി. കര്‍ഷകരുമായി ഏത് നിമിഷവും ചര്‍ച്ചയ്ക്ക് തയ്യാറാണ്. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്‍ഷിക നിയമത്തില്‍ ഇടപെടാന്‍ കഴിയില്ല. സുപ്രീംകോടതി നിയമിച്ച കമ്മിറ്റി ഇനിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല’, തോമര്‍ പറഞ്ഞു.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ എത്രയും പെട്ടെന്ന് പിന്‍വലിച്ചില്ലെങ്കില്‍ അടുത്തഘട്ടം പാര്‍ലമെന്റ് ഘരാവോ ആയിരിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രാജസ്ഥാനിലെ ശികാറില്‍ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തിനിടെയായിരുന്നു ടികായത്തിന്റെ പരാമര്‍ശം.

കര്‍ഷകര്‍ എപ്പോഴും സജ്ജരായിരിക്കണമെന്നും ഏത് നിമിഷവും ‘ദല്‍ഹി മാര്‍ച്ച്’ ആഹ്വാനം ചെയ്യുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇന്ത്യാഗേറ്റിന് സമീപത്തുള്ള പ്രദേശം കര്‍ഷകര്‍ ഉഴുതുമറിച്ച് കൃഷിയിറക്കുമെന്നും വിളവെടുക്കുമെന്നും ടികായത് പറഞ്ഞു. പാര്‍ലമെന്റിലേക്കുള്ള മാര്‍ച്ചിന്റെ തീയതി ഉടന്‍ തന്നെ കര്‍ഷകരെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ മാര്‍ച്ചിനിടെ നടന്ന സംഘര്‍ഷങ്ങള്‍ ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നും ടികായത് പറഞ്ഞു.

രാജ്യത്തെ ത്രിവര്‍ണ്ണ പതാകയെ ബഹുമാനിക്കുന്നവരാണ് കര്‍ഷകരെന്നും എന്നാല്‍ രാജ്യത്തെ നേതാക്കള്‍ അതിന് തയ്യാറാവാത്തതാണ് റിപ്പബ്ലിക് ദിന സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Narendra Singh Tomar On Farmers Protest

We use cookies to give you the best possible experience. Learn more