അഹമ്മദാബാദ്: ആധാര്‍ കാരണം ജനങ്ങളുടെ റേഷന്‍ മുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദി. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചതിനുശേഷം സോഫ്റ്റ് വെയറില്‍ നിരന്തരം പ്രശ്‌നമാണെന്നും ഇദ്ദേഹം പറയുന്നു.
ഗുജറാത്ത് ഫെയര്‍ പ്രൈസ് ഷോപ് ഓണേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് പ്രഹ്ലാദ് മോദി. 2016ലാണ് റേഷന്‍കടകള്‍ വഴി കുറഞ്ഞ വിലക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്ന പദ്ധിതയായ മാ അന്നപൂര്‍ണ യോജന ഗുജറാത്ത് സര്‍ക്കാര്‍ ആരംഭിച്ചത്. ഈ കടകള്‍ കേന്ദ്ര ഡേറ്റാ ബേസ് സംവിധാനവുമായി ബന്ധപ്പെടുത്തിയിരിക്കുകയായിരുന്നു.
ഡാറ്റാ ബേസില്‍ ആളുകള്‍ ആധാര്‍ വിവരങ്ങള്‍ നല്‍കുകയും വിരലടയാളം പതിപ്പിക്കുകയും ചെയ്താല്‍ മാത്രമേ സാധനങ്ങള്‍ ലഭിക്കുകയുള്ളു. ചില കടകളില്‍ ഈ സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് പ്രഹ്ലാദ് പറയുന്നു. അതുകൊണ്ട് ആളുകള്‍ക്ക് വെറുംകയ്യോടെ മടങ്ങേണ്ടി വരുന്നുവെന്നും പ്രഹ്ലാദ് കൂട്ടിച്ചേര്‍ത്തു.
ചില സമയം വിരലടയാളം വെരിഫൈ ചെയ്യില്ലെന്നും ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ റീഡ് ചെയ്യുന്നില്ലെന്നും പ്രഹ്ലാദ് മോദി തന്നെ സാക്ഷ്യപ്പെടുത്തുന്നു. എത്രയും വേഗം ഇത് പരിഹരിക്കണമെന്നും അല്ലാത്തപക്ഷം കടയുടമകള്‍ പഴയ രീതിയിലേക്ക് മടങ്ങിപ്പോകണമെന്നും പ്രഹ്ലാദ് ആവശ്യപ്പെട്ടു.
ഇന്നലെ ഇക്കാര്യം സൂചിപ്പിച്ച് സിവില്‍ സപ്ലെസ് വകുപ്പ് അധികൃതരുമായി പ്രഹ്ലാദ് ചര്‍ച്ച നടത്തിയിരുന്നു.