പ്രധാനമന്ത്രി നാളെ കേരളത്തില്‍; മാര്‍ ജോര്‍ജ് ആലഞ്ചേരിയുള്‍പ്പെടെ എട്ട് ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച
കൊച്ചി: കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. കൊച്ചിയില്‍ തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ എട്ട് മത മേലധ്യക്ഷന്മാര്‍ പങ്കെടുക്കും. കൊച്ചിയിലെ താജ് വിവാന്ത ഹോട്ടലിലാകും കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്.
ജോസഫ് മാര്‍ ഗ്രിഗോറിയസ് (യാക്കോബായ സഭ), മാര്‍ ജോര്‍ജ് ആലഞ്ചേരി (സീറോ മലബാര്‍ സഭ), ബസേലിയസ് മാര്‍ത്തോമ്മ മാത്യൂസ് ത്രിതീയന്‍ കാത്തോലിക്ക (ഓര്‍ത്തഡോക്‌സ് സഭ), കര്‍ദിനാള്‍ മാര്‍ ക്ലീമിസ് (സീറോ മലങ്കര സഭ), മാര്‍ മാത്യു മൂലക്കാട്ട് (ക്‌നാനായ കത്തോലിക്ക സഭ, കോട്ടയം), മാര്‍ ഔജിന്‍ കുര്യാക്കോസ് (കല്‍ദായ സുറിയാനി സഭ), ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് കളത്തിപ്പറമ്പില്‍ (ലത്തീന്‍ സഭ), കുര്യാക്കോസ് മാര്‍ സെവേറിയൂസ് (ക്‌നാനായ സിറിയന്‍ സഭ, ചിങ്ങവനം) എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നത്.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണന്റെ അധ്യക്ഷതയിലാകും കൂടിക്കാഴ്ച നടക്കുക. കൊച്ചിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം 2023 എന്ന പരിപാടിക്ക് ശേഷമായിരിക്കും കൂടിക്കാഴ്ച നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ കുറേ നാളുകളായി കേരളത്തിലെ ക്രൈസ്തവ സമൂഹത്തില്‍ സ്വാധീനമുണ്ടാക്കാന്‍ ബി.ജെ.പി ശ്രമം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി ഈസ്റ്ററിനോട് അനുബന്ധിച്ച് ബി.ജെ.പി നേതാക്കള്‍ മതമേലധ്യക്ഷന്മാരെ കാണുകയും ക്രൈസ്തവ വീടുകളിലെത്തി ആശംസകള്‍ നേരുകയും ചെയ്തിരുന്നു. ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ മലയാറ്റൂര്‍ മല കയറ്റവും ചര്‍ച്ചയായിരുന്നു.
ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നരേന്ദ്ര മോദിയോടുള്ള സമീപനത്തില്‍ മാറ്റം വരുത്താനും പ്രതിച്ഛായ വര്‍ധിപ്പിക്കാനുമായി ‘നന്ദി മോദി’ ക്യാമ്പയിനും സംസ്ഥാന നേതൃത്വം നേരത്തെ തുടക്കമിട്ടിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ മോദി ദല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്ത്രീഡല്‍ സന്ദര്‍ശിച്ചതും ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ തന്റെ പ്രതിഛായ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു.
ക്രൈസ്തവര്‍ക്ക് ഇന്ത്യയില്‍ അരക്ഷിതാവസ്ഥയില്ലെന്ന് നേരത്തെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബി.ജെ.പിക്ക് സമ്പൂര്‍ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, ഓര്‍ത്തഡോക്സ് സഭ മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എന്നിവരും ബി.ജെ.പി അനുകൂല നിലപാടുകളുമായി രംഗത്തെത്തിയിരുന്നു.
ക്രൈസ്തവ മത നേതാക്കളുടെ നിലപാടുകള്‍ക്കെതിരെ വിശ്വാസി സമൂഹത്തില്‍ നിന്ന് തന്നെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
Content Highlights: narendra modi will meet christian religious leaders