നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ല, ഇന്ത്യാ സഖ്യം വന്‍ വിജയം നേടും: രാഹുല്‍ ഗാന്ധി
India
നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ല, ഇന്ത്യാ സഖ്യം വന്‍ വിജയം നേടും: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th May 2024, 3:26 pm

കനൗജ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി ഇനി പ്രധാന മന്ത്രിയാകില്ലെന്നു പറഞ്ഞ രാഹുല്‍ ഗാന്ധി, ഇന്ത്യാ സഖ്യത്തിന്റെ ഏറ്റവും വലിയ വിജയം ഉത്തര്‍പ്രദേശിലായിരിക്കുമെന്നും പറഞ്ഞു. കനൗജില്‍ നടന്ന ഇന്ത്യാ സഖ്യത്തിന്റെ തെരെഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവാണ് കനൗജിലെ ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി.ഉത്തര്‍പ്രദേശില്‍ ഇന്ത്യാ സഖ്യത്തിനൊപ്പമാണ് സമാജ്‌വാദി പാര്‍ട്ടി.

‘രാജ്യത്തെ മാറ്റം ഉത്തര്‍പ്രദേശിലൂടെ ആയിരിക്കും, മോദി അദാനിയെയും അംബാനിയെയും വിളിച്ച് രക്ഷിക്കണമെന്ന് പറയുകയാണ്, തോല്‍ക്കുമെന്ന ഭയമാണ് മോദിക്ക്, അതിനായി ജനങ്ങളുടെ ശ്രദ്ധ തിരിപ്പിക്കാനുള്ള നടപടികളില്‍ വ്യാപൃതനാകുകയാണ് അദ്ദേഹം,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

‘കോണ്‍ഗ്രസ് രാജ്യത്തെ മുന്‍നിര വ്യവസായികളുടെ പക്കല്‍ നിന്നും പണം സ്വീകരിച്ചെന്നാണ് ബി.ജെ.പി പറഞ്ഞത്. ടെമ്പോയില്‍ കോണ്‍ഗ്രസിന് പണം വന്നെന്നു പറഞ്ഞു. എന്നാല്‍ ആരാണ് യഥാര്‍ത്ഥത്തില്‍ പണം കൈപറ്റിയതെന്ന് ജനങ്ങള്‍ക്കറിയാം. അദാനി പണം അയക്കുന്നത് എങ്ങനെയാണെന്ന് മോദിക്കറിയാം. കാരണം അദ്ദേഹത്തിന് ടെമ്പോയുമായി നല്ല ബന്ധമുണ്ട്. നിങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ മോദി പലതും പറയും, എന്നാല്‍ നിങ്ങള്‍ ശ്രദ്ധാലുക്കളായിരിക്കണം,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യവസായികള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്, രഹസ്യ ഇടപാടുകളിലൂടെയാണ് അദ്ദേഹം പണം സ്വീകരിക്കുന്നത്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് വിഷയമല്ല. നരേന്ദ്ര മോദിക്ക് ഇനി അധികാരം കിട്ടരുതെന്നും, കിട്ടിയാല്‍ അവര്‍ ഭരണഘടന തന്നെ ഇല്ലാതാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Content Highlight: Narendra Modi will no longer be the Prime Minister: Rahul Gandhi