Advertisement
national news
നാട്ടുകാര്‍ ആക്രമിക്കുമോയെന്ന് ഭയം: നരേന്ദ്ര മോദിയുടെ രൂപസാദൃശ്യമുള്ള അഭിനന്ദന്‍ പതക് ബി.ജെ.പി വിട്ടു; അടുത്ത തട്ടകം കോണ്‍ഗ്രസെന്ന് സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 05, 02:48 pm
Friday, 5th October 2018, 8:18 pm

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപസാദൃശ്യത്തിന്റെ പേരില്‍ ശ്രദ്ധ നേടിയ അഭിനന്ദന്‍ പതക് ബി.ജെ.പി വിട്ടു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രചാരണം നടത്തുമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ മോശമാണെന്നും നരേന്ദ്ര മോദിയുടെ രൂപസാദൃശ്യം കാരണം നാട്ടുകാര്‍ തന്നെ ആക്രമിക്കുമോയെന്ന് ഭയമുണ്ടെന്നും പതക് പറഞ്ഞു. യു.പി കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജ് ജബ്ബാറിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പതക്.


“എന്നെ കാണുമ്പോള്‍ എപ്പോഴാണ് ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം വരുന്നത് എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ എത്തുന്നതിന് മുമ്പ് നല്‍കിയ വാഗ്ദാനം വിശ്വസിച്ചവരാണ് ഈ ചോദ്യമുയര്‍ത്തുന്നത്.

ബി.ജെ.പിയുടേയും മോദിയുടേയും പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരായ ആളുകള്‍ തന്നോട് അച്ഛാ ദിന്‍ എന്ന് വരും എന്ന് നിരന്തരം ചോദിക്കുന്നുണ്ട്. മോദിയെ ഞാനും ആരാധിക്കുന്നു. എന്നാല്‍ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. അതിനാല്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രചാരണം നടത്താന്‍ ഞാന്‍ തീരുമാനിച്ചു”.


ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂര്‍ സ്വദേശിയായ പതക്കിന്റെ മോദിയുമായുള്ള രൂപസാദൃശ്യം ബി.ജെ.പി പലതവണ ഉപയോഗിച്ചിരുന്നു. 2015ലെ ദല്‍ഹി തിരഞ്ഞെടുപ്പിലും 2017ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലും മോദിയുടെ റാലിയിലെ പ്രധാന ആകര്‍ഷണമായിരുന്നു പതക്.