ന്യൂദല്‍ഹി: ആഗസ്ത് മാസം നടക്കാനിരിക്കുന്ന ഭാരത് ബന്ദിന്റെ രണ്ടാം ഘട്ടം കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി സംഘാടകര്‍. ഏപ്രിലിലെ പ്രതിഷേധറാലിയില്‍ നിന്നും വ്യത്യസ്തമായി ദളിതര്‍ക്കൊപ്പം കര്‍ഷകസംഘടനകളും ഏകീകൃത പെന്‍ഷനുവേണ്ടി വാദിക്കുന്നവരും അണിനിരക്കുന്നതായിരിക്കും രണ്ടാം ഘട്ടമെന്ന് സംഘാടകര്‍ മാധ്യമങ്ങളെ അറിയിച്ചു.
എസ്.സി/എസ്.ടി ആക്ട് ഭേദഗതി ചെയ്യാനുള്ള സുപ്രീം കോടതിയുടെ നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു കഴിഞ്ഞ ഏപ്രില്‍ രണ്ടിനു വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ഭാരത് ബന്ദ് നടത്തിയത്.
“രാജ്യത്താദ്യമായി ദളിതരും കര്‍ഷകരും വിമുക്തഭടന്മാരും ചേര്‍ന്ന് നടത്തുന്ന പ്രതിഷേധപ്രകടത്തിനാണ് കളമൊരുങ്ങുന്നത്. നിലവിലെ വ്യവസ്ഥിതിക്കെതിരെയുള്ള രോഷം പ്രകടിപ്പിക്കാനായി എല്ലാവരും ഒരുമിച്ചുചേരുകയാണ്. പാര്‍ലമെന്റിന് സ്വന്തം ഉത്തരവാദിത്തെക്കുറിച്ച് ബോധ്യം വരുത്തുക എന്നതാണ് ലക്ഷ്യം. ഞങ്ങളുടെ ശബ്ദവും പാര്‍ലമെന്റില്‍ കേള്‍ക്കണം. ഞങ്ങളുടെ പ്രശ്‌നങ്ങളും അവിടെ ചര്‍ച്ചയാകണം.” ഏപ്രിലിലെ പ്രതിഷേധത്തിന്റെ മുഖ്യസംഘാടകരായ നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ദളിത് ഓര്‍ഗനൈസേഷന്റെ മുന്‍ ചെയര്‍മാനായ അശോക് ഭാരതി പറയുന്നു.
മഹാരാഷ്ട്രയില്‍ നിശ്ശബ്ദ പ്രതിഷേധറാലി സംഘടിപ്പിച്ച് ശ്രദ്ധ നേടിയ ഓള്‍ ഇന്ത്യാ കിസാന്‍ സഭയും, ഏകീകൃത പെന്‍ഷന്‍ സ്‌കീമിനായി പോരാടിയ വിമുക്തഭടന്മാരുടെ സംഘടനയായ എക്‌സ് സര്‍വ്വീസ്‌മെന്‍ മൂവ്‌മെന്റും ആഗസ്തിലെ പ്രതിഷേധത്തില്‍ പങ്കുചേരും.
“കര്‍ഷകരും സൈനികരും മാത്രമല്ല, സമൂഹത്തിലെ മറ്റു പല ശ്രേണികളില്‍പ്പെട്ടവരും സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാനുള്ള അവസരം തേടുകയാണ്. വിദ്യാര്‍ത്ഥികളും കച്ചവടക്കാരും അവരില്‍ ചിലരാണ്. അത്തരമാളുകളും ഇത്തവണ ഞങ്ങളോടൊപ്പം ചേരുമെന്ന പ്രതീക്ഷയുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ നീക്കമുണ്ട്.” ഭാരതി പറയുന്നു.
ദളിത് പ്രക്ഷോഭങ്ങള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും പ്രതിഷേധക്കാര്‍ക്കെതിരെയുള്ള കെട്ടിച്ചമച്ച കേസുകള്‍ക്കും പുറമെ, ആഗസ്തിലെ പ്രതിഷേധത്തിന് ആക്കം കൂട്ടുന്ന ചിലതുണ്ടെന്ന് ഭാരതി പറയുന്നു.
“കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന സാമൂഹികമായ അടിച്ചമര്‍ത്തല്‍ തന്നെയാണ് ഒന്നാമത്തെ കാരണം. രണ്ടാമതായി, ഞങ്ങള്‍ രാഷ്ട്രീയമായി ബഹിഷ്‌കരിക്കപ്പെട്ടവരാണ്. മാത്രമല്ല, രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ഞങ്ങള്‍ക്ക് വലിയ പങ്കില്ല. നാലാമതായി, ഞങ്ങളുടെ സംസ്‌കാരത്തിനു മേലുള്ള അതിക്രമമാണ്.” ഭാരതി കൂട്ടിച്ചേര്‍ത്തു.
എസ്.സി/എസ്.ടി ആക്ട് പ്രകാരം ക്രിമിനല്‍ കേസുകള്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്യുന്ന പതിവ് നിര്‍ത്തലാക്കണമെന്ന സുപ്രീം കോടതി പരാമര്‍ശം മാര്‍ച്ച് 20നായിരുന്നു പുറത്തു വന്നത്. ആക്ടിനെ ദുര്‍ബലമാക്കുന്ന നീക്കമെന്ന ആരോപണത്തെത്തുടര്‍ന്ന് ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.