ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ റാലി മാറ്റിവെച്ചു. ശബരിമലയില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ സംസ്ഥാനത്ത് സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
“മറ്റ് ചില കാരണങ്ങളാല്‍ ജനുവരി 6 ന് നടത്തുമെന്നറിയിച്ച പ്രധാനമന്ത്രിയുടെ പത്തനംതിട്ട സന്ദര്‍ശനം മാറ്റിവെച്ചിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നും ചെയ്യാനില്ലെങ്കിലും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.”- ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ദക്ഷിണേന്ത്യയിലെ മോദിയുടെ ഈ വര്‍ഷത്തെ ആദ്യ റാലിയായിരുന്നു പത്തനംതിട്ടയിലേത്. ശബരിമല വിഷയം മുന്‍നിര്‍ത്തി ലോക്‌സഭാ തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനാണ് ബി.ജെ.പി റാലി കൊണ്ട് ലക്ഷ്യമിടുന്നത്.
ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നാലെ സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് വലിയ സംഘര്‍ഷമാണ് സംസ്ഥാനത്തുണ്ടായത്. ഇന്നലത്തെ ഹര്‍ത്താലിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 1718 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകിട്ട് വരെയുളള കണക്കനുസരിച്ച് 1108 കേസുകളിലായാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.
WATCH THIS VIDEO: