| Tuesday, 2nd January 2024, 11:24 am

മോദിക്ക് വേണ്ടിയാണെങ്കില്‍ ശിവന്റെ ജടയും ആചാരലംഘനവുമൊന്നും വിഷയമല്ല; തേക്കിന്‍കാട്ടില്‍ വെട്ടിമാറ്റുന്നത് വന്‍മരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തിന് ചുറ്റുമുള്ള പടുകൂറ്റന്‍ വൃക്ഷങ്ങളും ശിഖരങ്ങളും വെട്ടിമാറ്റി.

ബി.ജെ.പിയുടെ മഹിളാ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ബുധനാഴ്ച ഉച്ചക്ക് മൂന്നിനാണ് നരേന്ദ്രമോദി തൃശൂരിലെത്തുന്നത്. മോദിക്ക് സുരക്ഷയൊരുക്കുന്നതിന്റെ പേരിലാണ് കാലങ്ങളായി നിന്ന മരങ്ങള്‍ കൂട്ടത്തോടെ മുറിച്ചുമാറ്റുന്നത്. നായ്ക്കനാല്‍ ജങ്ഷനിലുള്ള ആലിന്റെ പ്രധാന ഭാഗങ്ങള്‍ ഇതിനോടകം വെട്ടി മാറ്റി കഴിഞ്ഞു.

പതിറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് ഇവിടുത്തെ ഓരോ മരങ്ങളും. സ്വരാജ് റൗണ്ടിനോട് ചേര്‍ന്ന വൃക്ഷങ്ങളും ശിഖരങ്ങളും സുരക്ഷയുടെ പേരില്‍ നിലവില്‍ മുറിച്ചുമാറ്റിക്കൊണ്ടിരിക്കുകയാണ്. വേദിയുടെ എല്ലാ ഭാഗവും കെട്ടി മറച്ചതിനുശേഷമാണ് വൃക്ഷങ്ങള്‍ വെട്ടിമാറ്റുന്നത്. മരം മുറിക്കുന്നത് കനത്ത പൊലീസ് കാവലിലാണ്.

തേക്കിന്‍കാട് മൈതാനത്തെ മണികണ്ഠനാല്‍, നടുവിലാല്‍, നായ്ക്കനാല്‍, വടക്കുന്നാഥ ക്ഷേത്രത്തിനുമുന്നിലെ ആല്‍ എന്നിവയാണ് പ്രധാനപ്പെട്ടത്. ഈ ഓരോ മരങ്ങളും തൃശൂരിന്റെ പൈതൃക സൗന്ദര്യത്തിന്റെ അടയാളമാണ്. അതുപോലെ നിരവധി പക്ഷികളുടെയും ആവാസകേന്ദ്രം കൂടിയാണിത്.

നേരത്തെയും ചില സമ്മേളനങ്ങള്‍ നടത്തുമ്പോള്‍, സുരക്ഷ കണക്കിലെടുത്ത് മരങ്ങളുടെ ചില്ലകള്‍ മുറിച്ചു മാറ്റിയിട്ടുണ്ട്. എന്നാല്‍ അന്നക്കെ മരം മുറിക്കുന്നതിനെതിരെ ബി.ജെ.പി പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.

തേക്കിന്‍കാട് മൈതാനത്തെ വൃക്ഷങ്ങള്‍ ശിവന്റെ ജടയാണെന്നും അത് മുറിച്ചുമാറ്റുന്നത് ആചാരലംഘനമാണ് എന്നാണ് സംഘപരിവാര്‍ പറഞ്ഞിരുന്നത്. ഇതിന്റെപേരില്‍ പ്രതിഷേധങ്ങള്‍ കൂടാതെ കോടതിയെയും സമീപിച്ചിരുന്നു.

Content Highlight: Narendra Modi Visit Tree Cutting on Trichur Thekkinkadu Controversy

We use cookies to give you the best possible experience. Learn more