സിനിമയ്ക്ക് പിന്നാലെ മോദിയുടെ വെബ്ബ് സീരിസിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്
മുംബൈ: സിനിമയ്ക്ക് പിന്നാലെ മോദിയുടെ ജീവിത കഥ പറയുന്ന വെബ്ബ് സീരിസും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. ”മോദി: ജേണി ഓഫ് എ കോമണ്‍ മാന്‍” എന്ന് പേരിട്ട വെബ്ബ് സീരിസാണ് വിലക്കിയത്.
സംപ്രേഷണം ചെയ്ത ഭാഗങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉമേഷ് ശുക്ലയാണ് പത്തു ഭാഗങ്ങളുള്ള വെബ്ബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. ഇതിനോടകം അഞ്ച് ഭാഗങ്ങള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്.
നരേന്ദ്രമോദിയുടെ കുട്ടിക്കാലം മുതല്‍ പ്രധാനമന്ത്രി പദം വരെയുള്ള ജീവിതം ചിത്രീകരിക്കുന്നതാണ് പരമ്പര. പരമ്പരയുടെ തിരക്കഥ എഴുതിയിരിക്കുന്നത് സെന്‍സര്‍ ബോര്‍ഡ് അംഗമായ മിഹിര്‍ ഭൂട്ടായും രാധിക ആനന്ദും ചേര്‍ന്നാണ്.|
ഫൈസല്‍ ഖാന്‍, ആഷിഷ് ശര്‍മ, മഹേഷ് ഠാക്കൂര്‍ എന്നിവരാണ് സിനിമയില്‍ പല കാലങ്ങളിലുള്ള മോദിയുടെ വേഷമിടുന്നത്. ”ഇറോസ് നൗ” ആണ് സീരിസിന്റെ നിര്‍മ്മാണം
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വെബ് പരമ്പരയ്ക്കു ബാധകമാണോ എന്നറിയില്ലെന്ന് നേരത്തെ സംവിധായകന്‍ ഉമേഷ് ശുക്ല പറഞ്ഞിരുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ ജീവിതം പ്രമേയമാക്കി എന്ന അവകാശവാദത്തോടെ പുറത്തിറക്കുന്ന പി.എം നരേന്ദ്രമോദിയെന്ന ചിത്രത്തിന്റെ റിലീസും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കഴിയുംവരെ സിനിമ റിലീസ് ചെയ്യരുതെന്നാണ് കമ്മീഷന്‍ നിര്‍ദേശിച്ചത്.
നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് വരെയുള്ള കാര്യങ്ങളാണ് പ്രതിപാദിക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. നടന്‍ വിവേക് ഒബറോയ് ആണ് ചിത്രത്തിലെ നായകന്‍.
Doolnews video