ഹൈദരാബാദ്: മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് തെലുകു ദേശം പാര്‍ട്ടിയുടെ കത്ത്. പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം ഔദ്യോഗികമാണെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും കാണിച്ചാണ് കത്ത്.
പ്രധാനമന്ത്രി ബദ്രിനാഥ്, കേദാര്‍നാഥ് എന്നിവിടങ്ങളില്‍ ഔദ്യോഗികമായി സഞ്ചരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യ പ്രവര്‍ത്തികളെല്ലാം പരസ്യമാക്കുകയും തുടര്‍ച്ചയായി സംപ്രേഷണം ചെയ്യുകയും ചെയ്യുന്നു. ഇത് വ്യക്തമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. എന്നാണ് ടി.ഡി.പി തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ പറയുന്നത്.
പ്രധാനമന്ത്രിയുടെ കേദാര്‍നാഥ് സന്ദര്‍ശനം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
അവസാനഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം മെയ് 17 ന് വൈകീട്ട് ആറിന് അവസാനിച്ചതാണ്. അതിനുശേഷം മോദി നടത്തിയ കേദാര്‍നാഥ് യാത്രയ്ക്ക് ടെലിവിഷന്‍ ചാനലുകളും ദേശീയ – പ്രാദേശിക മാധ്യമങ്ങളും വളരെയധികം പ്രാധാന്യം നല്‍കി. വോട്ടെടുപ്പ് ദിവസത്തിലടക്കം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു മോദിയുടെ ഓരോ നീക്കങ്ങളുമെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തില്‍ പറയുന്നത്.
കേദാര്‍നാഥ് ക്ഷേത്ര വികസനത്തിനുള്ള മാസ്റ്റര്‍പ്ലാന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറെക് ഒബ്രിയാന്‍ ചൂണ്ടിക്കാട്ടി. പൊതുജനങ്ങളോടും മാധ്യമങ്ങളോടും മോദി സംസാരിക്കുകയും ചെയ്തു. ഇതെല്ലാം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്‌നമായ ലംഘനമാണെന്ന് കത്തില്‍ പറയുന്നുണ്ട്.
ഞായാറാഴ്ച നടക്കാനിരിക്കുന്ന അന്തിമ ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ പരിപാടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം പുലര്‍ച്ചയോടെയാണ് പ്രധാനമന്ത്രി ജോളിഗ്രാന്തി എയര്‍പോര്‍ട്ടിലെത്തിയത്.
വിമാനത്താവളത്തില്‍ നിന്ന് നേരെ ക്ഷേത്രത്തിലെത്തിയ മോദി അവിടെ പൂജകള്‍ നടത്തി. കേദാര്‍നാഥിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. ഇത് നാലാം തവണയാണ് മോദി കേദാര്‍നാഥ് സന്ദര്‍ശനം നടത്തുന്നത്.
കേദാര്‍നാഥിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി നാളെ പുലര്‍ച്ചയോടെയാകും അദ്ദേഹം ബദ്രിനാഥിലേക്ക് തിരിക്കുക. ഞായാറാഴ്ച രാത്രിയോടെ തന്നെ തിരികെ ദല്‍ഹിയിലെത്തുകയും ചെയ്യും. പ്രധാനമന്ത്രിയുടെ വരവിനോടനുബന്ധിച്ച് ഇരുക്ഷേത്രങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.